Wednesday 20 December 2017

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി - വിസ്മൃതമായ ഒരു ഇതിഹാസം.




വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി
വിസ്മൃതമായ ഒരു ഇതിഹാസം.



‘സ്വദേശാഭിമാനി’ എന്നറിയപ്പെടുന്ന മഹാന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഒരു ശരാശരി മലയാളി ചരിത്രവിദ്യാര്‍ഥി പറയും, കെ രാമകൃഷ്ണപ്പിള്ള എന്ന്. യഥാര്‍ഥത്തില്‍ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനി എന്നറിയപ്പെടാനിടയായ ചരിത്ര യാഥാര്‍ഥ്യവും, അതിന്റെ പിന്നില്‍ ഉയിരും ഊര്‍ജവും ആസ്തിയും ചെലവിട്ട ഒരു മഹാമനുഷ്യന്റെ ചരിത്രവും ആര്‍ക്കും അറിയില്ല. ഇത് ചരിത്രത്തിന്റെ ഒരു വൈരുധ്യമാണ്. തമസ്‌കരണമോ നിരാകരണമോ ആണ്.

ഒരു നൂറ്റാണ്ട് മുന്‍പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക് തികച്ചും അജ്ഞാതം. മുതിര്‍ന്ന തലമുറയില്‍ ഭൂരിപക്ഷവും പഠിപ്പിക്കപ്പെട്ടത് വാസ്തവവിരുദ്ധ കാര്യങ്ങളും. എന്നാല്‍ യാഥാര്‍ഥ്യബോധമുള്ളവരും നൈതികത മുറുകെ പിടിക്കുന്നവരുമായ ബുദ്ധിജീവികള്‍ക്കൊക്കെ അറിയാം സ്വദേശാഭിമാനിക്കു പിന്നിലെ വിസ്മരിക്കപ്പെട്ട ചരിത്രം. മഹാനെന്നു വിളിക്കപ്പെടാന്‍ തികച്ചും അര്‍ഹതപ്പെട്ട സ്വദേശാഭിമാനി വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ധന്യമായ ജീവിത ചരിത്രം. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ന്യായമായ ഒരുത്തരമോ നേരിയ ന്യായീകരണമോ പറയാനാകാത്ത നിസ്സഹായാവസ്ഥ സമാദരണീയനായ പ്രഫസര്‍ എം കെ സാനു ഒരു ചെറുവാക്യത്തില്‍ പരിതപിക്കുന്നത് ഇങ്ങനെ. ”നമ്മുടെ നാട്ടില്‍ കാര്യങ്ങളൊക്കെ അങ്ങനെയാണെന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ” വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് 2014 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ‘വക്കം മൗലവി അവരുടെ കാഴ്ചപ്പാടില്‍’ എന്ന ഗ്രന്ഥം കൈയിലെടുത്തപ്പോഴാണ് ഈ ചിന്തകളൊക്കെ വന്നത്. ഇനിയും വിരചിതമായിട്ടില്ലാത്ത വക്കം മൗലവിയുടെ ചരിത്രം എഴുതാന്‍ മുതിരുന്നവര്‍ക്ക് ഒരു ആമുഖമായി ഉപകരിക്കുന്ന ഈ ഗ്രന്ഥത്തിലെ വിഭവങ്ങള്‍ സമാഹരിച്ചതും സംശോധനം നടത്തിയതും എ സുഹൈര്‍, കെ എം അജീര്‍കുട്ടി എന്നിവരാണ്. കഴിഞ്ഞ തലമുറയില്‍ മണ്‍മറഞ്ഞവരും ഇന്നും ജീവിച്ചിരിക്കുന്നവരുമായ നിരവധി മഹാരഥന്മാര്‍, പലപ്പോഴായി അവിടവിടെയായി എഴുതിവെച്ചിട്ടുള്ള അനശ്വര യാഥാര്‍ഥ്യങ്ങള്‍ ശേഖരിച്ച് ഒരു ചെറുപുസ്തകമാക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. വളച്ചുകെട്ടില്ലാത്ത ഒരു ചരിത്രരേഖയായി ഇത് എന്നും അവശേഷിക്കുമെന്നുറപ്പാണ്. എം കെ സാനു, സി അച്യുതമേനോന്‍, സി എച്ച് മുഹമ്മദ്‌കോയ, ഡി സി കിഴക്കേമുറി, ജോണ്‍ ഓച്ചന്തുരുത്ത്, പി ഗോവിന്ദപ്പിള്ള, കെ എം ബഷീര്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ടി എം സാവാന്‍കുട്ടി, എ എന്‍ പി ഉമര്‍കുട്ടി, ഡോ. ടി ജമാല്‍മുഹമ്മദ്, ഡോ. എന്‍ എ കരീം, പാറയില്‍ ഷംസുദ്ദീന്‍, എ ഷാഹുല്‍ഹമീദ്, ഡോ. കെ എം സീതി, ഡോ. എം കെ മുനീര്‍ തുടങ്ങിയ പ്രത്യുത്പന്നമതികളുടെ ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വക്കം മൗലവിയെ അടുത്തറിഞ്ഞവരുടെ അകംനിറഞ്ഞ ഓര്‍മകളാണിത്. കൂടാതെ 1932 ഒക്‌ടോബര്‍ 31ന് ആ മഹാന്‍ വിടവാങ്ങിയ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അനുസ്മരണങ്ങള്‍ വളരെ വിലപ്പെട്ടതാണ്. മഹാനായ കെ എം സീതിസാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, സ്വദേശാഭിമാനി എന്നറിയപ്പെടുന്ന സാക്ഷാല്‍ കെ രാമകൃഷ്ണപ്പിള്ളയുടെ മകള്‍ കെ. ഗോമതിയമ്മ എന്നിവര്‍ വക്കം മൗലവിയെ ഹൃദയംകൊണ്ട് ‘വരച്ചുവയ്ക്കുന്ന’വയാണ് ആ അനുസ്മരണങ്ങള്‍. അറിയപ്പെട്ട ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം, പുതുപ്പള്ളി രാഘവന്‍, പി എം നായര്‍ എന്നിവരുടെ പുസ്തകക്കുറിപ്പുകളും തിരുവനന്തപുരം ജില്ലാ ഗസറ്റിയര്‍ 1962ല്‍ പ്രസിദ്ധീകരിച്ച വക്കം അബ്ദുല്‍ഖാദര്‍ (1873-1932) എന്ന ഒരു കുറിപ്പും കൂടാതെ ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും നടത്തിയ മൗലവി അനുസ്മരണ പ്രഭാഷണങ്ങളും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രഗത്ഭമതികളുടെ ഈ നീണ്ടനിര ഒറ്റ ശബ്ദത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. കേരള ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്കപ്പെടാതെപോയ ആ മഹച്ചരിതം ഇനിയെങ്കിലും പഠിതാക്കളിലേക്കെത്തിക്കണം എന്നതാണ് ആ സന്ദേശം.

