Friday 23 February 2018

ഇബ്നു അബ്ബാസ്‌ رضي الله عنه ഖവാരിജുകളുമായി നടത്തിയ മഹത്തായ സംവാദം

ഇബ്നു അബ്ബാസ്‌ رضي الله عنه ഖവാരിജുകളുമായി നടത്തിയ മഹത്തായ സംവാദം


അലി رضي الله عنه വിന് എതിരിൽ സംഘടിച്ച ഹറൂരികൾ എല്ലാവരും ഒരു സ്ഥലത്ത്‌ ഒരുമിച്ച്‌ കൂടി.അവർ ആറായിരം പേരുണ്ടായിരുന്നു.
ജനങ്ങൾ അലി رضي الله عنه വിന്റെ അടുത്ത് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു. അവർ പറഞ്ഞു: “ഓ! അമീറുൽ മുഅ്മിനീൻ, ഇവർ അങ്ങേക്കെതിരെ കലാപത്തിന് പുറപ്പെടുകയാണു.”
   അദ്ദേഹം പറഞ്ഞു: “അവരെ വിട്ടേക്കുക! തീർച്ചയായും ഞാൻ അവരോട്‌ യുദ്ധം ചെയ്യുകയില്ല, അവർ എനിക്കെതിരെ യുദ്ധം ചെയ്യുന്നത് വരെ. എന്നാൽ അവർ എനിക്കെതിരെ യുദ്ധം ചെയ്യുമെന്നു തന്നെയാണു ഞാൻ വിചാരിക്കുന്നത്.”
        അങ്ങിനെ ആ ദിവസം സമാഗതമായപ്പോൾ, ظهرനമസ്ക്കാരത്തിനു മുമ്പായി ഞാൻ അലി رضي الله عنه വിന്റെ അടുത്ത്‌ ചെന്നു പറഞ്ഞു:
“ഓ! അമീറുൽ മുഅ്മിനീൻ,
ظهر നമസ്ക്കാരം ഈ ചൂട്‌ ഒന്ന്‌ തണുക്കുന്നത്‌ വരെ പിന്തിക്കുക. ഒരു പക്ഷെ ഞാൻ ഈ ആളുകളോട് ഒന്ന് സംസാരിച്ചു നോക്കാം”
അദ്ദേഹം പറഞ്ഞു: “തീർച്ചയായും ഞാൻ താങ്കളെ കുറിച്ച്‌ ഭയപ്പെടുന്നു.”
      ഞാൻ പറഞ്ഞു: “ഒരിക്കലുമില്ല, ഞാൻ ഒരു നല്ല സ്വഭാവത്തിനുടമയായിട്ടാണു അറിയപ്പെടുന്നത്‌, ഞാനൊരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല.”
അദ്ദേഹം എനിക്ക് പോകാൻ അനുമതി തന്നു. അങ്ങനെ ഞാനൊരു നല്ല വസ്ത്രമണിഞ്ഞു, യമനിൽ നിന്നു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മുന്തിയത്. ഞാൻ മുടി ചീകി. അങ്ങനെ ഉച്ച നേരത്ത് അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവിടെയെത്തി.
     ഇബാദത്തിന്റെ കാര്യത്തിൽ മറ്റാരും കാണിക്കാത്ത നിഷ്കർഷത പുലർത്തിയിരുന്ന ഒരു ജനതയെയാണു ഞാൻ അവിടെ കണ്ടത്. സുജൂദ് കാരണം അവരുടെ നെറ്റികൾ മുറിഞ്ഞിരുന്നു. അവരുടെ കൈകൾ ഒട്ടകത്തിന്റെ കാലുകൾ പോലെ പരുപരുത്തിരുന്നു. അവരുടെ മുഷിഞ്ഞതും അപ്പപ്പോൾ കഴുകിയതുമായ വസ്ത്രങ്ങൾ നെരിയാണിക്കു വളരെ മുകളിൽ പൊങ്ങിനിന്നു. അവരുടെ മുഖങ്ങൾ ക്ഷീണിച്ചും കരുവാളിച്ചുമിരുന്നു.
ഞാനവർക്ക് സലാം പറഞ്ഞു.
അവർ പറഞ്ഞു: "ഓ! അബ്ബാസിന്റെ മകനേ, എന്തൊരു തരം വസ്ത്രമാണ് താങ്കൾ ധരിച്ചിരിക്കുന്നത്”
ഞാൻ പറഞ്ഞു: “എന്ത്‌ പോരായ്മയാണ് നിങ്ങളെന്നിൽ കാണുന്നത്‌? തീർച്ചയായും റസൂൽ ﷺ യമനിൽ നിന്ന് കിട്ടാവുന്നതിൽ വെച്ച്‌ ഏറ്റവും നല്ല വസ്ത്രം ധരിച്ചത്‌ ഞാൻ കണ്ടിട്ടുണ്ട്‌. എന്നിട്ട്‌ ഞാൻ ഈ ആയത്ത്‌ ഓതി:

قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ 
(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസൻമാർക്ക് വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? (7:32).

