Friday 23 February 2018

അൽ അഖീദതു ത്വഹാവിയ്യ


            അൽ അഖീദതു ത്വഹാവിയ്യ        


[1] അഹ്‌ലുസ്സുന്നയുടെ വിശ്വാസം - العقيدة أهل السنة താഴെ വിവരിക്കുന്നു:
[2] അല്ലാഹു തൗഫീഖ്‌ ചെയ്യുമെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട്‌ തൗഹീദിനെ കുറിച്ച്‌ നാം പറയുന്നു: അല്ലാഹു ഏകനാണു, അവന്നു ഒരു പങ്കുകാരുമില്ല.
[3] അവനെപ്പോലെ യാതൊന്നുമില്ല.
[4] അവനെ അശക്തനാക്കുന്ന ഒന്നുമില്ല.
[5] അവനല്ലാതെ ഒരു ആരാധ്യനുമില്ല.
[6] ആദിമനായുള്ളവൻ, തുടക്കമില്ലാതെ. എന്നെന്നുമുള്ളവൻ, ഒടുക്കമില്ലാതെ.
[7] നശിക്കാത്തവൻ, അവസാനിക്കാത്തവൻ.
[8] അവൻ ഉദ്ദേശിക്കുന്നതല്ലാതെ ഉണ്ടാകുന്നില്ല.
[9] സങ്കൽപ്പങ്ങൾക്ക്‌ അവനിലേക്ക്‌ എത്താൻ കഴിയില്ല.
[10] ഒരു ബുദ്ധിക്കും അവനെ ഉൾക്കൊള്ളാൻ കഴിയില്ല. സൃഷ്ടികൾ അവനോട്‌ സദൃശമാകുന്നില്ല.
[11] എന്നെന്നും ജീവിക്കുന്നവൻ, ഒരിക്കലും മരിക്കാത്തവൻ.
[12] എല്ലാം നിയന്ത്രിക്കുന്നവൻ, ഉറങ്ങാത്തവൻ.
[13] സൃഷ്ടിപ്പിന്റെ ആവശ്യമില്ലാതെ തന്നെ സൃഷ്ടിക്കുന്നവൻ. പ്രയാസമില്ലാതെ തന്നെ ഉപജീവനം നൽകുന്നവൻ.
[14] ഭയമില്ലാതെ മരിപ്പിക്കുന്നവൻ.
[15] ബുദ്ധിമുട്ട്‌ കൂടാതെ പുനരുജ്ജീവിപ്പിക്കുന്നവൻ.
[16] സൃഷ്ടിപ്പിനു മുമ്പേ അവന്റെ ഗുണവിശേഷണങ്ങളുണ്ടായിരുന്നു.
[17] മുമ്പില്ലാതിരുന്ന ഒരു ഗുണവിശേഷണവും സൃഷ്ടിപ്പ്‌ കാരണം അവനിൽ ഉണ്ടായിട്ടില്ല.
[18] അവന്റെ ഗുണവിശേഷണങ്ങൾ അനാദിയായി ഉണ്ടായിരുന്നത്‌ പോലെ, എന്നെന്നും ശേഷിക്കുകയും ചെയ്യും.
[19] "സ്രഷ്ടാവ്‌ - الخالق" എന്ന നാമം അവ്ന്ന് സൃഷ്ടിപ്പിനു ശേഷം ഉണ്ടായതല്ല.
[20] "ആദ്യമായി ഉണ്ടാക്കിയവൻ - الباري" എന്ന നാമം അവന്നു 'ആദ്യമായി ഉണ്ടാക്കിയ' ശേഷം ഉണ്ടായതല്ല.
[21] "രക്ഷാ കർതൃത്വത്തിന്റെ - الربوبية" അർത്ഥ തലങ്ങൾ അവനുള്ളതാണു, രക്ഷിക്കപ്പെട്ടവന്റെ അർത്ഥ തലങ്ങൾ അവന്നില്ല. "സ്രഷ്ടാവിന്റെ - الخالق" അർത്ഥ തലങ്ങൾ അവനുള്ളതാണു, സൃഷ്ടിയുടെ അർത്ഥ തലങ്ങൾ അവന്നില്ല.
[22] പുനരുജ്ജീവനം നടത്തുന്നതിനു മുമ്പു തന്നെ പുനരുജ്ജീവിപ്പിക്കുന്നവൻ എന്ന നാമം അവനിൽ യാഥാർത്ഥ്യമായതു പോലെ സൃഷ്ടിപ്പിനു മുമ്പു തന്നെ സ്രഷ്ടാവ്‌ എന്ന നാമം അവനിൽ യാഥാർത്ഥ്യമായിരിക്കുന്നു.
[23] അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്‌ എന്നതു കൊണ്ടത്രെ ഇത്‌.
[24] എല്ലാം അവനിലേക്ക്‌ ആശ്രയിക്കുന്നു എന്നത്‌ കൊണ്ടും.
[25] എല്ലാ കാര്യങ്ങളും അവനു എളുപ്പമാണ്‌ എന്നതു കൊണ്ടും.
[26] അവന്ന് ഒന്നിന്റേയും ആവശ്യകത ഇല്ല എന്നതു കൊണ്ടും.
[27] അവനെപ്പോലെ യാതൊന്നുമില്ല, അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്‌.
[28] അവൻ അവന്റെ അറിവിനാൽ - العلم സൃഷ്ടികളെ സൃഷ്ടിച്ചു.
[29] അവരുടെ വിധികളെല്ലാം അവൻ നിർണ്ണയിച്ചു.
[30] അവരുടെ ആയുസ്സ്‌ അവൻ നിശ്ചയിച്ചു.
[31] സൃഷ്ടികളെ സംബന്ധിച്ച ഒന്നും അവയെ സൃഷ്ടിക്കുന്നതിനു മുൻപേ അവൻ അറിയാതിരുന്നിട്ടില്ല.
[32] സൃഷ്ടികൾ എന്ത്‌ പ്രവർത്തിക്കുമെന്ന് അവയെ സൃഷ്ടിക്കുന്നതിനു മുൻപേ അവൻ അറിഞ്ഞു.
[33] അവനെ അനുസരിക്കാൻ അവരോട്‌ കൽപ്പിച്ചു, അവനെ ധിക്കരിക്കുന്നതിനെ തൊട്ട്‌ അവരെ വിലക്കി.
[34] എല്ലാ കാര്യങ്ങളും അവന്റെ വിധി നിർണ്ണയത്തിനനുസരിച്ച്‌ നീങ്ങിക്കൊണ്ടിരിക്കുന്നു.
[35] അവന്റെ ഉദ്ദേശം അതിജയിക്കുന്നു, അവന്റെ ഉദ്ദേശമില്ലാതെ അടിമകൾക്ക്‌ ഒരു ഉദ്ദേശവുമില്ല. അവർക്ക്‌ അവനുദ്ദേശിച്ചത്‌ ഉണ്ടാകുന്നു, ഉദ്ദേശിക്കാത്തത്‌ ഉണ്ടാകുന്നുമില്ല.
[36] അവൻ ഉദ്ദേശിച്ചവർക്ക്‌ അവൻ നേർമാർഗ്ഗം കാണിക്കുന്നു, സംരക്ഷണം നൽകുന്നു, ശ്രേഷ്ഠത - فضل നൽകുന്നു. അവന്റെ നീതിമുറ പ്രകാരം അവൻ ഉദ്ദേശിച്ചവർക്ക്‌ അവൻ ദുർമാർഗ്ഗം കാണിക്കുന്നു, അവർ വഞ്ചിതരാകുന്നു, പരീക്ഷിതരാകുന്നു.
[37] അവന്റെ അനുഗ്രഹത്തിനും നീതി മുറക്കുമിടയിൽ അവന്റെ ഉദ്ദേശമനുസരിച്ച്‌ അവരെല്ലാം ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.
