Monday 12 December 2016

ബിന്‍ ലാദനുമായുള്ള AP സമസ്തക്കാരുടെ ബന്ധം



ബിന്‍ ലാദനുമായുള്ള AP സമസ്തക്കാരുടെ ബന്ധം 


















കോഴിക്കോട്: ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ‍ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുടെ പത്രാധിപത്യത്തിലാണ് ‘സെന്‍സിംഗ്’ പുറത്തിറങ്ങുന്നത്. കാന്തപുരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിട്ടാണ് വഫ അറിയപ്പെടുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉസാമ സജീവചര്‍ച്ചയായ പശ്ചാത്തലത്തില്‍ 2001 ഒക്‌ടോബര്‍ മുതല്‍ 2002 ജനുവരി വരെയുള്ള സെന്‍സിംഗിന്റെ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനപരമ്പരയാണ് വിവാദമായിരിക്കുന്നത്. ഉസാമയെ ഏറ്റെടുക്കുകയും ആഘോഷിക്കുകയും മുസ്‌ലിം ലോകത്തിനുള്ള മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നവയാണ് ലേഖനങ്ങളെല്ലാം തന്നെ. കെ.പി അബ്ദുര്‍റഹ്മാന്‍ ആണ് പ്രധാന ലേഖകന്‍. ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ കാന്തപുരം വിഭാഗത്തിന്റേതെന്നും സംഘടന നടത്തുന്ന ഭീകരതാവിരുദ്ധ കാംപയിനുകള്‍ ശുദ്ധ തട്ടിപ്പാണെന്നും ആരോപിക്കുവാന്‍ കഴിയുംവിധം വിട്ടുവീഴ്ചയില്ലാത്ത ‘ഉസാമ ആരാധന’ നിറഞ്ഞു നില്‍ക്കുന്നതാണ് അബ്ദുര്‍റഹ്മാന്റെ വരികള്‍. സലഫീ ആശയങ്ങള്‍ പിന്തുടരുന്നതിന്റെ പേരില്‍ കാന്തപുരത്തിന്റെ വക്താക്കള്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മുദ്രകുത്തുന്ന സഊദി അറേബ്യയും അവിടുത്തെ പണ്ഡിതന്‍മാരും ഉസാമയെയും അദ്ദേഹത്തിന്റെ തീവ്രവാദത്തെയും ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയവരാണെന്ന വസ്തുതയുടെ വെളിച്ചത്തില്‍ ‘യഥാര്‍ത്ഥത്തില്‍ ഉസാമ ആരുടെയാളാണ്’ എന്ന ചോദ്യത്തിനുകൂടി പരിസരമൊരുക്കുന്നതാണ് സെന്‍സിംഗിന്റെ ‘ഉസാമപ്പതിപ്പുകള്‍’.
സഊദിയെയും സഊദി പണ്ഡിതന്‍മാരെയും അവരുടെ ആശയങ്ങളെയും തള്ളിപ്പറഞ്ഞ് സ്വന്തം വഴി തേടിപ്പോയയാളാണ് എന്നതുകൊണ്ടു തന്നെ സലഫികള്‍ക്കിടയില്‍ വെറുക്കപ്പെട്ട മുഖമാണ് ഉസാമയുടേത്. എന്നാല്‍ സഊദിയടക്കമുള്ള അറബ്-മുസ്‌ലിം രാഷ്ട്രങ്ങളാണ് തെറ്റ് എന്നും ഉസാമയാണ് ശരിയെന്നും ആണ് ലേഖനപരമ്പരക്ക് ആമുഖം എന്ന നിലയില്‍ ഒക്‌ടോബര്‍ ലക്കം പത്രാധിപക്കുറിപ്പില്‍ ഇസ്മാഈല്‍ വഫ പറയുന്നത്. മുസ്‌ലിംകള്‍ ‘വെറുക്കുന്നത്’ അറബ് രാഷ്ട്രങ്ങളെയാണെന്നും അവരോടിടഞ്ഞു നില്‍ക്കുന്ന ഉസാമയും സദ്ദാം ഹുസയ്‌നും ‘മുസ്‌ലിം ലോകത്തെ ആണ്‍കുട്ടികള്‍’ ആണെന്നും വഫ അഭിപ്രായപ്പെടുന്നു. ‘ധീര വിപ്ലവകാരി’ എന്നാണ് ‘കനല്‍പഥങ്ങളിലെ സിംഹം’ എന്ന തലക്കെട്ടിലുള്ള ലേഖനപരമ്പരയുടെ തുടക്കത്തില്‍ തന്നെ ഉസാമയെ വിശേഷിപ്പിക്കുന്നത്. പതുക്കെപ്പതുക്കെ ഉസാമ സ്വൂഫീ ആശയങ്ങളിലേക്ക് ആകൃഷ്ടനായെന്നും അതാണ് അദ്ദേഹത്തെ വിപ്ലവകാരിയാക്കിയതെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു.