അവർ ചോദിച്ചു: “എന്താണു താങ്കളുടെ വരവിന്റെ ഉദ്ദേശം?”
ഞാൻ പറഞ്ഞു: “മുഹാജിറുകളും അൻസ്വാറുകളുമായ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബാക്കളിൽ നിന്നും റസൂൽ ﷺ യുടെ പിതൃവ്യപുത്രനും മരുമകനുമായ അലി رضي الله عنه വിൽ നിന്നുമാണ് ഞാൻ വരുന്നത്. അവരിലേക്കാണ് ഖുർആൻ ഇറങ്ങിയത്‌. നിങ്ങളെക്കാൾ കൂടുതൽ ഖുർആൻ അറിയുക അവർക്കാണ്. അവരിൽ നിന്നു ഒരാൾ പോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ല. ഞാൻ വന്നത്‌ അവർ എന്തു പറയുന്നു എന്നത്‌ നിങ്ങളെ അറിയിക്കാനാണ്. നിങ്ങൾ എന്തു പറയുന്നു എന്നത്‌ അവരെ അറിയിക്കാനും.

അവരിൽ നിന്ന് ഒരു കൂട്ടർ പറഞ്ഞു: “ഖുറൈശികളോട്‌ തർക്കിക്കാൻ നിൽക്കേണ്ട, എന്തു കൊണ്ടെന്നാൽ അല്ലാഹു عز وجل പറഞ്ഞിട്ടുണ്ട്‌:

بَلْ هُمْ قَوْمٌ خَصِمُونَ 
അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു. (43:58)

അപ്പോൾ അവരിൽ നിന്നു ഒരു സംഘം എന്നിലേക്ക്‌ തിരിഞ്ഞു. രണ്ടോ മൂന്നോ പേർ പറഞ്ഞു: “ഞങ്ങൾ ഇദ്ദേഹത്തോട്‌ സംസാരിക്കുക തന്നെ ചെയ്യും.”
അപ്പോൾ ഞാൻ  പറഞ്ഞു: “ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബാക്കളോടും അവിടുത്തെ പിതൃവ്യപുത്രനോടും ഉള്ള നിങ്ങളുടെ ശത്രുതക്ക്‌ കാരണമെന്താണ്?”
അവർ പറഞ്ഞു: “മൂന്ന്‌ കാര്യങ്ങൾ”
ഞാൻ ചോദിച്ചു: “അവ എന്തൊക്കെയാണ്?”
അവർ പറഞ്ഞു: “ഒന്നാമത്തെ കാര്യം


 إِنِ الْحُكْمُ إِلا لِلَّهِ
വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. (6:57, 12:40&67) 


എന്നിരിക്കെ, അദ്ദേഹം മനുഷ്യരെ വിധി കർത്താക്കളായി സ്വീകരിച്ചു. അല്ലാഹുവിന്റെ വിധികർത്തൃത്വത്തിൽ മനുഷ്യർക്ക്‌എന്ത്‌ കാര്യമാണുള്ളത്‌?” 
(സ്വിഫ്ഫീൻ യുദ്ധത്തോട് അനുബന്ധിച്ച് അലി رضي الله عنه വിന്റെയും മുആവിയ്യ رضي الله عنه വിന്റെയും പക്ഷത്തുള്ള ആളുകൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കാൻ അബൂ മൂസൽ അശ്അരീ رضي الله عنه , അംറ്ബനു ആസ് رضي الله عنه എന്നിവരെ മധ്യസ്ഥന്മാരായി നിശ്ചയിച്ചതാണു ഇവിടെ സൂചിപ്പിക്കുന്നത് - വിവ).