[38] എതിരാളികളേയും സമന്മാരേയും തൊട്ട്‌ അവൻ അത്യുന്നതനാണ്‌.
[39] അവന്റെ വിധിനിർണ്ണയത്തെ തട്ടിയകറ്റുന്നവരില്ല, അവന്റെ വിധിന്യായത്തെ മറികടക്കുന്നവരില്ല, അവന്റെ കൽപ്പനകളെ അതിജയിക്കുന്നവരില്ല.
[40] ഇക്കാര്യങ്ങളിലെല്ലാം നാം വിശ്വസിച്ചിരിക്കുന്നു, അതെല്ലാം അവനിൽ നിന്നു തന്നെയാണെന്നു നാം ദൃഢമായി ഉറപ്പിക്കുന്നു.
[41] മുഹമ്മദ്‌ صلى الله عليه وسلم അവന്റെ അടിമയും, തെരഞ്ഞെടുക്കപ്പെട്ടവനും, വിശിഷ്ട പ്രവാചകനും, തൃപ്തിപ്പെട്ട ദൂതനുമാണെന്നും നാം വിശ്വസിക്കുന്നു.
[42] അദ്ദേഹം അന്ത്യ പ്രവാചകനും മുത്തഖീങ്ങളുടെ ഇമാമാണെന്നും മുർസലീങ്ങളുടെ നേതാവാണെന്നും സർവ്വലോക രക്ഷിതാവിന്റെ പ്രിയപ്പെട്ടവനാണെന്നും നാം വിശ്വസിക്കുന്നു.
[43] അദ്ദേഹത്തിനു ശേഷം നുബൂവത്ത്‌ വാദിച്ചവരെല്ലാം വഴി പിഴച്ചവരാണെന്നും, തന്നിഷ്ടക്കാരാണെന്നും.
[44] അദ്ദേഹം മുഴുവൻ ജിന്നുകളിലേക്കും മനുഷ്യരിലേക്കും യാഥാർത്ഥ്യവും, നേർമാർഗ്ഗവും, പ്രകാശവും, വെളിച്ചവുമായിക്കൊണ്ട്‌ അയക്കപ്പെട്ടവനാണെന്നും.
[45] നിശ്ചയമായും ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്നും.
[46] അത്‌ അവനിൽ നിന്ന് എങ്ങനെയെന്ന് വിശദീകരിക്കാതെ ഇറങ്ങിയതാണെന്നും അവന്റെ റസൂലിന്റെ മേൽ വഹ്‌യ്‌ ആയി ഇറങ്ങിയതാണെന്നും.
[47] മുഅ് മിനീങ്ങൾ ഇതെല്ലാം സത്യമായി സ്വീകരിക്കുന്നു.
[48] അത്‌ യഥാർത്ഥമായും അല്ലാഹുവിന്റെ കലാമാണെന്നും ഉറച്ച്‌ വിശ്വസിക്കുന്നു.
[49] മനുഷ്യരുടെ സംസാരം പോലെ സൃഷ്ടിക്കപ്പെട്ടതല്ലെന്നും.
[50] ആർ അത്‌ കേട്ടതിനു ശേഷം അത്‌ മനുഷ്യരുടെ സംസാരമാണെന്ന് വാദിച്ചുവോ, അവൻ അവിശ്വസിച്ചു.
[51] അവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്‌, സഖർ - (നരകം) കൊണ്ട്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ആല്ലാഹു തആല പറഞ്ഞ പോലെ "വഴിയെ ഞാൻ അവരെ സഖറിൽ (നരകത്തിൽ) ഇട്ട്‌ എരിക്കുന്നതാണു" [മുദ്ദസ്സിർ-26].
[52] "ഇത്‌ മനുഷ്യരുടെ വാക്കല്ലാതെ മറ്റൊന്നുമല്ല" എന്ന് പറഞ്ഞവരെ അല്ലാഹു നരകം കൊണ്ട്‌ മുന്നറിയിപ്പ്‌ നൽകിയപ്പോൾ, അത്‌ മനുഷ്യരുടെ സ്രഷ്ടാവിന്റെ സംസാരമാണെന്ന് നാം ദൃഢമായി മനസ്സിലാകിയിട്ടുണ്ട്‌.
[53] അത്‌ മനുഷ്യരുടെ സംസാരത്തോട്‌ സദൃശ്യമാവുകയില്ല.
[54] ആർ അല്ലാഹുവിനെ മനുഷ്യരുടെ വിശേഷണങ്ങൾ കൊണ്ട്‌ വിശേഷിപ്പിച്ചുവോ, അവൻ അവിശ്വാസിയായി.
[55] ആർ അത്‌ മനസ്സിലാക്കിയോ അവൻ.
[56] അത്‌ ഉൾക്കൊണ്ട്‌ കൊണ്ട്‌ അവിശ്വാസികളുടെ വാദത്തിൽ നിന്ന് വേർതിരിഞ്ഞ്‌ നിന്നു.
[57] അല്ലാഹുവിന്റെ വിശേഷണങ്ങൾ മനുഷ്യരുടെ വിശേഷണം പോലെയല്ലെന്ന് അവൻ മനസ്സിലാക്കി.
[58] സ്വർഗ്ഗാവകാശികൾ അല്ലാഹുവിനെ കാണും എന്നത്‌ യാഥാർത്ഥ്യമാണു, സൂക്ഷ്മമായിട്ടല്ലാതെ, അത്‌ എങ്ങനെ എന്നതിന്റെ വിശദീകരണം ഇല്ലാതെ.
[59] അല്ലാഹുവിന്റെ കിതാബിൽ പറഞ്ഞത്‌ പോലെ "ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതായിരിക്കും. അവരുടെ രക്ഷിതാവിന്റെ നേർക്ക്‌ ദൃഷ്ടി തിരിച്ചവരുമായിരിക്കും".
[60] അതിന്റെ വിശദീകരണം അല്ലാഹു അറിഞ്ഞ പോലെയും അവന്റെ ഉദ്ദേശം പോലെയുമാണ്‌.
[61] ഈ കാര്യത്തിൽ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യിൽ നിന്നുള്ള സ്വഹീഹായ ഹദീസിൽ വന്നതെല്ലാം അവിടുന്ന് പറഞ്ഞ പോലെത്തന്നെയാണ്‌.
[62] അതിന്റെ വിശദീകരണം അവിടുന്ന് വിശദീകരിച്ച പോലെത്തന്നെയാണ്‌.
[63] അതിനെ സ്വന്തം അഭിപ്രായങ്ങൾ കൊണ്ട്‌ വിശദീകരിച്ച്‌ കൊണ്ടും തന്നിഷ്ടങ്ങൾക്കനുസരിച്ചുള്ള സങ്കൽപ്പങ്ങൾ കൊണ്ടും നാം അതിലേക്ക്‌ പ്രവേശിക്കുകയില്ല.
[64] പ്രതാപിയും മഹാനുമായ അല്ലാഹുവിന്നും അവന്റെ റസൂലിന്നും صلى الله عليه وسلم പരിപൂർണ്ണമായി കീഴൊതുങ്ങാത്ത ഒരുവനും തന്റെ ദീനിൽ സുരക്ഷിതനല്ല.
[65] സംശയമുള്ളതിന്റെ വിവരണം അതിനെ സംബന്ധിച്ച്‌ അറിയുന്ന പണ്ഢിതന്മാരിലേക്ക്‌ മടക്കേണ്ടതാണ്‌.
[66] പരിപൂർണ്ണമായ സമർപ്പണവും കീഴടക്കവും ഇല്ലാത്ത ഒരാളുടേയും ഇസ്‌ലാം അടിയുറച്ചതല്ല.