കൃത്യമായി പറഞ്ഞാല്‍ നൂറ്റിപ്പത്തുവര്‍ഷം മുന്‍പ് (1905) തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച് കേവലം അഞ്ചുവര്‍ഷം മാത്രം നീണ്ടുനില്ക്കുകയും തിരോഭവിക്കുകയും ചെയ്ത സംഭവബഹുലമായ ഒരു പത്രത്തിന്റെ പേരാണ് സ്വദേശാഭിമാനി. തന്റെ പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച ഭാരിച്ച സ്വത്തിന്റെ ഉടമയായ (വക്കം മൗലവി എന്നറിയപ്പെട്ട) മുഹമ്മദ് അബ്ദുല്‍ഖാദര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സ്വന്തം മുതല്‍ ഉപയോഗിച്ച് 1904ല്‍ ഇംഗ്ലണ്ടില്‍ നിന്ന് (അന്ന്) അത്യാധുനികമായ ഒരു പ്രസ് ഇറക്കുമതി ചെയ്യുന്നു. ആഗസ്റ്റില്‍ പ്രസ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങില്‍ നിന്ന് 1905 ജനുവരി 17ന് പത്രത്തിന്റെ പ്രഥമലക്കം ഇറക്കി. 1906 ജനുവരി 17ന് വക്കത്തുനിന്ന് പത്രത്തിന്റെ പുസ്തകം രണ്ട് ഒന്നാം ലക്കം പ്രസിദ്ധീകരണം തുടങ്ങി. 1907 ജുലൈയില്‍ പ്രസ് തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്തംബര്‍ 26ന് പത്രം നിര്‍ത്തി. അല്ല സര്‍ക്കാര്‍ നിരോധിച്ചു കണ്ടുകെട്ടി. ഇതാണ് സ്വദേശാഭിമാനി പത്രത്തിന്റെ ഹ്രസ്വ ചരിത്രം.