 ‘മഹാന്‍മാരുടെ ഖബര്‍ സിയാറത്ത്’ നടത്തിയും അതില്‍നിന്ന് ‘പുണ്യമെടു’ത്തും പ്രവാചകന്റെ ഖബറിനരികില്‍ ‘മണിക്കൂറുകള്‍ ചെലവഴിച്ച് കരളലിഞ്ഞു പ്രാര്‍ത്ഥിച്ചും’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘സ്വൂഫിവര്യന്‍മരുമായി ബന്ധം സ്ഥാപിച്ചും’ ആണ് ഉസാമ പുതിയ ‘ആത്മീയ ലോകത്തേക്ക്’ പ്രവേശിച്ചതെന്ന് ലേഖനം പറയുന്നു. സ്വൂഫിസം ആണ് ഭീകരതക്കുള്ള പരിഹാരം എന്ന് ഇപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നവര്‍ ഉസാമയുടെ സ്വൂഫിസത്തെക്കുറിച്ച് തങ്ങള്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് കാപട്യം കാണിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ലേഖനത്തിലെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളെല്ലാം.
സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനില്‍ നടന്ന പോരാട്ടത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ്-സയണിസ്റ്റ് ചാരന്‍മാരെ തുരത്തിയതും പോരാട്ടത്തിന്റെ മറവില്‍ കറുപ്പുകൃഷി സമൃദ്ധമാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതും ബിന്‍ലാദനാണെന്ന് ലേഖനം അവകാശപ്പെടുന്നു.
സലഫീ ആശയങ്ങളില്‍ നിന്നകന്ന് സ്വൂഫിസത്തിലേക്ക് ആകൃഷ്ടനായ ഉസാമ മാത്രമല്ല, ഉസാമക്ക് പില്‍ക്കാലത്ത് അഭയമായ ത്വാലിബാന്‍ നേതാവ് മുല്ലാ ഉമറും തങ്ങളുടെ ‘സ്വന്തം’ ആളാണെന്നാണ് സെന്‍സിംഗ് അവകാശപ്പെടുന്നത്. മുല്ല ഉമര്‍ ‘ആത്മീയ നേതാവ്’ ആണെന്നാണ് നവംബര്‍ ലക്കത്തില്‍ ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തില്‍ പറയുന്നത്. ‘അമീറുല്‍ മുഅ്മിനീന്‍ ശൈഖ് മുല്ല മുഹമ്മദ് ഉമര്‍’ എന്നാണ് തലവാചകം. ഭൗതിക മോഹങ്ങളുടെയും നിഷിദ്ധങ്ങളുടെയും കറപുരളാത്ത വിശുദ്ധജീവിതം നയിക്കുന്ന ‘മാതൃകാ പുരുഷന്‍’ ആണ് ശൈഖ് ഉമര്‍ എന്ന് അബ്ദുര്‍റഹ്മാന്‍ അവകാശപ്പെടുന്നു. മുല്ലാ ഉമര്‍ ‘സ്വൂഫിവര്യന്‍’ ആണെന്നാണ് ലേഖകന്റെ പക്ഷം. സോവിയറ്റ് അധിനിവേശത്തിനെതിരില്‍ മുല്ല പങ്കെടുത്ത യുദ്ധം ജയിക്കാന്‍ ഔലിയാക്കളുടെയും ശുഹദാക്കളുടെയും കറാമത്തുകള്‍ കാരണമായിട്ടുണ്ടെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.
