Monday 12 December 2016

ആകാശവും ഭൂമിയും കരഞ്ഞ ദിവസം


ആകാശവും ഭൂമിയും കരഞ്ഞ ദിവസം - 

റബീഉല്‍ അവ്വൽ: 12


നബി [സ] ഹജ്ജ് നിർവഹിച്ചതിന് ശേഷമുള്ള റബീഉൽ അവ്വൽ.

ഈ വർഷത്തെ പോലെ അന്നും റബീഉൽ അവ്വൽ 12  തിങ്കളാഴ്ചയായിരുന്നു.

മദീനാ മസ്ജിദിൽ സുബ്ഹ് നമസ്കാരം നടക്കുമ്പോൾ നബി തങ്ങൾ വയ്യാതെ വീട്ടിൽ വിശ്രമിക്കുകയാണ്.

ജനൽ വിരി നീക്കി തിരുമേനി [സ] നമസ്കാരം വീക്ഷിച്ചു.
അബൂബക്ർ [റ] ൻെറ പിന്നിൽ അണി നിരന്ന് ശാന്തമായി നമസ്കരിക്കുന്ന അനുചരരെ നോക്കി അവിടുന്ന് കൺകുളിർക്കെ ചിരിച്ചു.

നമസ്കാരം കഴിഞ്ഞ് സ്വഹാബികൾ നബിയെ സന്ദർശിച്ചു. പിന്നെ പലവഴിക്ക് പിരിഞ്ഞു.

സമയം ഇളയുച്ച. തിരുമേനിയുടെ നില വഷളായി വന്നു. അവിടുന്ന് വേദനയുടെ അസ്വസ്ഥകൾ പ്രകടിപ്പിച്ചു. 

ഭാര്യമാരും ഫാത്വിമയും പേരമക്കളുമെല്ലാം ചുറ്റിലുമായി ഉണ്ട്.
വേദന കൊണ്ട് ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന പ്രവാചകരുടെ അസ്വസ്ഥത കണ്ട്  നിസ്സഹായതയോടെ ഫാത്വിമ നെടുവീർപ്പിട്ടു.

''എൻെറ ഉപ്പയുടെ വേദന എത്രയാണ്...''

അതു ശ്രദ്ധിച്ച തിരുമേനി പ്രതിവചിച്ചു.
''ഇന്നേക്ക് ശേഷം നിൻെറ ഉപ്പാക്ക് വേദനയില്ല മോളേ..''

കരള് തുളയ്ക്കുന്ന വാക്കുകൾ...

ഫാത്വിമയെ അവിടുന്ന് അടുത്തേക്ക് ചേർത്ത് നിർത്തി കാതിൽ ഒരു സ്വകാര്യം. 
ഫാത്വിമ കരഞ്ഞു.

വീണ്ടും കാതിലെന്തോ മൊഴിഞ്ഞു.
ഫാത്വിമയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി.

നബിയുടെ വഫാതിന് ശേഷം ഈ രഹസ്യം പറച്ചിലിനെ കുറിച്ച് ഫാത്വിമ അനുസ്മരിച്ചു.

''ഞാൻ യാത്രയാവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു.
എൻെറ ശേഷം എന്നോലേക്ക് 
അഹ് ലിൽ നിന്ന് ആദ്യം ചേരുക നീയായിരിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു''

പേരക്കുഞ്ഞുങ്ങളായ ഹസൻ ഹുസൈൻ എന്നിവരെ അടുത്തേക്ക് വിളിച്ച് നെഞ്ചോട് ചേർത്തു.
നബി അവരെ തുരുതുരാ ഉമ്മ വെച്ചു.
കണ്ടു നിൽക്കുന്നവർ വിതുമ്പലോടെ കണ്ണ് തുടച്ചു.

ഭാര്യമാർ ഓരോരുത്തരെ അടുത്തേക്ക് വിളിച്ച് ഉപദേശങ്ങൾ നൽകി.

അവിടുന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.
പതിഞ്ഞ ശബ്ദം. അവ്യക്തമായ വാക്കുകൾ.
ആഇശാ ബീവിയുടെ മടിയിലാണ് നബിയുള്ളത്. അവർ കാത് നബിയുടെ ചുണ്ടോട് ചേർത്ത് ശ്രവിച്ചു.

''ജൂത ക്രൈസ്തവർക്ക് ദൈവ ശാപം. അവർ അവരുടെ പ്രവാചകരുടെ ഖബ്റുകൾ ആരാധനാ കേന്ദ്രങ്ങളാക്കിയിരിക്കുന്നു.... നമസ്കാരം.. നമസ്കാരം...''

സഹോദരൻ അബ്ദുറഹ്മാൻെറ കയ്യിൽ നിന്ന് 
മിസ് വാക്ക് വാങ്ങി ആഇശ ബീവി നബിയുടെ പല്ല് തേപ്പിച്ചു.

നബി ക്ഷീണിതനാണ്. അസഹ്യമായ വേദനയാൽ അവിടുന്ന്  പുളയുകയാണ്. 

''ലാഇലാഹ ഇല്ലല്ലാഹ്... മരണ വേദന അസഹ്യം തന്നെ...'' അവിടുന്ന് പറഞ്ഞു.

'നല്ല വേദനയുണ്ടല്ലേ!' എന്നൊരു സ്വഹാബി സങ്കടത്തോടെ ആരാഞ്ഞപ്പോൾ
'അതെ, നിങ്ങളിൽ രണ്ടാളുകളുടെ വേദന ഞാൻ അനുഭവിക്കുന്നു'
എന്നവിടുന്ന് പറഞ്ഞു.

അന്തരീക്ഷം കനത്തു. എങ്ങും മൂകത. ചുറ്റിലും കണ്ണീർ ചാലിട്ട ഗദ്ഗദ വദനത്തോടെ ബന്ധുമിത്രാദികൾ...

ലോകത്തിൻെറ നേതാവ് അവസാന നിമിഷങ്ങളിലാണ്. 

അല്ലാഹുവിൻെറ തിരുദൂതർ ദുർബലമായ കൈകൾ ആകാശത്തേക്കുയർത്തി.

''അല്ലാഹുവേ, മരണ വേദനയിൽ ആശ്വാസം തരേണമേ.. അല്ലാഹ്... എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാട്ടുകയും ചെയ്യേണമേ... അല്ലാഹ്... ഉന്നതരായ കൂട്ടുകാരോടൊപ്പം എന്നെയും ചേർക്കേണമേ... അല്ലാഹ്.... ഉന്നത കൂട്ടുകാരോടൊപ്പം.... ഉന്നത കൂട്ടുകാരോടൊപ്പം....''

ഉയർത്തിയ കൈ താഴെ വീണു. കണ്ണുകളടഞ്ഞു. ശരീരം നിശ്ചലമായി...... 

റബീഉൽ അവ്വൽ 12 തിങ്കൾ ദുഹ്റിന് മുമ്പ് ജീവൻെറ ജീവനായ റസൂലുല്ല വിട പറഞ്ഞു.
ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ...

ഇനി പറയൂ പ്രിയപ്പെട്ടവരേ, ഈ ദിവസം ആഘോഷിക്കാൻ നിങ്ങളുടെ മനസ് നിങ്ങളെ സമ്മതിക്കുമോ?
റസൂലുല്ല വഫാതായ ഇളയുച്ച സമയത്ത് ബിരിയാണി സൽക്കാരം നടത്താൻ മനസ് വരുമോ?
തീരുമാനം സ്വയമെടുക്കുക...
-അബൂ ശാദിൻ-

www.Thadkira.com

No comments:

Post a Comment