പക്ഷേ, തെക്കുനിന്നാരംഭിച്ച് കേരളത്തിലുടനീളം ആഞ്ഞുവീശിയ കൊടുങ്കാറ്റായിരുന്നു സ്വദേശാഭിമാനി. എന്തുകൊണ്ട്? എങ്ങനെ? പലര്‍ക്കും അറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകം. പാലക്കാട്ടുനിന്ന് വടക്കോട്ടുള്ള മലബാര്‍ ജില്ലകള്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗവും ബ്രിട്ടീഷിന്ത്യയില്‍ പെട്ടതും ആയിരുന്നു. കൊച്ചിയും തിരുവനന്തപുരവും വെവ്വേറെ നാട്ടുരാജ്യങ്ങളായി നിലനില്ക്കുന്നു. പ്രജാവത്സലനായിരുന്നു കൊച്ചിരാജാവ്. എന്നാല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അഴിമതിയും സ്വേച്ഛാധിപത്യവും കൊടികുത്തിവാണു. കൊട്ടാരത്തില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുമാവാം. ‘തിരുവായ്ക്ക് എതിര്‍വാ’ ഇല്ല എന്നതായിരുന്നു പ്രജകളുടെ അവസ്ഥ. ദിവാന്‍ രാജഗോപാലാചാരി എന്ന അഴിമതിക്കാരന്‍റെ പൊറുതി മുട്ടി നാറിയ ദുര്‍ഭരണത്തിനെതിരേ എന്തെങ്കിലും ഉരിയാടാന്‍ ആരും രംഗത്ത് വന്നില്ല. അതിന് ആദ്യമായി സധൈര്യം രംഗത്തുവന്നത് വക്കത്തുകാരന്‍ മുഹമ്മദ് അബ്ദുല്‍ഖാദിര്‍ എന്ന വക്കം മൗലവിയായിരുന്നു. അതിനദ്ദേഹം തെരഞ്ഞെടുത്ത മീഡിയം പത്രമായിരുന്നു. അതിനുവേണ്ടിയാണ് വിദേശത്തുനിന്ന് പ്രസ് വാങ്ങിയത്. പത്രം തുടങ്ങി. അതിനു നല്കിയ പേര് അന്നുവരെ ഇന്ത്യയില്‍ കേട്ടിട്ടില്ലാത്ത ‘സ്വദേശാഭിമാനി’ എന്നായിരുന്നു. രാജാവും പ്രജയും ഒരുപോലെ ദേശാഭിമാനികളായിരിക്കണം, രാജകുടുംബത്തിന് എന്തും ചെയ്യാന്‍ അധികാരമില്ല എന്നിങ്ങനെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിട്ടാണ് സ്വദേശാഭിമാനി പുറത്തിറങ്ങിയത്. അതിനുവേണ്ടി അതിശക്തമായ തൂലികയുടെ ഉടമയായ രാമകൃഷ്ണപ്പിള്ള എന്ന പത്രാധിപരെ പൂര്‍ണസ്വാതന്ത്ര്യം നല്‍കി ഏല്പിച്ച, ചരിത്രത്തില്‍ തുല്യതയില്ലാത്ത, പത്ര ഉടമയായിരുന്നു വക്കം മൗലവി. മൗലവിയുടെ നിശ്ചയദാര്‍ഢ്യവും പത്രാധിപരുടെ തൂലികയും ചേര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ രാജകൊട്ടാരം കിടിലംകൊണ്ടു. ആ കാറ്റ് അതിര്‍ത്തികടന്ന് ആഞ്ഞുവീശി. ഗത്യന്തരമില്ലാതെ, പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും സ്വദേശാഭിമാനി വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍, രാജകല്പന വന്നു. പത്രം നിരോധിച്ചു. പ്രസ് കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്ണപ്പിള്ളയെ നാടുകടത്തി. ചരിത്രത്തിലെ ഒരു വലിയ അധ്യായത്തിന് തിരശ്ശീല. രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സമുചിതമായി ആഘോഷിക്കപ്പെടുകയും അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനനഗരിയില്‍ പുനരുദ്ധരിച്ച് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. നല്ലതുതന്നെ. എന്നാല്‍ രാമകൃഷ്ണപ്പിള്ള എന്ന പത്രപ്രവര്‍ത്തകനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന അനശ്വര കീര്‍ത്തിയിലേക്ക് നയിച്ച വക്കം മൗലവിയെപ്പറ്റി അനുസ്മരണമില്ല, നൂറാം വാര്‍ഷികമില്ല. പ്രതിമ അദ്ദേഹത്തിന്നാവശ്യമില്ല. അദ്ദേഹത്തിന്റെ പേരില്‍ സര്‍ക്കാറിന്റെ പ്രധാനസംരംഭങ്ങളിലേതെങ്കിലും അറിയപ്പെടാനുള്ള സംവിധാനമെങ്കിലും വേണ്ടേ? പലരും ധരിച്ചുവെച്ചത്, രാമകൃഷ്ണപ്പിള്ളയാണ് സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും നടത്തിവന്നതും അതിന്റെ പേരില്‍ ബലികഴിക്കപ്പെട്ടതും എന്നാണ്. എന്നാല്‍ വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ എന്ന പ്രതിഭാധനനായ ചെറുപ്പക്കാരന്‍ തന്റെ ആസ്തി ചെലവഴിച്ച് ഒറ്റയ്ക്ക് ഒരു പ്രസും പത്രവും സ്ഥാപിക്കുന്നു. അതിന് സ്വദേശാഭിമാനി എന്ന് പേരു നല്കുന്നു. സി പി ഗോവിന്ദപ്പിള്ളയെ പത്രാധിപരായി നിശ്ചയിക്കുന്നു. ഒരു വര്‍ഷം പത്രം നടത്തിക്കൊണ്ടുപോകുന്നു. അതിനുശേഷം മാത്രമാണ് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപത്യത്തിലേക്ക് വരുന്നത്. നൂറുരൂപയ്ക്ക് തിരുവനന്തപുരത്ത് ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ കിട്ടുന്ന കാലത്താണ് ലക്ഷക്കണക്കിന് വിലവരുന്ന സ്വന്തം ആസ്തി സമൂഹസമുദ്ധാരണത്തിന് നീക്കിവെച്ച് ‘വക്കം മൗലവി’ രംഗത്തുവരുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ അമര്‍ന്നിരുന്നു. ദേശീയ ചിന്തയോ സ്വാതന്ത്ര്യവാഞ്ഛയോ വ്യാപകമായി വന്നിട്ടില്ല. മഹാത്മാഗാന്ധിപോലും സ്വാതന്ത്ര്യമെന്നോ ദേശാഭിമാനമെന്നോ ഉള്ള ആശയം മുന്നോട്ടുവെച്ച് രംഗത്തുവരുന്നതിന്റെ പതിനഞ്ചുവര്‍ഷം മുന്‍പ്, സ്വന്തം ജനത രാജകൊട്ടാരത്തില്‍ നിന്നുള്ള അനീതികള്‍ സഹിച്ചുമടുത്ത സാഹചര്യത്തില്‍ സ്വദേശാഭിമാനി എന്ന ആദര്‍ശവും അതിനുവേണ്ട കടുത്ത പ്രായോഗികതകളുമായി വക്കം മൗലവി രംഗത്തുവരുന്നത്,
നൂറ്റിപ്പത്തു വര്‍ഷം മുന്‍പ്.
ആ ദേശാഭിമാനിയെ ഓര്‍ക്കാനും ആ ചരിത്രം പിന്‍തലമുറയെ പഠിപ്പിക്കാനും ശ്രമിച്ചില്ലെങ്കില്‍ അതിലും വലിയ അനീതിയുണ്ടോ? ആ അപ്രിയസത്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കുകയാണ് കേരളത്തിലെ പ്രഗത്ഭമതികള്‍. ആ ഓര്‍മകള്‍ ചികഞ്ഞെടുത്ത് കൈരളിക്ക് സമര്‍പ്പിച്ചു എന്നതാണ് വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയ്ത മഹത്തായ സേവനം. അതിന്റെ ഭാഗമാണ് ‘വക്കം മൗലവി അവരുടെ കാഴ്ചപ്പാടില്‍’ എന്ന ഗ്രന്ഥം എന്നത് ഏറെ പ്രസക്തമാണ്. രാജഭരണത്തിന്റെ കിരാത നടപടികള്‍മൂലം എന്നെന്നേക്കുമായി (മരണംമൂലമല്ലാതെ) അച്ഛനെ നഷ്ടപ്പെട്ട രാമകൃഷ്ണപിള്ളയുടെ മകള്‍ കെ ഗോമതിയമ്മ ദശാബ്ദങ്ങള്‍ക്കുശേഷം പ്രതികരിക്കുന്നത് വളരെ വൈകാരികമായിട്ടാണ്. കണ്ണീരുകൊണ്ട് രേഖപ്പെടുത്തിയ ആ വാക്കുകള്‍ ഇവിടെ പകര്‍ത്തട്ടെ. ”സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മശതാബ്ദി കേരളത്തില്‍ അദ്ദേഹത്തിന്റെ ജനന-മരണ-പ്രവര്‍ത്തനരംഗങ്ങളിലെല്ലാം സംഘടിപ്പിച്ച് ആഘോഷിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, ആ വ്യക്തിയോടൊപ്പംതന്നെ സവിശേഷം സ്മരിച്ചാദരിക്കേണ്ടതുണ്ട്, മറ്റൊരു വ്യക്തിയെ- വക്കം മൗലവി സാഹിബിനെ. രാമകൃഷ്ണപ്പിള്ളയ്ക്ക് അനശ്വരയശസ്സ് നേടിക്കൊടുത്ത ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമയും സ്ഥാപകനും ആയിരുന്ന മൗലവിയെ മുമ്പേ സ്മരിച്ചിട്ടേ, പത്രാധിപരെ സ്മരിക്കാവൂ എന്നുകൂടി പറയട്ടെ”. ഗോമതിയമ്മ തന്റെ കുറിപ്പവസാനിപ്പിക്കുന്നതിങ്ങനെ. ”ഞാന്‍ വീണ്ടും വീണ്ടും സ്മരിക്കട്ടെ, സ്മരിക്കാന്‍ ഉദ്‌ബോധിപ്പിക്കട്ടെ – രാമകൃഷ്ണപ്പിള്ളയെ ‘സ്വദേശാഭിമാനി’യാക്കിത്തീര്‍ത്ത വക്കം മൗലവി സാഹിബിനെ- അനശ്വരയശസ്സിന് തുല്യപങ്കാളിത്തമുള്ള ആ വന്ദ്യപുരുഷനെ- ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ആ വിശിഷ്ട വ്യക്തിയെ.” മൗലവിയെ അടുത്തറിഞ്ഞ ഹൃദയത്തില്‍നിന്ന് ഒഴുകിയെത്തിയ വാക്കുകള്‍! മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഡി സി കിഴക്കേമുറി മൗലവിയെ അനുസ്മരിക്കുന്നതിപ്രകാരമാണ്. ”വക്കം മൗലവിക്ക് സ്വദേശാഭിമാനി ബിരുദം കൂടി ചേര്‍ത്ത് ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന് ഞാന്‍ ഒരിക്കലെങ്കിലും എഴുതട്ടെ”. കുങ്കുമം വാരികയില്‍ തന്റെ സ്ഥിരം പംക്തിയില്‍ ഡി സി നല്‍കിയ ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന തലക്കെട്ടുതന്നെ, ‘ചരിത്രത്തില്‍ സംഭവിച്ച ഒരു മൗലികമായ തെറ്റുതിരുത്തുന്നതിനുള്ള തുടക്കം കൂടിയായിരുന്നു’ എന്ന് ഡോ. എന്‍ എ കരീം വിലയിരുത്തുന്നു. 2010ല്‍ പ്രഭാത് ബുക് ഹൗസ് പ്രസിദ്ധീകരിച്ച ഡോ. ടി ജമാല്‍ മുഹമ്മദിന്റെ ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന പുസ്തകനാമമാണ് ഈ ശീര്‍ഷകം നല്‍കപ്പെടുന്ന രണ്ടാമത്തെ സംരംഭം. ആ മഹാന്‍ ഇങ്ങനെ ഭാവിയിലും അനുസ്മരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

