Saturday, 3 December 2016

മന്‍ക്വൂസ്‌ മൗലിദ്‌ ലെ ശിര്‍ക്ക്



മങ്കൂസ്‌ മൗലിദിലെ സഹായാര്‍ഥന


റബീഉല്‍ അവ്വലില്‍ പ്രത്യേകമായും വിദേശയാത്ര, ആണ്‍കുട്ടികളുടെ സുന്നത്ത്‌ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലും ഓതിവരുന്ന ഗദ്യപദ്യ സമ്മിശ്രമായ രചനയാണ്‌ മന്‍ക്വൂസ്‌ മൗലിദ്‌. സുന്ദരമായ കവിതയും ഒപ്പം പ്രവാചകനോട്‌ ചില സഹായത്തേട്ടങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്‌. ആ സഹായത്തേട്ടങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു മനോഹരമായ പ്രവാചക പ്രകീര്‍ത്തനമാകുമായിരുന്നു ഇത്‌. 

കാവ്യഭംഗിക്കുള്ള ഉദാഹരണം.
“അന്‍ത തത്‌ലഉ ബൈനനാ
ഫില്‍ കവാകിബി കല്‍ബുദൂര്‍
ബല്‍ വഅശ്‌റഫു മിന്‍ഹു യാ
സയ്യിദീ ഖൈറന്നബി”
(താരകക്കൂട്ടങ്ങളില്‍
പൊന്നമ്പിളിയെന്നപോല്‍
ഉദയംകൊണ്ടൂ
അവിടുന്നതിലുപരിയായി
ഞങ്ങളില്‍)
അന്‍തമിസ്‌ബാഹുസ്സുദൂരി – താങ്കള്‍ ഞങ്ങളുടെ ഹൃദയത്തിലെ വിളക്കാണ്‌ തുടങ്ങിയ അഴകാര്‍ന്ന വരികള്‍ ധാരാളമുണ്ട്‌. 