ഞാൻ പറഞ്ഞു: “ഇത്‌ ഒന്നാമത്തെ കാര്യം
അവർ പറഞ്ഞു: “രണ്ടാമത്തെ കാര്യം: അദ്ദേഹം യുദ്ധം ചെയ്തു, എന്നാൽ യുദ്ധത്തടവുകാരെ പിടിച്ചില്ല, യുദ്ധമുതലുകൾ എടുത്തതുമില്ല. അവർ കാഫിറുകളാണെങ്കിൽ അവ നമുക്ക്‌ അനുവദനീയമാണല്ലോ? ഇനി അവർ മുഅ്മിനുകളാണെങ്കിൽ അവരുടെ യുദ്ധത്തടവുകാരെ പിടിക്കുവാനോ അവരോട്‌ യുദ്ധം ചെയ്യുവാൻ തന്നെയോ നമുക്കനുവാദമില്ലല്ലോ?”
ഞാൻ പറഞ്ഞു: “ഇത്‌ രണ്ടാമത്തെ കാര്യം, ഇനി മൂന്നാമത്തെ കാര്യം? 
അവർ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ എന്ന പദവി ഉപേക്ഷിക്കണം, അദ്ദേഹം അമീറുൽ മുഅ്മിനീൻ അല്ലെങ്കിൽ അമീറുൽ കാഫിരീൻ ആണ്."
(അലി رضي الله عنه വിനെ ബൈഅത്ത്‌ ചെയ്തവരിൽ ഹറൂരികളും ഉണ്ടായിരുന്നു. അന്നു അദ്ധേഹം مؤمن ആയിരുന്നെന്നും എന്നാൽ മധ്യസ്തന്മാരെ നിയോഗിച്ചപ്പോൾ അദ്ധേഹവും കൂടെയുള്ളവരും കാഫിറായിപ്പോയെന്നുമാണു അവർ സൂചിപ്പിക്കുന്നത് - വിവ).
ഞാൻ ചോദിച്ചു: “ഇനിയെന്തെങ്കിലുമുണ്ടോ?” 
അവർ പറഞ്ഞു: “ഞങ്ങൾക്കിത്‌ മതി.” 
അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ കിതാബിൽ നിന്നും അവന്റെ റസൂൽ ﷺ യുടെ സുന്നത്തിൽ നിന്നും നിങ്ങൾ പറയുന്നതിനെ നിഷേധിച്ചു കൊണ്ട്‌ ഞാൻ തെളിവ്‌ ഉദ്ധരിച്ചാൽ, നിങ്ങൾ തിരിച്ച്‌ വരുമോ?” അവർ പറഞ്ഞു: “അതെ”

ഞാൻ പറഞ്ഞു: “അലി رضي الله عنه അല്ലാഹു വിധി നടത്തേണ്ട കാര്യത്തിൽ മനുഷ്യരോട്‌ വിധി നടാത്താനാവശ്യപ്പെട്ടു എന്ന നിങ്ങളുടെ പ്രസ്താവനക്കുള്ള മറുപടി:
ഞാൻ നിങ്ങൾക്ക്‌ അല്ലാഹുവിന്റെ കിതാബിൽ നിന്നും ഓതിത്തരാം, അല്ലാഹു تبارك وتعالى ഒരു ദീനാറിന്റെ എട്ടിലൊരു ഭാഗം വരുന്ന കാര്യത്തിന്റെ വിഷയത്തിൽ പോലും മനുഷ്യരോട്‌ വിധി തീർപ്പാക്കാൻ കൽപ്പിച്ചതായിട്ട്‌. അല്ലാഹു تبارك وتعالى യുടെ വചനം നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?


يَا أَيُّهَا الَّذِينَ آمَنُوا لا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ  

സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്‌. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്‌. (5:95)
ഇവിടെ അല്ലാഹു മനുഷ്യരെ വിധി കർത്താക്കളാക്കാൻ കൽപ്പിച്ചത്‌ അല്ലാഹുവിന്റെ حكم അല്ലേ? അല്ലാഹുവിനു ഈ കാര്യത്തിൽ വിധി കൽപ്പിക്കാമായിരുന്നു, എന്നാൽ അവൻ മനുഷ്യരെ വിധി കൽപ്പിക്കാൻ അനുവദിച്ചു. അല്ലാഹുവിനെ വിചാരിച്ച്‌ ഞാൻ നിങ്ങളോട്‌ ചോദിക്കട്ടെ, മനുഷ്യർ തമ്മിലുള്ള തർക്കം പരിഹരിക്കുകയും അത്‌ വഴി രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്യുന്നതാണോ അല്ലെങ്കിൽ ഒരു മുയലിനെ വേട്ടയാടുന്നതാണോ കൂടുതൽ പ്രധാനപ്പെട്ട കാര്യം?
അവർ പറഞ്ഞു: "തീർച്ചയായും ഇതു തന്നെ പ്രധാനം."
ഇനിയുമൊരു വിഷയം: ഒരു സ്ത്രീയേയും അവരുടെ ഭർത്താവിനേയും സംബന്ധിച്ചുള്ളതാണ്. 
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا (٣٥)

ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. (4:35)

മനുഷ്യർ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതും രക്തച്ചൊരിച്ചിൽ ഒഴിവാകുന്നതും സംബന്ധിച്ച് വിധി കൽപ്പിക്കുന്നതാണോ കൂടുതൽ ഉത്തമം, അതല്ല ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങളെ സംബന്ധിച്ച് വിധി കൽപ്പിക്കുന്നതാണോ കൂടുതൽ ഉത്തമം?
حكم ന്റെ വിഷയത്തിൽ നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?”