മുസ്‌ലിം സമൂഹ സമുദ്ധാരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ സി എച്ച് മുഹമ്മദ്‌കോയ സാഹിബ് തന്റെ യഥാര്‍ഥ മുന്‍ഗാമിയായ വക്കം മൗലവിയെ സ്വതസിദ്ധമായ ശൈലിയില്‍ അനുസ്മരിക്കുന്നു: ”സമുദായ പുരോഗതിയുടെ മാര്‍ഗത്തില്‍ മായാത്ത കാല്പാടുകള്‍ പതിച്ച ആ വീരവിപ്ലവകാരിയുടെ പുണ്യനാമം സമുദായം മറന്നു! സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പിന്നില്‍ എല്ലാം ത്യജിച്ച് പ്രവര്‍ത്തിച്ച സ്വാതന്ത്ര്യപ്രേമിയെ രാഷ്ട്രം മറന്നു….” ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കോര്‍ത്തെടുത്ത് പുസ്തകമാക്കിയത് മുന്‍ഗാമികളുടെ തെറ്റിനെ തിരുത്താനുള്ള എളിയ ശ്രമമാണ്. ഇനി പറയൂ, വക്കം മൗലവിയല്ലാതെ മറ്റാരാണ് യഥാര്‍ഥ സ്വദേശാഭിമാനി? * സ്വന്തം പണം മുടക്കി ഒരു പത്രം നടത്തി എന്നതല്ല വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പ്രതിഭാശാലിയുടെ ജീവിതം ധന്യമാക്കിയത്. പ്രൊഫസര്‍ എം കെ സാനു അത് വിശദീകരിക്കുന്നു. ‘യൗവനത്തിലേക്ക് കാലൂന്നിയ അബ്ദുല്‍ ഖാദറിന് രണ്ടു കാര്യങ്ങള്‍ അരോചകമായി തോന്നി. ഒന്ന്, ഭരണത്തില്‍ നടമാടുന്ന അഴിമതികള്‍. രണ്ട്, സമുദായ ജീവിതത്തില്‍ കാണുന്ന അനാചാരങ്ങളുടെ അഴിഞ്ഞാട്ടം.’ അവയില്‍ ഒന്നാമത്തെ കാര്യമാണ് നാം ഇതുവരെ പറഞ്ഞത്. പൊതു സമൂഹമധ്യത്തില്‍ തന്റെ സമുദായം (മുസ്‌ലിംകള്‍) എത്തിനില്ക്കുന്ന അധ:പതനത്തിന്റെ ആഴം അദ്ദേഹം തൊട്ടറിഞ്ഞു. അതിനുള്ള പരിഹാരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഒന്ന്, വിശുദ്ധ ഖുര്‍ആനും നബിചര്യയുമാകുന്ന അടിസ്ഥാന പ്രമാണങ്ങളിലേക്കു മുസ്‌ലിംകള്‍ മടങ്ങുക. രണ്ട്, ഭൗതിക വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ പൊതു ധാരയിലേക്ക് മുസ്‌ലിംകള്‍ എത്തിച്ചേരുക. വിശിഷ്യാ സ്ത്രീ സമൂഹം. വിദ്യനേടി പ്രബുദ്ധമായെങ്കിലേ ഒരൂ സമൂഹത്തിന് ശരിയായ അസ്തിത്വം കൈവരൂ എന്ന കാഴ്ചപ്പാട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പ്രചാരണത്തിനും അറബിഭാഷയുടെ വ്യാപനത്തിനും വേണ്ടി പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തെ ‘വക്കം മൗലവി’ ആക്കിയത്. അല്ലാതെ ഇന്ന് കാണുന്ന ‘മൗലവി സമൂഹ’ത്തിന്റെ ഒരു പ്രതീകമായിരുന്നില്ല വക്കം മൗലവി എന്നുകൂടി നവ തലമുറ തിരിച്ചറിയേണ്ടതുണ്ട്. തിരുവിതാംകൂറിലെ ചിറയിന്‍കീഴ് താലൂക്കിലെ വക്കത്ത് ഏറെ സമ്പന്നവും പ്രസിദ്ധവുമായ പൂന്ത്രാന്‍ വിളാകം തറവാട്ടിലാണ് വക്കം മൗലവി ഭൂജാതനായത്. സമ്പദ് സമൃദ്ധവും വിജ്ഞാന ധന്യവുമായ ഒരു തറവാട്ടില്‍ തികഞ്ഞ ഉത്പതിഷ്ണുവായ മുഹമ്മദ് കുഞ്ഞ് സാഹിബിന്റെ മകനായി ജനിച്ചുവളര്‍ന്ന സാഹചര്യവും ദൈവികമായ അനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിന് ഒരു നൂറ്റാണ്ടിലെ ‘മുജദ്ദിദിനെ’ കിട്ടി എന്നത് അതിശയോക്തിയല്ല. മലയാളം, തമിഴ്, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ വ്യുത്പത്തി നേടിയ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ പരന്ന വായനയിലൂടെ ലോകം കണ്ടറിഞ്ഞു. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടറുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച ഇന്ത്യയിലെ പ്രഥമ പത്രം വക്കം മൗലവിയുടെ സ്വദേശാഭിമാനിയായിരുന്നു. ലോകബന്ധവും അറബി പാണ്ഡിത്യവും ചേര്‍ന്നപ്പോള്‍ ലോകത്തിലുള്ള ഇസ്‌ലാമിക ചലനങ്ങള്‍ അദ്ദേഹം അടുത്തറിഞ്ഞു.

