കാഞ്ഞിരമറ്റം ഫരീദ് ഔലിയാടെ നേര്‍ച്ചപ്പെട്ടിയും വിളക്കും
മാപ്പിളമുസ്ലിംകേരളത്തിലെ
പെരുവഴികളില്‍ മുസ്ലിയാക്കന്മാരുണ്ടാക്കിയ അന്ധവിശ്വാസങ്ങള്ക്ക് ചൂട്ടുകത്തിക്കുന്ന പൂര്‍വ്വകാല കേരളീയ മുസ്ലിം സമൂഹത്തിന്‍റെ നേര്‍ച്ചിത്രം
പറഞ്ഞു തരുന്നതാണീ വിളക്കുകള്‍.
“പരീദൌലിയാന്‍റെ നേര്‍ച്ചവെളക്ക്”
കാറ്റില്‍
വിളക്ക് കെട്ടുപോകാതിരിക്കാന്‍ ചുറ്റുഭാഗവും മറച്ചുകൊണ്ട് ഒരു ഭാഗം തുറന്നിട്ട്
ഒരു കാലില്‍ നാട്ടി നിര്‍ത്തിയ വിളക്ക് കാലിന്‍ താഴെ കുറെ ചിരട്ടകള്‍ .. കൂടെ ഒരു
നേര്‍ച്ചപ്പെട്ടിയും......
ചിരട്ടകള്‍ക്കുമുണ്ട് ചില കഥ പറയാന്‍...
ഇന്നത്തെപ്പോലെ
വൃക്ക പണിമുടക്കലും, ഹാര്‍ട്ട് അറ്റാക്കും , ബ്രെയിന്‍ ട്യുമറും , ഡുംടോര്‍നോക്രിമോസിസ്
വെള്ളപ്പള്ളിമൈക്രോഫിനാന്‍സിസ് തുടങ്ങിയ രോഗങ്ങളൊന്നും
ഇല്ലാതിരുന്ന ആ കാലത്ത് ഞങ്ങളുടെയൊക്കെ പ്രധാന അസുഖം കാലിന്മേല്‍ വളം കടി ആയിരുന്നു. ചെരുപ്പിടാതെ
പാടത്തും പറമ്പിലും ഓടിച്ചാടി നടന്നിരുന്ന കുട്ടികളുടെയും വലിയവരുടെയുമൊക്കെ
കാലിന്റെ വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും കടച്ചിലുമൊക്കെ ഉണ്ടാവും. രാത്രിയാണ് ഈ
അസുഖത്തിന്റെ സുഖം കാര്യമായിട്ടുണ്ടാവുക. ചാക്കുനൂല്‍ എടുത്ത് വിരലില്‍
വരിഞ്ഞുകെട്ടി കെട്ടി കാരമുള്ള് കൊണ്ട് കുത്തി കട്ടുള്ള ചോര കളഞ്ഞാല്‍ “ഇച്ചിരി
സുഖം കിട്ടും ...” പോരാത്തതിന് രാവിലെ സ്കൂളിലും മദ്രസയിലുമൊക്കെ പോകുമ്പോള്‍ പരീദൌലിയാടെ
വിളക്ക്കാലിന്റെ താഴെയുള്ള ഈ നേര്‍ച്ച
ചിരട്ടയില്‍ നില്‍ക്കുന്ന മഴവെള്ളം
എടുത്ത് കാലില്‍ ഒഴിക്കും. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് സുഖാവുംന്ന് കൂട്ടത്തില്‍
വല്യവരായിരുന്ന ബീവാത്തുട്ടിത്തയും കുഞ്ഞോനും വാപ്പുട്ടിയുമൊക്കെ എപ്പഴും പറയാറുണ്ട്.
ഒറ്റപ്പൈസയും രണ്ടു
പൈസയും 3 പൈസയും 5 പൈസയുമൊക്കെ നിലയും വിലയുമുള്ള ആ കാലത്ത് പരീദൌലിയയുടെ നേര്‍ച്ചവിളക്കിന് കീഴെ
വെച്ച നേര്‍ച്ചപ്പെട്ടിയില്‍ കാര്യമായൊന്നും നേര്‍ച്ച നേര്‍ച്ചക്കാര്‍ക്ക് കിട്ടാറില്ലായിരുന്നു.