[67] ആർ തന്റെ അറിവിന്റെ പരിധിക്ക്‌ അപ്പുറത്തുള്ളതിനെ അറിയാൻ ഉദ്ദേശിച്ചുവോ, അവരുടെ ബുദ്ധി പരിപൂർണ്ണമായ സമർപ്പണത്തിലേക്ക്‌ തൃപ്തമാകുന്നില്ലയോ അവന്റെ അനിഷ്ടങ്ങൾ നിഷ്ക്കളങ്കമായ തൗഹീദിനെ തൊട്ടും, വ്യക്തമായ അറിവിനെ തൊട്ടും, ശരിയായ വിശ്വാസത്തെ തൊട്ടും അവന്ന് മറയിടപ്പെടുന്നതാണ്‌.
[68] അവൻ ഈമാനിന്നും കുഫ്‌റിന്നും, സത്യത്തിന്നും അസത്യത്തിന്നും, അംഗീകരണത്തിന്നും നിഷേധത്തിന്നുമിടയിൽ ആടിക്കൊണ്ടിരിക്കുന്നതാണ്‌.
[69] അവൻ മന്ത്രണങ്ങൾക്കും സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിധേയനായിരിക്കും, സത്യസന്ധനായ വിശ്വാസിയോ വ്യാജനായ നിഷേധിയോ അല്ലാതെ.
[70] സ്വർഗ്ഗാവകാശികൾ അല്ലാഹുവിനെ കാണുന്നതിനെ സ്വന്തം ഊഹങ്ങൾക്കും ബുദ്ധിക്കും അനുസരിച്ച്‌ വ്യാഖ്യാനിക്കുന്നവന്റെ ഈമാൻ അക്കാര്യത്തിൽ ശരിയാവുകയില്ല.
[71] അല്ലാവിനെ കാണുന്നതിനെ - روية കുറിച്ചും അല്ലാഹുവിന്റെ റുബൂബിയ്യത്തിലേക്ക്‌ ചേർക്കപ്പെടുന്ന അറിവിനെ കുറിച്ചും ഉള്ള വിവരണം വ്യാഖ്യാനം ഉപേക്ഷിച്ച്‌ കൊണ്ടും പരിപൂർണ്ണമായ സമർപ്പണത്തോടെയും ആകേണ്ടതാണ്‌.
[72] ഇതാണു മുസ്‌ലിംകളുടെ ദീൻ. 

[73] ആർ അല്ലാഹുവിന്റെ സ്വിഫത്തുകളെ നിഷേധിക്കുന്നതിനെക്കുറിച്ചും ഉപമിക്കുന്നതിനെക്കുറിച്ചും സൂക്ഷ്മത പാലിക്കുന്നില്ലയോ, അവൻ പിഴച്ചു, അല്ലാഹുവിന്റെ പരിശുദ്ധിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു.
[74] എന്തുകൊണ്ടെന്നാൽ നമ്മുടെ റബ്ബ്‌ മഹത്വമുടയവനാണ്‌, അത്യുന്നതനാണ്‌, ഏകത്വത്തിന്റെ വിശേഷണങ്ങൾ കൊണ്ട്‌ വിശേഷിപ്പിക്കപ്പെട്ടവനാണ്‌.
[75] സൃഷ്ടികളിൽ ഒന്നിനെ പോലെയും അല്ലാതെ പരിപൂർണ്ണമായ ഏകത്വത്തിൽ.
[76] അവൻ പരിമിതികളെയും അതിർത്ഥികളെയും തൊട്ട്‌ ഉന്നതനാണ്‌, അവയവങ്ങളെ തൊട്ടും ഭാഗങ്ങളെ തൊട്ടും (സൃഷ്ടികളെ പോലെയുള്ള) അവൻ ഉന്നതനാണ്‌.
[77] മുഴുവൻ സൃഷ്ടികളെയും പോലെ അവൻ ആറു ദിശകളിൽ ഉൾക്കൊള്ളുന്നവനല്ല.
[78] മിഅ്റാജ്‌ യഥാർത്ഥമാണ്‌, നിശ്ചയം, നബി صلى الله عليه وسلم ഇസ്‌റാഅ് ചെയ്തിട്ടുണ്ട്‌.
[79] അവിടുന്ന് ഉണർന്നിരിക്കുന്ന അവസ്ഥയിൽ ശരീരത്തോട്‌ കൂടെ ഉപരി ഭാഗത്തേക്ക്‌ യാത്ര ചെയ്തിട്ടുണ്ട്‌.
[80] പിന്നെ അല്ലാഹു ഉദ്ദേശിച്ച അത്രയും ഉയരങ്ങളിലേക്ക്‌ അവിടുത്തെ ഉയർത്തി. അല്ലാഹു ഉദ്ദേശിച്ച പോലെ അവിടുത്തെ മഹത്വപ്പെടുത്തി.
[81] അല്ലാഹു ബോധനം നൽകിയതൊക്കെയും ബോധനം നൽകി. "അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല".
[82] അല്ലാഹു അവിടുന്നിനെ ഇഹലോകത്തും പരലോകത്തും അനുഗ്രഹിച്ചു.
[83] തന്റെ ഉമ്മത്തിന്റെ ദാഹം തീക്കാൻ വേണ്ടി അല്ലാഹു നബി صلى الله عليه وسلم ക്ക്‌ അവിടുത്തെ ആദരിച്ച്‌ കൊണ്ട്‌ നൽകിയ ഹൗള്‌ - الحوض സത്യമാണ്‌.
[84] ഉമ്മത്തുകൾക്ക്‌ വേണ്ടി കരുതി വെച്ച ശഫാഅത്ത്‌ -  الشفاعة യഥർത്ഥമാണ്‌, ഹദീഥിൽ വന്നതു പോലെ.
[85] ആദം عليه السلام ൽ നിന്നും അദ്ദേഹത്തിന്റെ സന്തതികളിൽ നിന്നും അല്ലാഹു സ്വീകരിച്ച കരാർ സത്യമാണ്‌.
[86] സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടേയും നരകത്തിൽ പ്രവേശിക്കുന്നവരുടേയും എണ്ണം അല്ലാഹു ആദിമമായിത്തന്നെ കൃത്യമായി അറിഞ്ഞിരിക്കുന്നു, അത്‌ കൂടുകയോ കുറായുകയോ ഇല്ല.
[87] അതുപോലെ തന്നെ അവർ ചെയ്യാനുള്ള പ്രവൃത്തികളും അവൻ അറിഞ്ഞിരിക്കുന്നു.
[88] ഓരോരുത്തരും അവർ സൃഷ്ടിക്കപ്പേട്ടതിലേക്ക്‌ എളുപ്പമാക്കപ്പെട്ടിരിക്കുന്നു.
[89] പ്രവൃത്തികളുടെ ഫലങ്ങൾ അവയുടെ അന്ത്യത്തിനു അനുസരിച്ചാണ്‌.
[90] സൗഭാഗ്യവാൻ അല്ലാഹുവിന്റെ വിധിയാൽ സൗഭാഗ്യവനായവനാണ്‌, ദൗഭാഗ്യവാൻ അല്ലാഹുവിന്റെ വിധിയാൽ ദൊർഭാഗ്യവനായവനാണ്‌.
[91] അല്ലാഹുവിന്റെ വിധി അവന്റെ സൃഷ്ടികളെ സംബന്ധിച്ച്‌ അവന്റെ രഹസ്യങ്ങളിൽ പെട്ടതാണ്‌.
[92] മുഖർറബായ മലക്കിന്നോ മുർസലീംകളിൽ പെട്ട നബിക്കോ അതിനെപ്പറ്റി അറിവില്ല.
[93] ആ കാര്യങ്ങളിലേക്ക്‌ ആണ്ടിറങ്ങലും അതിനെപ്പറ്റി ആഴത്തിൽ ചിന്തിക്കലും നഷ്ടത്തിലേക്കും നാശത്തിലേക്കും നയിക്കുന്നു. അത്‌ ഹറാമിലേക്കുള്ള ചവിട്ടുപടിയാണ്‌, ധിക്കാരത്തിൽ പെട്ടതാണ്‌.