ഈജിപ്തില്‍ നിന്നുള്ള ‘അല്‍മനാര്‍’ അറബി മാസികയുടെ പ്രോജ്വല താളുകളിലൂടെ മുസ്‌ലിം സമുദായ സമുദ്ധാരണത്തിന് വേണ്ട ഊര്‍ജം അദ്ദേഹത്തിനു ലഭിച്ചു. കൊളോണിയല്‍ കാലഘട്ടത്തില്‍ ലോകത്താകമാനം ബ്രീട്ടീഷുകാരെ ധൈഷണികമായി ഞെട്ടിച്ച സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും അദ്ദേഹം നടത്തിയിരുന്ന ‘അല്‍ഉര്‍വതുല്‍ വുസ്ഖാ’ എന്ന പത്രവുമാണ് സ്വദേശത്തിന്റെ സ്വാതന്ത്ര്യചിന്തയ്ക്കും ‘സ്വദേശാഭിമാനി’ പത്രത്തിനും വക്കം മൗലവിയെ പ്രേരിപ്പിച്ചത്. സയ്യിദ് റശീദ് റിദായുടെ ‘അല്‍മനാര്‍’ അറബി മാസിക മുസ്‌ലിം സമുദ്ധാരണത്തിനും മാതൃകയായി.