അവർ പറഞ്ഞു: “അതെ.”
“ഇനി നിങ്ങളുടെ അടുത്ത വിഷയം, അലി رضي الله عنه യുദ്ധത്തടവുകാരെ പിടിച്ചില്ല എന്നുള്ളതും യുദ്ധമുതലുകൾ എടുത്തില്ല എന്നുള്ളതുമാണല്ലോ...


നിങ്ങൾ നിങ്ങളുടെ ഉമ്മ ആയിശ رضي الله عنها യെ ഒരു തടവുകാരിയായി പിടിക്കുകയും അതുവഴി മറ്റുള്ള സ്ത്രീകളിൽ നിന്ന്‌ എന്തെല്ലാം നിങ്ങൾക്ക്‌ അനുവദനീയമാകുമോ അതെല്ലാം നിങ്ങൾ അവരിൽ നിന്നും അനുവദനീയമാക്കുകയും ചെയ്യുമോ?, അവർ നിങ്ങളുടെ ഉമ്മയായിരിക്കെ.
മറ്റുള്ള സ്ത്രീകളിൽ നിന്ന് എന്തെല്ലാം ഞങ്ങൾക്ക് ഹലാലാണോ അത് അവരിൽ നിന്നും ഞങ്ങൾക്ക് ഹലാലാണ് എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ അതു കുഫ്ർ ആണ്. ഇനി “അവർ ഞങ്ങളുടെ ഉമ്മയല്ല” എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ അതും കുഫ്‌ർ ആണ്.
النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ  
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. (33:6)

അപ്പോൾ നിങ്ങൾ രണ്ട് മോശമായ വിധികൾക്കിടയിലാണു. ഇതിൽ ഏത് വിധിയാണു നിങ്ങൾ സ്വീകരിക്കുക? 

ഈ വിഷയത്തിൽ നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?” 
“ഇനി ഉള്ളത്‌ അലി رضي الله عنه അമീറുൽ മുഅ്മിനീൻ എന്ന പദവി ഉപേക്ഷിക്കുന്നത്‌ സംബന്ധിച്ചാണല്ലോ? അതിനു നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു മറുപടി ഞാൻ തരാം.
ഹുദൈബിയ്യാ സന്ധിയുടെ ദിവസം അല്ലാഹുവിന്റെ റസൂൽ ﷺ മുശ്‌രിക്കുകളുമായി കരാർ ചെയ്തു. അല്ലാഹുവിന്റെ റസൂൽ ﷺ അലി رضي الله عنه വിനോട്‌ പറഞ്ഞു: ഓ അലീ! എഴുതുക: ഇത്‌ മുഹമ്മദ്‌, അല്ലാഹുവിന്റെ റസൂൽ ഏർപ്പെടുന്ന കരാറാണ്. 
അപ്പോൾ മുശ്‌രിക്കുകൾ പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ റസൂലാണെന്ന്‌ ഞങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പിന്നെ ഞങ്ങൾ നിങ്ങളുമായി യുദ്ധം ചെയ്യേണ്ടതില്ലല്ലോ. 
അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: "ഓ അലീ! അത്‌ മായ്ച്ച്‌ കളഞ്ഞേക്കുക. ഓ അല്ലാഹുവേ! തീർച്ചയായും നിനക്കറിയാമല്ലോ ഞാൻ നിന്റെ റസൂലാണെന്ന്‌. 
ഓ, അലീ! അത്‌ മായ്ച്ച്‌ കളഞ്ഞേക്കുക! എന്നിട്ട്‌ ഇങ്ങനെ എഴുതുക: ഇത്‌ മുഹമ്മദ്‌ ബിൻ അബ്ദുല്ലാഹ്‌ ഏർപ്പെടുന്ന കരാറാണു." 
ഞാൻ അല്ലാഹുവിൽ ശപഥം ചെയ്ത്‌ പറയുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അലി رضي الله عنه വിനേക്കാളും എത്രയോ ഉന്നതനാണു. എന്നിട്ട്‌ പോലും അവിടുന്ന് സ്വന്തം പേർ മായ്ച്ചു കളഞ്ഞു. അത്‌ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ മായ്ച്ചു കളഞ്ഞില്ല.
ഈ വിഷയത്തിലും നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?”
അവർ പറഞ്ഞു: “അതെ.” 
അവരിൽ നിന്നും രണ്ടായിരം പേർ തിരിച്ചു വന്നു. ശേഷിച്ചവർ അവരുടെ അബദ്ധ ധാരണകളെ മുൻ നിർത്തി വിപ്ലവം സൃഷ്ടിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. മുഹാജിറുകളും അൻസ്വാറുകളും അവരോട്‌ പടവെട്ടി.

No comments:

Post a Comment