[94] ഇക്കാര്യത്തെ പറ്റിയുള്ള ചിന്തയേയും മനനത്തേയും സംശയങ്ങളേയും തൊട്ട്‌ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്‌.
[95] എന്തു കൊണ്ടെന്നാൽ വിധിയെ സംബന്ധിച്ച അറിവ്‌ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്ന് മറച്ച്‌ വെച്ചിരിക്കുന്നു.
[96] അതിനെ തൊട്ടുള്ള സംശയങ്ങളെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്‌.
[97] അല്ലാഹു തആല അവന്റെ കിതാബിൽ പറഞ്ഞതു പോലെ "അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പേടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പേടുന്നതുമാണ്‌.
[98] അതുകൊണ്ട്‌ 'എന്ത്‌ കൊണ്ട്‌ അല്ലാഹു അത്‌ ചെയ്തു?' എന്ന്‌ ചോദിക്കുന്നവർ അല്ലാഹുവിന്റെ കിതാബിന്റെ വിധിയെ മറികടന്നിരിക്കുന്നു.
[99] അല്ലാഹുവിന്റെ കിതാബിന്റെ വിധിയെ ആർ മറികടന്നുവോ, അവൻ അവിശ്വാസിയായിരിക്കുന്നു.
[100] ഇത്‌ അല്ലാഹുവിന്റെ ഔലിയാക്കളിൽ ഹൃദയം പ്രകാശപൂറിതമായവർക്ക്‌ മൊത്തത്തിൽ അറിയുന്ന കാര്യമാണ്‌.
[101] അത്‌ അറിവിൽ അടിയുറച്ചവരുടെ പദവിയാണ്‌.
[102] നിശ്ചയം, വിജ്ഞാനം രണ്ട്‌ തരമുണ്ട്‌: സൃഷ്ടികൾക്ക്‌ കരഗതമാക്കാൻ കഴിയുന്ന അറിവും സൃഷ്ടികൾക്ക്‌ കരഗതമാക്കാൻ കഴിയാത്ത അറിവും.
[103] കരഗതമാക്കാൻ കഴിയുന്ന അറിവിനെ നിഷേധിക്കൽ കുഫ്‌റാണ്‌. കരഗതമാക്കാൻ കഴിയാത്ത അറിവിനെ അവകാശപ്പെടുന്നത്‌ കുഫ്‌റാണ്‌.
[104] കരഗതമാക്കാവുന്ന മനുഷ്യർക്ക്‌ സ്വീകരിക്കാൻ സാധ്യമായ അറിവിനെ സ്വീകരിച്ചും കരഗതമാക്കാൻ സാധ്യമല്ലലാത്ത അറിവിനെ തേടൽ ഉപേക്ഷിച്ചും അല്ലാതെ ഈമാൻ ദൃഢമാവുകയില്ല.
[105] സുരക്ഷിത ഫലകത്തിലും - اللوح പേനയിലും - القلم അതിൽ എഴുതിവെച്ചതിലും നാം വിശ്വസിക്കുന്നു.
[106] സംഭവിക്കും എന്ന്‌ അല്ലാഹു എഴുതി വെച്ച ഒരു കാര്യം സംഭവിക്കാതിരിക്കാൻ സൃഷ്ടികളെല്ലാം ഒരുമിച്ച്‌ ചേർന്നാലും അവർക്കതിന്‌ കഴിയുകയില്ല. അതുപോലെ, സംഭവിക്കില്ല എന്ന്‌ അല്ലാഹു എഴുതി വെച്ച ഒരു കാര്യം സംഭവിക്കാൻ സൃഷ്ടികളെല്ലാം ഒത്തു ചേർന്നാലും അവർക്കതിന്‌ കഴിയുകയില്ല.
[107] പേന വറ്റിയിരിക്കുന്നു, ഖിയാമത്ത്‌ നാൾ വരെ സംഭവിക്കാനിരിക്കുന്നതെല്ലാം രേഖപ്പെടുത്തിയതിനു ശേഷം. ഒരു മനുഷ്യന്‌ നഷ്ടപ്പെട്ടതൊന്നും അവന്ന്‌ കിട്ടുന്നത്‌ ആയിരുന്നില്ല, അതുപോലെ ഒരു മനുഷ്യന്‌ കിട്ടിയതൊന്നും അവന്ന്‌ നഷ്ടപ്പെടുന്നതും ആയിരുന്നില്ല.
[108] തന്റെ സൃഷ്ടിയിൽ സംഭവിക്കാനിരിക്കുന്നതിനെ സംബന്ധിച്ച എല്ലാ അറിവും അല്ലാഹുവിൽ മുൻകടന്നിട്ടുണ്ടെന്ന്‌ ഒരു അടിമ അറിഞ്ഞിരിക്കേണ്ടതാണ്‌.
[109] അതിന്റെ വിധി വ്യക്തമായും പൂർണ്ണമായും നിശ്ചയിക്കപ്പെട്ടതാണ്‌.
[110] അവന്റെ ഭൂമിയിലോ ആകാശങ്ങളിലോ ഉള്ള ഒരു സൃഷ്ടിയിലും അതിനെ തിരുത്തുന്നതോ, അതിനെ മായ്ക്കുന്നതോ, മാറ്റുന്നതോ, കുറക്കുന്നതോ, കൂടുന്നതോ ആയ ഒന്നും ഇല്ല.
[111] ഇത്‌ വിശ്വാസത്തിന്റെ അടിത്തറയാണ്‌, അറിവിന്റെ അടിസ്ഥാനമാണ്‌.
[112] തൗഹീദിലും റുബൂബിയ്യത്തിലുമുള്ള തിരിച്ചറിവാണ്‌. അല്ലാഹു പറഞ്ഞ പോലെ, "അവൻ എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചു, എന്നിട്ട്‌ നിർണ്ണിതമായ അവധി നിർണ്ണയിക്കുകയും ചെയ്തു." ഫുർഖാൻ 25:2.
"അല്ലാഹുവിന്റെ കൽപ്പന നിർണ്ണയിക്കപ്പെട്ട വിധിയാണ്‌" അഹ്‌സാബ്‌ 33:38.
[113] അല്ലാഹുവിന്റെ വിധി നിർണ്ണയത്തെ സംബന്ധിച്ച്‌ ശത്രുത കാണിക്കുന്നവന്ന് നാശം.
[114] രോഗാതുരമായ മനസ്സോടെ ഇക്കാര്യങ്ങളിലേക്ക്‌ ആണ്ടിറങ്ങാൻ ശ്രമിക്കുന്നവർക്കും.
[115] ഊഹങ്ങളിൽ അധിഷ്ഠിതമായിക്കൊണ്ട്‌, غيب - അദൃശ്യ കാര്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കുന്നവർക്കും.
[116] അവൻ വ്യാജ വാദിയും പാപിയുമായി ഒടുങ്ങുന്നു.
[117] അർശും കുർസിയ്യും യാഥാർത്ഥ്യമാണ്‌.
[118] അവൻ അർശിനെയും അതിന്റെ താഴെയുള്ളതിനെ സംബന്ധിച്ചും ധന്യനാണ്‌.
[119] അവൻ അവന്റെ അറിവിനാൽ എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു, കീഴ്പ്പെടുത്തിയിരിക്കുന്നു.
[120] അവന്റെ സൃഷ്ടികൾ അവനെ വലയം ചെയ്യുന്നതിനെ സംബന്ധിച്ച്‌ അശക്തരാണ്‌.
[121] നാം വിശ്വസിച്ചു കൊണ്ടും സത്യപ്പെടുത്തിക്കൊണ്ടും കീഴൊതുങ്ങിക്കൊണ്ടും പറയുന്നു: അല്ലാഹു ഇബ്രാഹീം عليه السلام നെ خليل - കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു; മൂസ عليه السلام നോട്‌ സംസാരിച്ചിരിക്കുന്നു.