പൊതു സമൂഹത്തില്‍ സ്വാതന്ത്ര്യ ബോധവും സ്വദേശാഭിമാനവും വളര്‍ത്താനും മറ്റു തരത്തില്‍ അവരെ വിജ്ഞരാക്കാനും സ്വദേശാഭിമാനി പത്രം നടത്തുന്നതോടൊപ്പം മുസ്‌ലിം എന്ന ഒരു മാസിക മുസ്‌ലിം സമൂഹത്തിന്റെ സമുദ്ധാരണത്തിനായി വക്കം മൗലവി ആരംഭിച്ചു. ദീപിക എന്ന മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു (അല്‍മനാര്‍ എന്നതിന്റെ മൊഴിമാറ്റമാണ് ദീപിക എന്നത് എത്ര പേര്‍ക്കറിയാം!) നിരക്ഷരതയുടെ പടുകുഴിയില്‍ കിടക്കുന്ന മുസ്‌ലിം ജനസാമാന്യത്തിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ അന്നത്തെ ശക്തമായ മുസ്‌ലിം മീഡിയമായ അറബി മലയാള ലിപിയില്‍ ‘അല്‍ ഇസ്‌ലാം’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള ഇക്കാലത്തുപോലും ചെയ്യാന്‍ കഴിയാത്ത മഹത്തായ ദൗത്യം, ഈ സമുദായത്തിനായി അല്ലാഹു നല്കിയ വരദാനമെന്നല്ലാതെ എന്തു പറയാന്‍! പക്ഷേ മുസ്‌ലിം സമുദായം അതു തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ട ശേഷമാണ്. അതാണ് സി എച്ചിന്റെ പരാമര്‍ശത്തില്‍ നാം നേരത്തെ കണ്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളും കേരള ചരിത്രത്തില്‍ ഇരുളടഞ്ഞ ഒട്ടേറെ അധ്യായങ്ങള്‍ നിറഞ്ഞവയാണ്. മുസ്‌ലിംകളും മറ്റു പിന്നാക്ക ദലിത് സമൂഹങ്ങളും ഭരണാധികാരികളില്‍ നിന്നും മുന്നാക്ക ജാതിക്കാരില്‍ നിന്നും പീഡനവും വിവേചനവും അനുഭവിക്കുക മൂലം പൊതു സമൂഹത്തില്‍ നിന്ന് പൂര്‍ണമായും പാര്‍ശ്വവല്ക്കരിക്കപ്പെടുകയായിരുന്നു. അതാതു സമൂഹങ്ങളെ അവരില്‍ നിന്നുതന്നെയുള്ള നവോത്ഥാന നായകര്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ഡോ. പല്പു, വക്കം മൗലവി എന്നിവര്‍ ആ ഗണത്തില്‍ മുന്‍പന്തിയിലുള്ളവരാണ്.