അതിന്നിടയില്‍ അവിടുത്തോട്‌ നേരിട്ടുള്ള സഹായാര്‍ഥനകളുമുണ്ട്‌.
“അശ്‌ശഫാഅത്ത ഹബ്‌ലനാ
ഫില്‍ക്വിയാമത്തി മുശ്‌ഫിക്വന്‍
വാഹ്‌ലനാ ഇന്‍ ളാ അ യാ
സയ്യിദീ ഖൈറന്നബീ
പ്രവാചക ശ്രേഷ്‌ഠരേ അന്ത്യനാളില്‍ അങ്ങ്‌ ഞങ്ങളുടെ മേല്‍ കനിഞ്ഞ്‌ താങ്കള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശ ചെയ്യേണമേ. അത്‌ നഷ്‌ടപ്പെട്ടാല്‍ ഞങ്ങളുടെ ദുഃഖം മഹാഭയാനകം തന്നെ.
പ്രവാചകന്ന്‌ അല്ലാഹു ശുപാര്‍ശക്ക്‌ അനുമതി കൊടുക്കുമെങ്കിലും അതിന്ന്‌ അദ്ദേഹത്തോട്‌ ഈ ലോകത്തുവെച്ച്‌ അപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ മുസ്‌ല്യാക്കള്‍ ചോദിക്കാറ്‌ ദുനിയാവിലെ ശിര്‍ക്ക്‌ പരലോകത്ത്‌ തൗഹീദാകുമോ എന്നാണ്‌. പരലോകത്തുവെച്ച്‌ ജനങ്ങളും നബി (സ്വ) യും തമ്മില്‍ കണ്ടുമുട്ടും. ജനങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യും. ആ സാഹചര്യത്തോട്‌ ഒരു നിലക്കും തുല്യമല്ലല്ലോ മരണപ്പെട്ട നബിയോട്‌ ഈ ലോകത്തുവെച്ചുള്ള തേട്ടം.
ഇര്‍തകബ്‌തു അലല്‍ ഖത്വാഅ്‌
ഗൈറ അസ്‌രിന്‍ വഅദദ്‌
ലക അശ്‌കൂ ഫീഹി യാ
സയ്യിദീ ഖൈറന്നബീ
- ഞാന്‍ കണക്കില്ലാത്ത തെറ്റു ചെയ്‌തു. ആയതിന്ന്‌ ഞാന്‍ അങ്ങയോട്‌ അന്യായം ബോധിപ്പിക്കുന്നു.
തെറ്റു ചെയ്‌താല്‍ അതിന്റെ പരിഹാരത്തിന്ന്‌ നിങ്ങള്‍ എന്നോട്‌അപേക്ഷിക്കുക എന്നുപദേശിച്ചുകൊണ്ടല്ല നബി (സ്വ) വിട പറഞ്ഞത്‌. അത്തരം സംസ്‌കാരം അവിടുന്ന്‌ പ്രചരിപ്പിച്ചിട്ടില്ല. എന്നാല്‍ പാപമോചനത്തിന്ന്‌ റസൂലിനോട്‌ തേടാന്‍ ക്വുര്‍ആനിന്റെ കല്‍പനയുണ്ട്‌ എന്ന്‌ സ്ഥാപിക്കാന്‍ സമസ്‌ത പണ്‌ഡിതന്മാര്‍ താഴെ പറയുന്ന ആയത്തിന്റെ കഷ്‌ണം ദുര്‍വ്യാഖ്യാനം ചെയ്യുന്നു.
`വലൗ അന്നഹും ഇള്ളലമൂ അന്‍ഫുസഹും ജാഊക്ക, അവര്‍ തെറ്റു ചെയ്‌ത്‌ നിന്നെ സമീപിച്ചാല്‍’ എന്നാണര്‍ത്ഥം. ഇതിന്റെ പൂര്‍ണമായ അര്‍ഥവും അതിന്റെ മുകളിലുള്ള ആയത്തുകളില്‍ പറഞ്ഞ പശ്ചാത്തലവും മനസ്സിലാക്കിയാല്‍ ഇതില്‍ പ്രവാചകന്മാരോട്‌ എല്ലാ പാപികളും തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപമോചനം തേടണമെന്ന ആശയമല്ല കിട്ടുക. ആദ്യം ഇപ്പറഞ്ഞ പദങ്ങളുള്ള ആയത്തിന്റെ അര്‍ഥം പൂര്‍ണമായി പരിശോധിക്കാം. സമസ്‌ത നേതാവായിരുന്ന കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌, ഇതിന്ന്‌ ശരിയായ രീതിയില്‍ പരിഭാഷ നല്‍കിയിട്ടുണ്ട്‌.
“അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കകൊണ്ട്‌, അനുസരിക്കപ്പെടേണ്ടതിന്നു വേണ്ടിയല്ലാതെ ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്‌തപ്പോള്‍, അവര്‍ താങ്കളുടെ അടുത്ത്‌ വരികയും എന്നിട്ട്‌ അല്ലാഹുവോട്‌ പൊറുക്കുവാന്‍ അപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂലും അവര്‍ക്ക്‌ പൊറുക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ തങ്ങളുടെ തൗബ സ്വീകരിക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ക്കു കാണാമായിരുന്നു.”(വി.ക്വു. 4:64). (കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍)
ഇതില്‍ റസൂലിനോട്‌ തേടുക എന്ന ഒരു പദം പോലുമില്ല. പാപികളും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്ന കാര്യമാണ്‌ പറഞ്ഞത്‌. ഇതില്‍ മൂന്നു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.
1. റസൂല്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ സമീപിക്കാനാണ്‌ പറഞ്ഞത്‌.
2. എല്ലാ പാപികളും റസൂലിന്റെയടുക്കല്‍ പോകണമെന്നല്ല.
3. അനുസരിക്കപ്പെടാനായി അല്ലാഹു നിയോഗിച്ച റസൂല്‍ ഉണ്ടായിരിക്കെ, അദ്ദേഹത്തോട്‌ വിധി തേടാതെ, ഇസ്‌ലാമിന്റെ ശത്രുക്കളോട്‌ വിധി തേടാന്‍ പോയ കപടന്‍മാരെപ്പറ്റിയാണ്‌ ഇതില്‍ പറഞ്ഞത്‌.
ഇതിന്റെ പശ്ചാത്തലം തൊട്ടുമുകളിലുള്ള സൂക്തത്തിന്റെ വ്യാഖ്യാനക്കുറിപ്പില്‍ കൂറ്റനാട്‌ മുസ്‌ല്യാര്‍ വിവരിക്കുന്നതു കാണുക. “കപടവേഷമിട്ടു നടന്നിരുന്ന മുനാഫിഖുകള്‍ക്ക്‌ ഏതെങ്കിലും നിലക്കുള്ള വിപത്തു നേരിട്ടാല്‍ അവര്‍ നബിയെത്തന്നെ സമീപിക്കുമായിരുന്നു. എന്നിട്ട്‌ `ഞങ്ങള്‍ അങ്ങയെ വിട്ട്‌ മറ്റൊരാളുടെ അടുക്കലേക്കു പോയത്‌ ഇസ്‌ലാമിലോ അങ്ങയിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല; എല്ലാവരുമായി യോജിച്ചുകഴിയുക എന്ന നല്ല കാര്യം ഉദ്ദേശിച്ചതുകൊണ്ടു മാത്രമാണ്‌ എന്നെല്ലാം വ്യാജമായി തട്ടിവിടും. ആ കാപട്യം തുറന്നുകാട്ടുകയാണിവിടെ ചെയ്യുന്നത്‌.”(4:63ന്ന്‌്‌ കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ നല്‍കിയ വ്യാഖ്യാനം.)