[122] നാം മലക്കുകളിലും നബിമാരിലും വിശ്വസിക്കുന്നു.
[123] ഗ്രന്ഥങ്ങളിലും മുർസലുകൾക്ക്‌ ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു. അവർ വ്യക്തമായ സത്യത്തിൽ തന്നെയായിരുന്നൂവെന്ന്‌ നാം സാക്ഷ്യം വഹിക്കുന്നു.
[124] നമ്മുടെ കിബ്‌ലയുടെ അഹ്‌ലുകാരെ നാം മുസ്‌ലിംകളെന്നും മുഅ്മിനുകളെന്നും വിളിക്കുന്നു.
[125] നബി صلى الله عليه وسلم കൊണ്ട്‌ വന്നതെന്തോ അതിനെ സ്വീകരിക്കുന്നതും സത്യപ്പെടുത്തുന്നതും ആയ കാലത്തോളം.
[126] അല്ലാഹുവിനെ സംബന്ധിച്ച പാഴ്‌ വർത്തമാനങ്ങളിലും അവന്റെ ദീനിനെ സംബന്ധിച്ച തർക്കങ്ങളിലും നാം ഏർപ്പെടുന്നില്ല.
[127] ഖുർആനെ സംബന്ധിച്ച്‌ നാം തർക്കത്തിൽ ഏർപ്പെടുന്നില്ല. അത്‌ റബ്ബുൽ ആലമീന്റെ കലാമാണെന്ന്‌ നാം സാക്ഷ്യം വഹിക്കുന്നു.
[128] വിശ്വസ്തനായ മലക്ക്‌ അതും കൊണ്ട്‌ ഇറങ്ങിയതാണെന്നും മുർസലുകളുടെ നേതാവായ മുഹമ്മദ്‌ صلى الله عليه وسلم ക്ക്‌ പഠിപ്പിച്ചതാണെന്നും.
[129] അത്‌ അല്ലാഹു തആലയുടെ കലാമാണെന്നും അത്‌ സൃഷ്ടികളുടെ ഒന്നിന്റേയും കലാമിനോട്‌ സാദൃശ്യപ്പെടുത്താവുന്നതല്ലെന്നും.
[130] അത്‌ സൃഷ്ടിയാണെന്ന്‌ നാം പറയുന്നില്ല. മുസ്‌ലിം ജമാഅത്തിനോട്‌ ഇക്കാര്യത്തിൽ നാം ഭിന്നിക്കുകയില്ല.
[131] അഹ്‌ലുൽ കിബ്‌ലയിൽ പെട്ട ആരെയും നാം കാഫിർ എന്ന്‌ പറയുകയില്ല - അവരിൽ നിന്ന്‌ സംഭവിച്ചേക്കാവുന്ന പാപങ്ങൾ കാരണമായി, അവർ അതിനെ ഹലാലാക്കാത്തിടത്തോളം കാലം.
[132] ഈമാനുള്ള ഒരാളുടെ പാപങ്ങൾ അയാൾക്ക്‌ ദ്രോഹകരമായി ഭവിക്കുകയില്ല എന്ന്‌ നാം പറയുന്നില്ല.
[133] മുഅ്മിനീങ്ങളിൽ നിന്നു നിഷ്‌കളങ്കരായവർക്ക്‌ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും അവന്റെ കാരുണ്യത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്നും നാം പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ നാം തീർച്ചയുള്ളവരല്ല. അവർക്ക്‌ സ്വർഗ്ഗം കൊണ്ട്‌ നാം സാക്ഷ്യം വഹിക്കുന്നുമില്ല.
[134] അവരുടെ തെറ്റുകൾക്ക്‌ നാം പാപമോചനത്തിന്‌ പ്രാർത്ഥിക്കുന്നു. നാം അവരെക്കുറിച്ച്‌ ഭയപ്പാടുള്ളവരാണ്‌, എന്നാൽ അക്കാര്യത്തിൽ നാം നിരാശരല്ല.
[135] നിർഭയത്വവും നിരാശയും അയാളെ ഇസ്‌ലാം മതത്തിൽ നിന്നും പുറത്താകാൻ കാരണമാക്കുന്നു.
[136] സത്യത്തിന്റെ മാർഗ്ഗം അഹ്‌ലുൽ കിബ്‌ലയെ സംബന്ധിച്ചിടത്തോളം  ഇവ രണ്ടിനും  ഇടക്കുള്ളതണ്‌.
[137] ഒരു അടിമ ഏതു കാരണത്താൽ വിശ്വാസത്തിലേക്ക്‌ എത്തിയോ അതിനെ നിഷേധിക്കുന്നത്‌ വരെ അവൻ അതിൽ നിന്ന്‌ പുറത്താവുകയില്ല.
[138] ഈമാൻ എന്നുള്ളത്‌ ഹൃദയം കൊണ്ട്‌ സ്വീകരിക്കലും നാവു കൊണ്ട്‌ സ്ഥിരീകരിക്കലുമാണ്‌.
[139] റസൂൽ صلى الله عليه وسلم യിൽ നിന്ന്‌ സ്വഹീഹായി ശർആയും വിശദീകരണമായും വന്നതെല്ലാം സത്യമാണ്‌.
[140] ഈമാൻ ഒന്ന്‌ മാത്രമാണ്‌.
[141] അതിന്റെ അഹ്‌ലുകാർ അടിസ്ഥാന പരമായി സമമാണ്‌. അവരിൽ ചിലർ ശ്രേഷ്ഠരാകുന്നത്‌ അവരുടെ ഭയഭക്തിയും തഖ്‌വയും ദേഹേച്ഛകളിൽ നിന്നും ഒഴിവാകലും അല്ലാഹുവിലേക്കുള്ള അടുപ്പവും കാരണമാണ്‌.
[142] മുഅ്മിനീങ്ങൾ എല്ലാവരും അല്ലാഹുവിലേക്ക്‌ അടുത്തവരാണ്‌. അവരിൽ ഏറ്റവും മഹത്വമുള്ളവർ ഏറ്റവും അനുസരണയുള്ളവരും ഖുർആനെ പൂർണ്ണമായി പിൻപറ്റുന്നവരുമാണ്‌.
[143] ഈമാൻ എന്നാൽ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യ ദിനത്തിലും വിധിയിലും - അതിന്റെ നന്മയിലും തിന്മയിലും അതിന്റെ മാധുര്യത്തിലും കയ്പ്പിലും, എല്ലാം അല്ലാഹുവിൽ നിന്നുമാണ്‌ - ഉള്ള വിശ്വാസമാണ്‌.
[144] നാം അതിലെ മുഴുവൻ കാര്യങ്ങളിലും വിശ്വാസമുള്ളവരാണ്‌.
[145] നാം അവന്റെ പ്രവാചകന്മാർക്കിടയിൽ വിവേചനം കാണിക്കുന്നവരല്ല. അവരെല്ലാം എന്തൊന്നുമായി വന്നുവോ അതിനെ സത്യപ്പെടുത്തുന്നവരാണ്‌.
[146] റസൂൽ صلى الله عليه وسلم ന്റെ ഉമ്മത്തിൽ നിന്ന്‌ പാപങ്ങൽ ചെയ്തവർ നരക ശിക്ഷക്ക്‌ വിധേയരാകുന്നവരാണെന്നും എന്നാൽ അവർ തൗഹീദ്‌ ഉള്ളവരായാണ്‌ മരണപ്പെടുന്നതെങ്കിൽ അതിൽ അവർ ശാശ്വതരായിരിക്കുകയില്ലെന്നും നാം വിശ്വസിക്കുന്നു.