നാരായണഗുരുവും വക്കം മൗലവിയും അയല്‍ക്കാരും നിത്യസന്ദര്‍ശകരും നവോത്ഥാന ചിന്ത കൊണ്ടും കൊടുത്തും മുന്നോട്ടു നീങ്ങിയവരുമാണ്. ഇവിടെ ചരിത്രത്തിലെ ഒരു വൈരുധ്യം നമുക്ക് കാണാം. ശ്രീനാരായണ ഗുരുവിനെ ഈഴവ സമൂഹം മാലയിട്ടാനയിച്ചു; അല്ല പൂവിട്ട് പൂജിച്ചു. വക്കം മൗലവിയെ സ്വസമുദായം പുറംകാല്‍ കൊണ്ട് തട്ടി. മൗലവിയുടെ അപ്രതിരോധ്യമായ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രം പിടിച്ചുനിന്നതാണ്. അല്ലെങ്കില്‍ ഇന്ന് ആ നാമം പോലും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനൊരു കാരണമുണ്ട്. ശ്രീനാരായണഗുരു സ്വസമൂഹത്തെ വിദ്യാഭ്യാസം കൊണ്ടും സമൂഹക്ഷേമ പ്രവര്‍ത്തനം കൊണ്ടും മുന്നോട്ടു നയിച്ചു. മുന്നാക്ക ജാതിക്കാരുടെ എതിര്‍പ്പിനെ സൈദ്ധാന്തികമായി നേരിടുകയും ചെയ്തു. എന്നാല്‍ വക്കം മൗലവി മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിക പ്രമാണങ്ങളിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. സമുദായത്തില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരവൈകൃതങ്ങളും പ്രമാണബദ്ധമായി എതിര്‍ത്തു. ഒപ്പം മത-ഭൗതിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്കി. മുസ്‌ലിം സമുദായത്തെ മുന്‍നിരയില്‍ നിന്ന് നയിച്ചിരുന്നത് പൗരോഹിത്യവും ‘മുറി ആലിമീങ്ങളു’മായിരുന്നു. സമുദായം ‘മത സാക്ഷരത’ കൈവരിക്കുന്നത് അവര്‍ ഭയന്നു. അതുകൊണ്ടാണ് വക്കം മൗലവിക്കെതിരെ കുഫ്ര്‍ ഫത്‌വയാകുന്ന ഇടയലേഖനവുമായി അവര്‍ രംഗത്തിറങ്ങിയത്. അപ്പോള്‍ വക്കം മൗലവി തുടങ്ങിവെച്ച നവോത്ഥാനം പതിറ്റാണ്ടുകള്‍ കഴിഞ്ഞു മാത്രമേ സമുദായം അംഗീകരിക്കാന്‍ തുടങ്ങിയുള്ളൂ. എങ്കിലും മൗലവി കൊളുത്തിയ ‘ദീപിക’യുടെ പ്രകാശം കേരളക്കരയില്‍ നിലനിന്നതാണ് ഇന്ന് കാണുന്ന മുസ്‌ലിം പുരോഗതിയുടെ ആധാരശില.

മുസ്‌ലിം സമുദായ സമുദ്ധാരണത്തിന് വക്കം മൗലവി ചെയ്ത സേവനങ്ങള്‍ ഒരു ലേഖനത്തില്‍ സംഗ്രഹിക്കാന്‍ കഴിയില്ല. പത്രപ്രവര്‍ത്തനം മാത്രമല്ല, സമൂഹ സംഘാടനത്തിലും അദ്ദേഹം യത്‌നിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിം മഹാസാഭ, ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സമാജം, ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ തുടങ്ങിയ സംഘങ്ങള്‍ അദ്ദേഹം തുടക്കം കുറിച്ചവയെങ്കിലും തുടര്‍ച്ചയുണ്ടായില്ല. 1921 ല്‍ മധ്യകേരളത്തില്‍ ആരംഭിച്ച കേരള മുസ്‌ലിം ഐക്യസംഘവും തുടര്‍ന്ന് രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമയുമാണ് വക്കം മൗലവിയുടെ നവോത്ഥാനത്തിന് തുടര്‍ച്ചയും വ്യാപ്തിയും നല്കിയത്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്ന വല്‍ജമാഅ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ, ഇമാം ഗസ്സാലിയുടെ കീമിയാഉസ്സആദ എന്ന ഗ്രന്ഥത്തിന്റെ ‘ജീവിതാനന്ദത്തിന്റെ രാസവിദ്യ’ എന്ന് പ്രസിദ്ധമായ പരിഭാഷ, കേരളത്തിലെ മുസ്‌ലിം പുരോഹിതന്‍മാര്‍ നവോത്ഥാനത്തിന് തടയിടാന്‍ തയ്യാറാക്കിയ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയായി എഴുതിയ ‘ദൗഉസ്സബാഹ്’ മുതലായവ വക്കം മൗലവിയുടെ ഗ്രന്ഥങ്ങളാണ്. എങ്കിലും ആ അതുല്യ പ്രതിഭയില്‍ നിന്ന് മൗലിക രചനകള്‍ പലതും വരേണ്ടിയിരുന്നു. പക്ഷേ, കര്‍മഭൂമിയിലെ നിരന്തര പടയോട്ടത്തിനിടയില്‍ അതു സാധിക്കാതെ പോയി. വിശുദ്ധ ഖുര്‍ആന്‍ മലയാള ഭാഷ്യം അദ്ദേഹം ആഗ്രഹിച്ച ഒരു രചനയായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. അക്ഷരത്തിലും അര്‍ഥത്തിലും ധീരനായ ഒരു മനുഷ്യന്റെ ധന്യജീവിതത്തിന്റെ ഓര്‍മക്കുറിപ്പെങ്കിലും പില്ക്കാലത്തേക്ക് ബാക്കി വെച്ചേ പറ്റൂ.