അഫ്ഗാന്‍ വിമോചനത്തിനുശേഷം അരാഷ്ട്രീയ ജീവിതം നയിച്ച മുല്ല ഉമര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ പ്രചോദിതനായത് ശീഅകളും വഹ്ഹാബികളും പുരോഗമനവാദികളും രാഷ്ട്രീയം കയ്യടക്കുന്നതില്‍ അസ്വസ്ഥനായാണെന്ന് ലേഖനം പറയുന്നു. വഹ്ഹാബിസത്തെയും മതത്തിനുള്ളിലെ പുരോഗമനവാദികളെയും എതിര്‍ത്ത യാഥാസ്ഥിതിക സ്വൂഫീ മുസ്‌ലിം ആയിരുന്നു മുല്ല എന്നാണ് ലേഖനം സ്ഥാപിക്കുന്നത്. മദ്ഹബ് വിശ്വാസികളായ പണ്ഡിതന്‍മാരെ വിളിച്ചുചേര്‍ത്താണ് വഹ്ഹാബിസത്തിനും പുരോഗമനവാദത്തിനും എതിരായ ‘ത്വാലിബാന്‍’ പ്രസ്ഥാനം മുഹമ്മദ് ഉമര്‍ സ്ഥാപിച്ചതെന്ന് ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. മദ്ഹബുകളെ അന്ധമായി പിന്തുടരുന്നതിനു പകരം ക്വുര്‍ആനും ഹദീഥും മുന്‍വിധികളില്ലാതെ പഠിക്കുവാനാഹ്വാനം ചെയ്യുന്ന സലഫീ രീതിശാസ്ത്രത്തെ നഖശിഖാന്തം എതിര്‍ത്ത് മദ്ഹബുകളിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് കാന്തപുരം വിഭാഗം പണ്ഡിതന്‍മാര്‍. ഉറക്കത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രവാചകന്‍ നല്‍കിയ കല്‍പനയാണ് മുല്ലയെ ത്വാലിബാന്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടുചെന്നെത്തിച്ചതെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.
ത്വാലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നടന്നത് സച്ചരിതരായ ഖലീഫമാരെ അനുസ്മരിപ്പിക്കുംവിധമുള്ള മാതൃകാ ഇസ്‌ലാമിക ഭരണമാണെന്ന് ലേഖനം പ്രഖ്യാപിക്കുന്നു. വഹ്ഹാബികളും മറ്റും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും ‘സുന്നീ വിശ്വാസത്തില്‍നിന്ന് കടുകുമണി പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന നിലപാടുമായി’ ഭരണം മുന്നോട്ടു കൊണ്ടുപോയതിന് ലേഖകന്‍ മുല്ലയെ പ്രകീര്‍ത്തിക്കുന്നു. കേരളത്തില്‍ സ്ത്രീവിരുദ്ധമായ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് ഏറ്റവുമധികം കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള മുസ്‌ലിം സംഘടന കാന്തപുരത്തിന്റേതാണ്. തങ്ങളുടെ അതേ വീക്ഷണങ്ങളാണ് ത്വാലിബാനും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്ളതെന്ന അഭിമാനം ലേഖനത്തിലുണ്ട്. ‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായി നിരോധിച്ചു, സ്ത്രീകള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായി വിലക്കി’ എന്നൊക്കെയാണ് ത്വാലിബാന്‍ ഭരണത്തിന്റെ ‘ഇസ്‌ലാമികത’ക്ക് തെളിവായി ലേഖകന്‍ എടുത്തുപറയുന്നത്.
സ്വൂഫീ വീക്ഷണങ്ങളില്‍ ആകൃഷ്ടനാവുകയും സലഫീ രാഷ്ട്രങ്ങളോടും പണ്ഡിതന്‍മാരോടും പിണങ്ങിപ്പോരുകയും ചെയ്തയാളാണ് ഉസാമയെന്നും സ്വൂഫിയും മുക്വല്ലിദും കാന്തപുരത്തോട് കിടപിടിക്കുന്ന യാഥാസ്ഥിതികനുമാണ് മുല്ല ഉമര്‍ എന്നും വന്നാല്‍ ഭീകരതാവിരുദ്ധ കാംപയിനിന്റെ ഭാഗമായി സലഫീ-വഹ്ഹാബി ആശയങ്ങളാണ് പ്രശ്‌നത്തിന്റെ വേരെന്നും സ്വൂഫിസമാണ് പരിഹാരമെന്നും പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന ചോദ്യമാണ് കാന്തപുരം വിഭാഗം പ്രഭാഷകരും എഴുത്തുകാരും ഇപ്പോള്‍ നേരിടുന്നത്. ത്വാലിബാന്‍ ഹനഫീ മദ്ഹബ് പിന്തുടരുന്ന ദയൂബന്ദികളുടെ കൂട്ടായ്മയാണെന്ന് നിരവധി പഠനങ്ങളില്‍ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അല്‍ ക്വാഇദയുടെ അനുബന്ധവും പില്‍ക്കാല വളര്‍ച്ചയും മാത്രമാണ് ഐ.