[147] തൗബ ചെയ്തിട്ടില്ലെങ്കിൽ കൂടി, മുഅ്മിനീങ്ങൾ ആയിട്ടാണ്‌ അല്ലാഹുവിനെ കണ്ടുമുട്ടുന്നതെങ്കിൽ അവർ അവന്റെ ഉദ്ദേശത്തിനും വിധിക്കും വിധേയരായിരിക്കും. അവൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ ഉദാരത കൊണ്ട്‌ പൊറുത്തു കൊടുക്കും. അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതു പോലെ, അതല്ലാത്തതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തു കൊടുക്കും. അവൻ ഉദ്ദേശിച്ചാൽ അവന്റെ നീതി മുറപ്രകാരം അവരെ നരകത്തിൽ ശിക്ഷിക്കും.
[148] പിന്നെ അവന്റെ കാരുണ്യത്താലും അവനെ അനുസരിച്ചവരുടെ ശുപാർശയാലും നരകത്തിൽ നിന്ന്‌ അവരെ പുറത്ത്‌ കടത്തും.  പിന്നെ അവരെ സ്വർഗ്ഗത്തിൽ പുനർജ്ജീവിപ്പിക്കും.
[150] അത്‌ അല്ലാഹു അവനെ അറിഞ്ഞവരുടെ സംരക്ഷകനാണ്‌ എന്നതിനാലാണ്‌. അവനെ നിഷേധിക്കുന്നവരെപ്പോലെയും, അവന്റെ ഹിദായത്തും സംരക്ഷണവും ലഭിക്കാത്തവരെപ്പോലെയും അവരെ കണക്കാക്കാത്തത്‌ കൊണ്ടുമാണ്‌.
[151] അല്ലാഹുവേ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷകനേ... നിന്നെ കണ്ടുമുട്ടുന്നതുവരേയും ഞങ്ങളെ ഇസ്‌ലാമിൽ അടിയുറപ്പിച്ച്‌ നിർത്തേണമേ.
[152] കിബ്‌ലയുടെ അഹ്‌ലുകാരിൽ നിന്നുള്ള ആരുമാകട്ടെ, അവർ നല്ലവരാകട്ടെ, അല്ലാത്തവരാകട്ടെ, അവരുടെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുമെന്ന്‌ നാം പറയുന്നു. അവർ മരണമടയുകയാണെങ്കിൽ അവർക്ക്‌ വേണ്ടി മയ്യത്ത്‌ നമസ്കരിക്കുമെന്നും നാം പറയുന്നു.
[153] അവർ നരകത്തിലാണെന്നോ സ്വർഗ്ഗത്തിലാണെന്നോ നാം പറയുന്നില്ല.
[154] അവരെ കുഫ്‌ർ കൊണ്ടോ ശിർക്ക്‌ കൊണ്ടോ നിഫാഖ്‌ കൊണ്ടോ നാം സാക്ഷ്യപ്പെടുത്തുന്നില്ല. അതിൽ നിന്ന്‌ ഒന്നും തന്നെ അവരിൽ പ്രകടമാകാത്തിടത്തോളം കാലം.
[155] അവരുടെ രഹസ്യങ്ങൾ നാം അല്ലാഹുവിലേക്ക്‌ വിടുന്നു.
[156] ശരീഅത്ത്‌ പ്രകാരം അനുവദനീയമാകാത്തിടത്തോളം കാലം മുഹമ്മദ്‌ صلى الله عليه وسلم യുടെ ഉമ്മത്തിൽ നിന്ന്‌ ഒരാളെയും കൊലപ്പെടുത്തുന്നത്‌ അനുവദനീയമായി കരുതുന്നില്ല.
[157] നമ്മുടെ നേതാക്കൾക്ക്‌ എതിരെയോ ഇമാമുകൾക്ക്‌ എതിരെയോ നാം പുറപ്പെടുന്നതല്ല.
[158] അവർ നീതിമാന്മാരല്ലെങ്കിൽ പോലും.
[159] അവർക്ക്‌ ചീത്ത കാര്യങ്ങൾ വന്ന് ഭവിക്കാൻ നാം ആഗ്രഹിക്കുന്നില്ല.
[160] നാം അവർക്കുള്ള അനുസരണത്തിൽ നിന്ന്‌ വിട്ടൊഴിയുന്നുമില്ല.
[161] അവർക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗമാണെന്നും നാം വിശ്വസിക്കുന്നു - അവർ പാപങ്ങളെക്കൊണ്ട്‌ കൽപിക്കാത്തിടത്തോളം കാലം.
[162] അവർക്ക്‌ നാം നന്മയും പൊറുക്കലിനെയും തേടുന്നു.
[163] നാം സുന്നത്തിനെയും ജമാഅത്തിനെയും പിന്തുടരുന്നു. അഭിപ്രായ വ്യത്യാസങ്ങളേയും ഭിന്നിപ്പിനേയും വ്യതിയാനങ്ങളേയും നാം വെടിയുകയും ചെയ്യുന്നു.
[164] നീതിമാന്മാരേയും വിശ്വസ്‌തരേയും നാം സ്നേഹിക്കുന്നു. നീതി നിഷേധകരേയും വഞ്ചകരേയും നാം വെറുക്കുന്നു.
[165] എന്തിനെയെങ്കിലും സംബന്ധിച്ച നമ്മുടെ അറിവ്‌ വ്യക്തമല്ലാതായാൽ അല്ലാഹുവിന്‌ അറിയാം എന്നു നാം പറയുന്നു.
[166] യാത്രയിലോ അല്ലാത്തപ്പോഴോ ആകട്ടെ, വുളൂഇൽ ഖുഫ്ഫയിൽ തടവുന്നത്‌ - ഹദീസിൽ വന്നത്‌ എപ്രകാരമാണോ അപ്രകാരം നാം കാണുന്നു.
[167] ഹജ്ജും ജിഹാദും മുസ്‌ലിംകളിൽ നിന്നുള്ള കൈകാര്യ കർത്താക്കളുടെ കീഴിലാണ്‌, അവർ നല്ലവരാകട്ടെ, ചീത്തയാകട്ടെ, അന്ത്യനാൾ വരേയും അതിൽ നിന്ന്‌ ഒന്നും കുറക്കുകയോ മാറുകയോ ഇല്ല.
[168] എഴുത്തുകാരായിട്ടുള്ള മലക്കുകളിൽ നാം വിശ്വസിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ നമ്മുടെ സംരക്ഷകരാക്കിയിട്ടുണ്ട്‌.
[169] മലക്കുൽ  മൗത്തിലും മുഴുവൻ ലോകരുടേയും ആത്മാക്കളെ പിടിക്കുന്നവരായി ഏൽപ്പിക്കപ്പെട്ടവരിലും നാം വിശ്വസിക്കുന്നു.
[170] ഖബർ ശിക്ഷയിലും മുൻകർ നകീറിന്റെ ചോദ്യം ചെയ്യലിലും, റബ്ബിനെ കുറിച്ചും ദീനിനെ കുറിച്ചും നബിയെ  കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്നതിനെ കുറിച്ചും ഇക്കാര്യങ്ങളിൽ അല്ലാഹുവിന്റെ റസൂലിൽ നിന്നും അവിടുത്തെ സ്വഹാബാക്കളിൽ നിന്നും വന്നിട്ടുള്ള മുഴുവൻ കാര്യങ്ങളും നാം വിശ്വസിക്കുന്നു.
[171] ഖബർ സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒന്നായേക്കാമെന്നും അല്ലെങ്കിൽ നരകക്കുഴികളിൽ പെട്ട ഒന്നായേക്കാമെന്നും നാം വിശ്വസിക്കുന്നു.
[172] പുനരുത്ഥാനത്തിലും ഖിയാമത്ത്‌ നാളിൽ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകൽ, പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കപ്പെടൽ, കണക്ക്‌ നോക്കൽ, ഗ്രന്ഥം വായിക്കൽ, പ്രതിഫലവും ശിക്ഷയും, സ്വിറാത്ത്‌, മീസാൻ, ഇവയിലെല്ലാം നാം വിശ്വസിക്കുന്നു.