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിവച്ച ഈ സംരംഭം കേരള ഗവണ്‍മെന്റ് ഏറ്റെടുത്ത് നടത്തണമെന്നാണ് പറയാനുള്ളത്. 1956 ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമാണ് 1910 ല്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്സിന്റെ തുരുമ്പിച്ച അവശിഷ്ടം മക്കള്‍ക്ക് ലഭിച്ചത്. 1957 ല്‍ രാമകൃഷ്ണപ്പിള്ളയുടെ പ്രതിമ സ്ഥാപിക്കുകയും പിന്നീട് നൂറാം ജന്മദിനം ആഘോഷിക്കുകയും ചെയ്തത് ഉചിത നടപടി തന്നെ. പക്ഷേ, യഥാര്‍ഥ ഉടമയെ വിസ്മരിക്കുന്നത് ആ ഔചിത്യത്തിന് കളങ്കം ചാര്‍ത്തുമെന്നതില്‍ സംശയമില്ല.



മലയാള സാഹിത്യത്തറവാട്ടിലെ അഗ്രേസരനായ കേസരി എ ബാലകൃഷ്ണപ്പിള്ള 1941 ല്‍ വക്കം മൗലവിയെപ്പറ്റി പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ‘ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും അതിനേക്കാള്‍ ധീരനായ ഒരു ദേശാഭിമാനിയും ഇന്നാട്ടില്‍ ജനിച്ചിട്ടില്ല എന്ന സത്യം നമ്മുടെ കപട സാമുദായിക ദേശീയ ഭക്തന്‍മാര്‍ അടുത്ത കാലത്തൊന്നും മനസ്സിലാക്കാന്‍ പോകുന്നില്ല.”


(കടപ്പാട് ) 



തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം  മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ  ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.
വക്കം മൌലവി എന്നപേരില്‍ അറിയപ്പെട്ട മുഹമ്മത്അബ്ദുൽഖാദർമൗലവി 
അറബി,  ഹിന്ദുസ്ഥാനിതമിഴ്പേർഷ്യൻസംസ്കൃതംഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918- അൽ ‍ഇസ്‌ലാം. 1931- ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. അബ്ദുൽഖാദർ മൗലവി കേരളീയ മുസ്‌ലിം സമുദായത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായി അറിയപ്പെടുന്നു. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ‍ഇസ്‌ലാം മാസികവഴി ഇദ്ദേഹം വലിയ സേവനം നിർവഹിച്ചു. 
തിരുവിതാംകൂർ മുസ്‌ലിം മഹാസഭചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ 
ഗവൺമെന്റ്ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ 
ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 
വക്കം അബ്ദുല്‍ ഖാദര്‍ എന്നപേരില്‍ അറിയപ്പെട്ട വക്കം മുഹമ്മത് അബ്ദുല്ഖാദിര്‍മൌലവിയുടെ പുത്രനാണ്.  1910 സെപ്റ്റംബർ 26-ന് തിരുവിതാംകൂർ മഹാരാജാവ് കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്ഭരണകാലത്ത് അവകാശികൾക്ക് തിരിച്ചുകൊടുത്തു. 1958 ജനുവരി 26-ന് മുഖ്യമന്ത്രി ഇ.എം.എസ്.
 നമ്പൂതിരിപ്പാടിൽനിന്ന് പ്രസ് ഏറ്റുവാങ്ങിയത് മകനായ വക്കം അബ്ദുൽ ഖാദർ ആയിരുന്നു .ഈ പ്രസ് കുറച്ചു കാലം കൊല്ലം ലക്ഷ്മിനടയിൽ നടത്തിപ്പോന്നുവെങ്കിലും പിന്നീട് കടബാദ്ധ്യതമൂലം വിൽക്കുകയാണുണ്ടായത്.

കേരളീയ സമൂഹത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാമുദായിക രംഗത്ത് ഔന്നത്യമേറിയ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വക്കം മുഹമ്മത് അബ്ദുൽഖാദർ മൗലവി,  1932-ൽ നിര്യാതനായി. .....ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.....  

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കി സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.... ആമീന്‍ 

No comments:

Post a Comment