എസ്.ഐ.എസ് എന്നതിനാല്‍ ഉസാമയെയും മുല്ലാ ഉമറിനെയും ശരിയായി മനസ്സിലാക്കുന്നതിന് ഭീകരതാപഗ്രഥനത്തിൽ വലിയ പ്രാധാന്യമുണ്ട്. അഫ്ഗാനില്‍ അല്‍ ക്വാഇദക്ക് സ്വൂഫീ വിശ്വാസങ്ങള്‍ എങ്ങനെയാണ് പരിസരമുണ്ടാക്കിയതെന്ന് ഫയ്‌സ്വല്‍ ദേവ്ജിയുടെ Landscapes of the Jihad എന്ന പുസ്തകം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോള്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും സലഫീ ചിന്തകളാണ് ഭീകരതയുടെ ഊര്‍ജമെന്നാരോപിച്ച് സ്വൂഫിസത്തെ വിഗ്രഹവല്‍ക്കരിക്കുന്ന യുവതലമുറ കാന്തപുരം പ്രഭാഷകനുമായ മുഹമ്മദലി കിനാലൂരിന്റെ ഒരു ലേഖനവും 2001 നവംബര്‍ ലക്കം സെന്‍സിംഗിലുണ്ട്. കാന്തപുരവും അനുയായികളുമാണ് ഭീകരചിന്തകളിലേക്ക് ആകൃഷ്ടരാകുന്നതില്‍നിന്ന് കേരള മുസ്‌ലിംകളെ തടഞ്ഞു നിര്‍ത്തിയതെന്ന അവകാശവാദം സോഷ്യല്‍ മീഡിയ കുറിപ്പുകളില്‍ നിരന്തരമായി ഉന്നയിക്കുന്നയാളാണ് മുഹമ്മദലി. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തില്‍ പങ്കെടുത്തുവെന്ന് എഫ്.ബി.ഐ പറയുന്ന മുഹമ്മദ് അത്തയെക്കുറിച്ചാണ് സെന്‍സിംഗിലെ കിനാലൂരിന്റെ ലേഖനം. ‘മുഹമ്മദ് ആത്ത ഭീകരനോ’ എന്നാണ് തലക്കെട്ട്. ‘സ്വന്തംജീവൻ ബലികഴിച്ച് രക്തസാക്ഷികളുടെ പട്ടികയിലേക്ക് നടന്നുകയറിയ’ വിശുദ്ധനാണ് ലേഖനത്തില്‍ മുഹമ്മദ് അത്ത. ‘മുസ്‌ലിം സമുദായത്തിന്റെ മിടിപ്പും തുടിപ്പുമറിഞ്ഞ്’ പ്രവര്‍ത്തിച്ചയാളാണ് അത്തയെന്ന് മുഹമ്മദലി പ്രശംസിക്കുന്നു. ‘സാത്താന്റെ സന്തതികള്‍ സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും വേരോടെ പിഴുതെറിയാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ ബലി നല്‍കിയും ശത്രുവിന്റെ കോട്ടകളില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്ന പ്രതിജ്ഞ പാലിച്ച വിപ്ലവകാരി’ യാണ് മുഹമ്മലിക്ക് അത്ത. അത്തയുടെ കഥയില്‍ നിന്ന് ‘സമുദായത്തിന്റെ സന്തതികള്‍’ നാളെ ആവേശം കൊള്ളുമെന്ന കാര്യം ലേഖകന് ‘ഉറപ്പ്’ ആണ്. ജിഹാദിനെ ‘മതഭ്രാന്തോ ഭീകരതയോ’ ആയി മുദ്ര കുത്തുവാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അമേരിക്കന്‍ ദാസ്യമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ ആദര്‍ശമില്ലാത്തതിനാലാണ് ‘ജിഹാദിനെ’ വെറുക്കുന്നതെന്നും അത്ത ചെയ്തത് ജിഹാദാണെന്നു വാദിക്കുന്ന ലേഖനം വായനക്കാരനു പറഞ്ഞുകൊടുക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ഭീകരതാവിരുദ്ധ പ്രഭാഷണങ്ങളുമായി നിറയുന്ന സംസ്ഥാന സെക്രട്ടറി ലോകത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന്റെ ആരാധകനാണെന്ന ആരോപണമാണ് സെന്‍സിംഗ് ലേഖനത്തിന്റെ വെളിച്ചത്തില്‍ എസ്.എസ്.എഫ് നേരിടുന്നത്.

No comments:

Post a Comment