[173] സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടതാണെന്നും അവ ഒരിക്കലും നശിക്കുകയോ അവസാനിക്കുകയോ ഇല്ലെന്നും നാം വിശ്വസിക്കുന്നു.
[174] സൃഷ്ടിപ്പിന്‌ മുമ്പ്‌ തന്നെ സ്വർഗ്ഗവും നരകവും അതിന്റെ അഹ്‌ലുകാരെയും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടെന്നും നാം വിശ്വസിക്കുന്നു.
[175] അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ ഔദാര്യത്താൽ സ്വർഗ്ഗത്തിലും അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ നീതിമുറ പ്രകാരം നരകത്തിലും പ്രവേശിപ്പിക്കുന്നു.
[176] ഓരോരുത്തരും അവന്ന്‌ വിധിച്ചതെന്തോ അതിന്‌ അനുസൃതമയി പ്രവർത്തിക്കുന്നു, ഓരോരുത്തരും അവൻ സൃഷ്ടിക്കപ്പെട്ടത്‌ എന്തിനോ അതിലേക്ക്‌ പൊകുന്നു.
[177] നന്മയും തിന്മയും അടിമയുടെ മേൽ വിധി നിർണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു.
[178] അല്ലാഹുവിന്റെ തൗഫീഖ്‌ കൊണ്ട്‌ ഉണ്ടാകുന്ന ഒരു പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ സൃഷ്ടികൾക്ക്‌ വകവെച്ച്‌ കൊടുക്കാവുന്നതല്ല, അത്‌ ആ പ്രവൃത്തിയോട്‌ കൂടെത്തന്നെയുള്ളതാണ്‌ (അല്ലാഹുവിന്റെ തൗഫീഖോടെ ഉണ്ടാകുന്നതാണ്‌). ആ പ്രവൃത്തി ചെയ്യാനുള്ള ശാരീരിക ശക്തിയും ആരോഗ്യവും കഴിവും സാധ്യതയും എല്ലാം ആ പ്രവൃത്തിക്ക്‌ മുമ്പേ ഉള്ളതാണ്‌. അതിന്മേലാണ്‌ സൃഷ്ടിയുടെ ഉത്തരവാദിത്വം നിലകൊള്ളുന്നത്‌. അല്ലാഹു പറഞ്ഞത്‌ പോലെ "ഒരു ആത്മാവിനോടും അല്ലാഹു അതിന്‌ സാധ്യമായതല്ലാതെ കൽപിക്കുകയില്ല" 2:286.
[179] സൃഷ്ടികളുടെ പ്രവൃത്തി അല്ലാഹു സൃഷ്ടിച്ചതാണ്‌, എന്നാൽ അത്‌ സമ്പാദിക്കുന്നത്‌ സൃഷ്ടികളാണ്‌.
[180] അവർക്ക്‌ സാധ്യമായതല്ലാതെ അല്ലാഹു അവരോട്‌ ആവശ്യപ്പെടുന്നില്ല (കൽപിക്കുന്നില്ല).
[181] അവർ ബാധ്യത ഏൽപ്പിക്കപ്പെട്ടതല്ലാതെ അവർക്ക്‌ ചെയ്യാനും കഴിയുന്നതല്ല.
[182] 'അല്ലാഹുവിനല്ലാതെ ഒരു കഴിവും ശക്തിയുമില്ല' എന്നതിന്റെ വിശദീകരണം ഇതാണ്‌. അല്ലാഹുവിനെ ധിക്കരിച്ച്‌ കൊണ്ട്‌ ആർക്കും ഒരു കൗശലമോ നീക്കമോ മാറ്റമോ സാധ്യമല്ല, അല്ലാഹുവിന്റെ സഹായമില്ലാതെ. അല്ലാഹുവിനെ അനുസരിച്ച്‌ കൊണ്ട്‌ ആർക്കും അടിയുറച്ച്‌ നിൽക്കാൻ സാധ്യമല്ല, അവന്റെ തൗഫീഖില്ലാതെ.
[183] എല്ലാം അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച്‌ അവന്റെ അറിവിനാലും നീതിയാലും വിധി നിർണ്ണയത്താലും ചലിച്ചു കൊണ്ടിരിക്കുന്നു.
[184] അവന്റെ ഉദ്ദേശം എല്ലാ ഉദ്ദേശങ്ങളെയും മറികടന്നിരിക്കുന്നു.
[185] അവന്റെ വിധി എല്ലാ സൂത്രപ്പണിയും  മറികടന്നിരിക്കുന്നു.
[186] അവൻ ഉദ്ദേശിക്കുന്നത്‌ അവൻ പ്രവർത്തിക്കുന്നു. അവൻ ഒരിക്കലും അക്രമിയല്ല. അവൻ ന്യൂനതകളെയും തെറ്റുകളെയും തൊട്ട്‌ പരിശുദ്ധനാണ്‌.
[187] അവൻ ചെയ്യുന്നതിനെ തൊട്ട്‌ ചോദിക്കപ്പെടുകയില്ല, അവരാകട്ടെ ചോദിക്കപ്പെടും.
[188] ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകളിലും സ്വദഖകളിലും മരിച്ചവർക്ക്‌ പ്രയോജനങ്ങളുണ്ട്‌.
[189] അല്ലാഹു തആല പ്രാർത്ഥനക്ക്‌ ഉത്തരം നൽകുന്നു, ആവശ്യങ്ങൾ നിറവേറ്റുന്നു.
[190] അവൻ എല്ലാറ്റിനേയും ഉടമപ്പെടുത്തുന്നു, അവനെ ഉടമപ്പെടുത്തുന്ന ഒന്നുമില്ല.
[191] ആരും കണ്ണിമ വെട്ടുന്ന നേരം പോലും അല്ലഹുവിനെ ആശ്രയിക്കാത്തവനായില്ല.
[192] ആരെങ്കിലും കണ്ണിമവെട്ടുന്ന നേരത്തേക്ക്‌ പോലും അല്ലാഹുവിനെ ആശ്രയിക്കേണ്ടെന്ന് കരുതിയാൽ അവൻ അവിശ്വാസിയായി, മതത്തിൽ നിന്ന്‌ പുറത്ത്‌ പോയവനായി.
[193] അല്ലാഹു കോപിക്കുകയും സംതൃപ്തനാവുകയും ചെയ്യുന്നു, സൃഷ്ടികളിൽ നിന്ന്‌ ഒന്നിനേയും പോലെയല്ലാതെ.
[194] നാം റസൂൽ صلى الله عليه وسلم യുടെ സ്വഹാബികളെ സ്നേഹിക്കുന്നു.
[195] അവരോടുള്ള സ്നേഹത്തിൽ നാം പ്രത്യേകം അരോടും അമിതമാക്കുന്നില്ല.
[196] ആരെയും ഒഴിച്ച്‌ നിർത്തുന്നുമില്ല.
[197] അവരെ വെറുക്കുന്നവരെ നാം വെറുക്കുന്നു.
[198] അങ്ങനെയുള്ളവരിൽ ഒരു നന്മയും നാം കരുതുന്നില്ല, നന്മയെല്ലാം സ്വഹാബികളിലാണെന്ന്‌ നാം കരുതുന്നു.
[199] അവരോടുള്ള സ്നേഹം ദീനാണ്‌, ഈമാനാണ്‌, ഇഹ്‌സാനാണ്‌. അവരോടുള്ള വെറുപ്പ്‌ കുഫ്‌റാണ്‌, കാപഠ്യമാണ്‌, ധിക്കാരമാണ്‌.