ഇസ്കൂളിന്റെ മുന്നിലെ ഈസാക്കാടെ പീടികയിലെ
പല്ലിമുട്ടായിയും നാരങ്ങമുട്ടായിയും കോലുമുട്ടായിയുമൊക്കെ വാങ്ങാന്‍ നേര്ച്ചയാക്കി
വെള്ളമിറക്കി നടന്നിരുന്ന ഞങ്ങളെപ്പോലുള്ള കുട്ടികള്‍ക്ക് പരീദൌലിയാടെ നേര്‍ച്ചപ്പെട്ടിയില്‍
ആരും നേര്‍ച്ചയിടാത്തതില്‍ വലിയ പ്രതിഷേധം അന്നേയുണ്ടായിരുന്നു. കാര്യമായി ആരും ആ പെട്ടിയില്‍ നേര്‍ച്ച
ഇടാറില്ലെങ്കിലും കാഞ്ഞിരമറ്റത്തെ നേര്‍ച്ച കാര്യമായിത്തന്നെ ഞങ്ങള്‍ ആഘോഷിച്ചിരുന്നു.
മകരമാസത്തിലാണ്
നേര്‍ച്ച. മിക്കപ്പോഴും ശബരിമലയിലെ മകര വിളക്കിന്റെ അതേ ദിവസമാണ് ഈ നേര്‍ച്ചയും
ആഘോഷിക്കാറുള്ളത്. രാവിലെ തന്നെ നാട്ടിലെ ഒരു തെങ്ങുകേറ്റക്കാരന്‍ ദളിതനെയും (അന്ന് പറഞ്ഞിരുന്ന പേര്‍ വേട്ടോന്‍) കൂട്ടി അഞ്ചു
പത്താളുകള്‍ ചാക്കും കുട്ടയുമായി നാട്ടിലുള്ള മുതലാളിമാരുടെ വീടുകളിലൊക്കെ പോകും.
അരിയും തേങ്ങയും ചില്ലറയും പിരിവ് വാങ്ങി
ഉച്ചയോടെ ചക്കരച്ചോറ് തയ്യാറാക്കും. അങ്ങനെ
പരീദൌലിയാടെ നേര്‍ച്ച ഗംഭീര മഹാമഹം ആയി ഞങ്ങള്‍ കൊണ്ടാടും ...
ആരാണീ പരീദ് ഔലിയ
കാഞ്ഞിരമറ്റം
എറണാകുളം ജില്ലയില്‍ ഉണ്ട്. അവിടെ പരീദ് ഔലിയയുടെ പേരില്‍ ഒരു ജാറം ഉണ്ട് .
കേരളത്തില്‍ തന്നെ ഈ പേരില്‍ അര ഡസനിലേറെ ജാറം ഉണ്ടെന്നാണ് കേള്‍വി.. ആരാണീ പരീദ്
ഔലിയ എന്നതില്‍ ആര്‍ക്കും ഒരു പിടുത്തവും ഇല്ല. പഞ്ചാബിലെ ശക്കര്‍ ഗന്ജില്‍ ഒരു
പരീദ് ഔലിയ ഉണ്ടായിരുന്നത്രേ .. ആ മൂപ്പര്‍ കേരളത്തില്‍ ഇന്നേവരെ കാല്‍
കുത്തിയതായി ചരിത്രത്തില്‍ ഇല്ല ..
പിന്നെ
നമ്മുടെ നാട്ടിലെ പല പിരാന്തമാരും ദിവസേന അഞ്ച് നേരം മക്കത്തും മദീനത്തുമൊക്കെ
പോയി അവിടത്തെ ഹറമുകളില്‍ ഇമാമ് നില്‍ക്കുന്ന ഔലിയാക്കന്മാരാണ്
എന്നുള്ളതിനാല്‍ ഈ വക ചോദ്യത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയും ഇല്ലല്ലോ ...........!!.
ഞങ്ങളുടെ റബ്ബേ ......... നീ കാരുണ്യവാനാണ്..
നിന്റെ റഹ്മത്ത് ഞങ്ങളെ വാരിപ്പൊതിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍.
ഇന്നും ഞങ്ങള്‍ ആ നരകത്തിലെ അന്ധകാരത്തില്‍ തന്നെ കഴിയുമായിരുന്നു..
ഞങ്ങളെ
തൗഹീദിന്റെ മഹത്തായ വെളിച്ചത്തിലേക്ക് രക്ഷപ്പെടുത്തിയ ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ ഇരു
ലോകത്തും സംരക്ഷിക്കണേ.. ആമീന്‍ .
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا
وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു
ആമീന്‍
ആരാണീ പരീദ് ഔലിയ
വളെരെ നന്നായിട്ടുണ്ട്. അള്ളാഹു താങ്കൾക്ക് അനുഗ്രഹം ചെയ്യു
ReplyDelete