മുനാഫിക്വുകള്‍ ഈ കാപട്യം വെടിഞ്ഞ്‌ മനസ്സു നന്നാക്കി തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ റസൂലിനോട്‌ ആവശ്യപ്പെടുകയും അവരും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ അല്ലാഹു പൊറുക്കുമായിരുന്നു എന്നാണ്‌ പറഞ്ഞത്‌. ഇനി തര്‍ക്കത്തിലിരിക്കുന്ന `വലൗ അന്നഹും ഇളളലമൂ… എന്ന പ്രയോഗമുള്ള ആയത്തിന്ന്‌ അദ്ദേഹം നല്‍കിയ വ്യാഖ്യാനം കാണുക.
“നബി (സ്വ) യെ അനുസരിക്കണമെന്ന്‌ കല്‍പിച്ചതായി അല്‍പം മുമ്പ്‌ നാം കണ്ടുവല്ലോ. ഇത്‌ ഒരു പുത്തന്‍ സിദ്ധാന്തമല്ല. ഞാന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന്‌ അദ്ദേഹത്തിന്റെ ജനതക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാഹു ഉണര്‍ത്തുന്നു. നബിയെ വിട്ട്‌ താഗൂത്തിന്റെയടുക്കല്‍ കേസ്‌ പറയാന്‍ പോയവര്‍ അതുമൂലം തങ്ങളോടുതന്നെ വമ്പിച്ച ദ്രോഹമാണ്‌ ചെയ്‌തത്‌. അങ്ങേയറ്റം നീതിയോടും സത്യസന്ധതയോടും കൂടി വിധി കല്‍പിക്കുന്ന ശത്രുക്കളാല്‍പോലും അംഗീകരിക്കപ്പെടുന്ന നബി (സ്വ) യെ അവര്‍ അവഗണിച്ചുവെന്നത്‌ നിസ്സാര കാര്യമാണോ? എന്നാല്‍ അതൊരു കുറ്റമാണെന്നുപോലും അവര്‍ ഗ്രഹിച്ചില്ല. ഇനി സംഭവിച്ചുപോയി എങ്കില്‍ അപ്പോള്‍ തന്നെ നബിയുടെ അടുക്കല്‍ വന്ന്‌ കുറ്റം സമ്മതിച്ച്‌ ആത്മാര്‍ത്ഥമായി അല്ലാഹുവോട്‌ പാപമോചനത്തിന്നപേക്ഷിക്കുകയും നബിയും അവര്‍ക്കുവേണ്ടി പൊറുക്കലിന്ന്‌ തേടുകയും ചെയ്‌തിരുന്നുവെങ്കില്‍ അവന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുമായിരുന്നു. പക്ഷേ അവര്‍ വ്യാജം പറഞ്ഞും കള്ളസത്യം ചെയ്‌തും നബിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്‌തത്‌. പൂര്‍വ്വ വേദങ്ങളില്‍ നബിയെക്കുറിച്ച്‌ പ്രതിപാദനങ്ങളുണ്ടായിട്ടും, നേര്‍ക്കുനേരെ അവിടത്തെ പദവികളും സ്ഥാനങ്ങളും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടും ആ കപടന്‍മാര്‍ ഈ നയത്തില്‍നിന്ന്‌ പിന്തിരിഞ്ഞില്ല’ (കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌. വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനം. വാ 1. പേ. 583, 584)
നബി (സ്വ) യെ കബളിപ്പിച്ച കപടന്‍മാരെപ്പറ്റിയാണ്‌ പറഞ്ഞതെന്നും നാം ഇന്ന്‌ പാപം ചെയ്‌താല്‍ റസൂലിനോട്‌ പറയണമെന്ന ആശയം ഇതിലില്ലെന്നും മനസ്സിലായല്ലോ. ശേഷം, ഹിജ്‌റ 228ല്‍ മരണപ്പെട്ട ഉത്‌ബി ഒരു ഗ്രാമീണ അറബിയുടെ കഥ ഉദ്ധരിക്കുന്നുണ്ടെങ്കിലും ഈ ആയത്തിന്റെ ഉദ്ദേശ്യം നാം മരിച്ചുപോയ നബിയോട്‌ പൊറുക്കാന്‍ പറയലാണെന്ന്‌ കൂറ്റനാട്‌ മുസ്‌ല്യാര്‍ സൂചിപ്പിക്കുന്നേയില്ല.

വിശുദ്ധ ഖുര്‍ആന്‍  سورة النساء   സൂറത്ത്  നിസാ :  60 - 65 

أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا ﴿٦٠ وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّـهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا ﴿٦١ فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّـهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا ﴿٦٢ أُولَـٰئِكَ الَّذِينَ يَعْلَمُ اللَّـهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا ﴿٦٣ وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا ﴿٦٤ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴿٦٥

നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു. (60) അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്‍റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. (61) എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്‍റെ അടുത്ത് വന്ന് അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? (62) അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്‍ക്ക് സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.(63)
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു. (64) ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (65)

No comments:

Post a Comment