[200] നബി صلى الله عليه وسلم ക്ക്‌ ശേഷം ഖിലാഫത്തിന്‌ അർഹൻ അബൂബക്കർ സിദ്ദീഖ്‌ رضي الله عنه തന്നെയാണെന്ന്‌ നാം ഉറപ്പിക്കുന്നു, മുഴുവൻ ഉമ്മത്തുകളിൽ വെച്ച്‌ അദ്ദേഹത്തിനുള്ള ശ്രേഷ്ഠത കാരണം. പിന്നെ ഉമർ ബിൻ ഖത്വാബ്‌ رضي الله عنه വിനാണെന്നും, പിന്നെ ഉസ്മാൻ رضي الله عنه വിനാണെന്നും, പിന്നെ അലിയ്യ്‌ ബ്‌നു അബീ ത്വാലിബ്‌ رضي الله عنه വിനാണെന്നും. അവർ സച്ഛരിതരായ ഖലീഫമാരാണ്‌, സന്മാർഗ്ഗചാരികളായ നേതാക്കളാണ്‌.
[201] റസൂൽ صلى الله عليه وسلم പേർ വിളിച്ച്‌ സ്വർഗ്ഗം കൊണ്ട്‌ സന്തോഷ വാർത്ത അറിയിച്ച പത്തുപേരും, അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അവർക്ക്‌ അക്കാര്യത്തിൽ സാക്ഷ്യം വഹിച്ചതു പോലെ തന്നെ നാം യാഥാർത്ഥ്യമായി കണക്കാക്കുന്നു. അവർ ഇവരാണ്‌:
 അബൂബക്കർ
 ഉമർ
 ഉസ്‌മാൻ
 അലി
 ത്വൽഹ
 സുബൈർ
 സഅദ്‌
 സഈദ്‌
 അബ്ദുർറഹ്‌മാന്‌ബ്നു ഔഫ്‌
 അബൂ ഉബൈദത്തുൽ ജർറാഹ്‌
അവർ ഈ ഉമ്മത്തിലെ വിശ്വസ്തരാണ്‌. അല്ലാഹുവിന്റെ തൃപ്തി അവരിൽ എല്ലാവരിലും ഉണ്ടാവട്ടെ.
[202] ആർ അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബാക്കളെയും അവിടുത്തെ പരിശുദ്ധരായ ഇണകളേയും സന്തതികളേയും കുറിച്ച്‌ നല്ലത്‌ സംസാരിച്ചുവോ അവൻ കാപഠ്യത്തിൽ നിന്ന്‌ ഒഴിവായി.
[203] മുൻകടന്നു പോയ സലഫുകളായ ഉലമാക്കളേയും താബിഈങ്ങളേയും - അവരിൽ പെട്ട നന്മയുടേയും ഹദീസിന്റെയും ഫിഖ്ഹിന്റെയും ചിന്തയുടേയും ആളുകളേയും - കുറിച്ച്‌ നല്ലതല്ലാതെ ചിന്തിക്കരുത്‌. ആർ അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നുവോ, അവർ നേർവഴിയിലല്ല.
[204] ഔലിയാക്കളിൽ പെട്ട വ്വരെഹം നാം നബിമാരിൽ പെട്ട ഒരാളേക്കാളും ശ്രേഷ്ഠരാക്കുന്നില്ല. നബിമാരിൽ പെട്ട ഒരു നബി മുഴുവൻ ഔലിയാക്കളും ഒരുമിച്ച്‌ ചേർന്നതിനേക്കാളും ശ്രേഷ്ഠനാണ്‌.
[205] അവരുടെ കറാമത്തുകളെ പറ്റി വന്നത്‌ നാം വിശ്വസിക്കുന്നു - സ്വഹീഹായ, സ്വീകാര്യമായ റിപ്പോർട്ടുകളിലൂടെ വന്നത്‌.
[206] അന്ത്യ സമയത്തിന്റെ അടയാളങ്ങളേയും ദജ്ജാലിന്റെ പുറപ്പെടലിനേയും കുറിച്ച്‌ വന്നതും നാം വിശ്വസിക്കുന്നു.
[207] ഈസബ്‌നു മർയം ഉപരിയിൽ നിന്ന്‌ ഇറങ്ങുന്നതിനെക്കുറിച്ചും
[208] സൂര്യൻ പടിഞ്ഞാറ്‌ നിന്ന്‌ ഉദിക്കുന്നതിനെ കുറിച്ചും
[209] ദാബ്ബത്തുൽ അർള്‌ - دابة الأرض - അതിന്റെ സ്ഥലത്തു നിന്നും പുറപ്പെടുന്നതിനെ കുറിച്ചും
[210] ജ്യോൽസ്യനേയോ കണക്കു നോട്ടക്കാരനേയോ നാം സത്യപ്പെടുത്തുന്നില്ല.
[211] ഖുർആനിനോ സുന്നത്തിനോ ഉമ്മത്തിന്റെ ഇജ്‌മാഇനോ എതിരായത്‌ വാദിക്കുന്നവരേയും
[212] ജമാഅത്തിനെ സത്യമായതും ശരിയായതുമായും, കക്ഷിത്വത്തെ വക്രതയും ശിക്ഷയുമായും നാം കാണുന്നു.
[213] അല്ലാഹുവിന്റെ ദീൻ ആകാശത്തും ഭൂമിയിലും ഒന്നാണ്‌ - അതാണ്‌ ദീനുൽ ഇസ്‌ലാം.
[214] അല്ലാഹു പറഞ്ഞു: "അല്ലാഹുവിന്റെ അടുക്കൽ ദീൻ എന്നത്‌ ഇസ്‌ലാമാണ്‌."
"നിങ്ങൾക്ക്‌ നാം മതമായി ഇസ്‌ലാമിനെ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."
[215] അത്‌ അതിര്‌ കവിയലിന്നും കുറക്കലിന്നും ഇടയിലാണ്‌.
[216] സദൃശമാക്കലിന്നും നിർവീര്യമാക്കലിന്നും ഇടയിലാണ്‌.
[217] ജബ്‌രിയ്യത്തിനും ഖദ്‌രിയ്യത്തിനും ഇടയിലാണ്‌.
[218] അമിത സുരക്ഷാ ബോധത്തിനും നിരാശക്കും ഇടയിലാണ്‌.
[219] ഇതാണ്‌ നമ്മുടെ ദീൻ, പ്രത്യക്ഷവും പരോക്ഷവുമായ വിശ്വാസം. മുമ്പ്‌ പറഞ്ഞതും വിശദീകരിച്ചതുമായി എല്ലാ വ്യതിയാനങ്ങളിൽ നിന്നും നാം അല്ലാഹുവിലേക്ക്‌ സ്വതന്ത്രരാകുന്നു.
[220] നമ്മുടെ ഈമാൻ ഉറപ്പിക്കുവാനും നമ്മുടെ അന്ത്യം അതിലാക്കുവാനും നാം അല്ലാഹുവോട്‌ ചോദിക്കുന്നു.
[221] തന്നിഷ്ടക്കാരായ വ്യതിയാന കക്ഷികളിൽ നിന്നും ഭിന്നിപ്പുക്കാരിൽ നിന്നും നാം അല്ലാഹുവിൽ രക്ഷ തേടുന്നു.
[222] എല്ലാ പിഴച്ച കക്ഷികളിൽ നിന്നും.
[223] മുശബ്ബിഹാക്കളെ പോലെ.
[224] മുഅ്തസില, ജഹ്‌മിയ്യ കക്ഷികളെപ്പോലെ.
[225] ജബ്‌രിയ്യ കക്ഷിയെ പോലെ.
[226] ഖദ്‌രിയ്യ കക്ഷിയെ പോലെ.
[227] സുന്നത്തിൽ നിന്നും ജമാഅത്തിൽ നിന്നും തെറ്റിയവരായ , വഴികേടിലേക്ക്‌ വ്യതിചലിച്ചു പോയ മറ്റു കക്ഷികളെപ്പോലെയും.
[228] നാം അവരിൽ നിന്നും വിദൂരത്താണ്‌, നമ്മുടെ അടുക്കൽ അവർ വഴികേടിലായവരാണ്‌, പിഴച്ചു പോയവരാണ്‌. രക്ഷയും തൗഫീഖും അല്ലാഹുവിലാണ്‌

No comments:

Post a Comment