Monday, 5 November 2018

കറാമത്ത്


വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന

മുഹമ്മദ് ശഹീറുദ്ദീന്‍ ചുഴലി

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

മതത്തിന്റെ പേരില്‍ ഒട്ടനവധി ചൂഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആത്മീയ ചൂഷണം എക്കാലത്തും ഏറെ ലാഭകരമായ ഒന്നാണ്. മറ്റേത് ചൂഷണത്തെക്കാളുമുപരി ആത്മീയ ചൂഷണത്തിന് എക്കാലത്തും വലിയ മാര്‍ക്കറ്റ് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ ചര്‍ച്ചകളില്‍ ഒന്നാണ് വിലായത്തും കറാമത്തും ഗൈബുമായി ബന്ധപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഏറെ ചര്‍ച്ചാവിഷയമായ ഒരു കാര്യമാണിത്. ചില ആളുകള്‍ സ്വമേധയാ വലിയ്യായി അവതരിക്കുന്നു, എന്നിട്ട് എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയാം, എനിക്ക് കറാമത്തുണ്ട് എന്നെല്ലാം വാദിക്കുന്നു. അല്ലെങ്കില്‍ അവരെ വലിയ്യായി ചിലര്‍ അവരോധിക്കുകയും ഇല്ലാത്ത കറാമത്തിന്റെ പോരിശകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകള്‍ അത് വിശ്വസിച്ച് അവരുടെ ചൂഷണങ്ങളില്‍ വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ എന്താണ് യാഥാര്‍ഥ്യം, ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ ആശങ്കാകുലരുമാണ്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മയ്യിത്ത് എവിടെയാണ് ഉള്ളത് എന്ന് ഒരാള്‍ പ്രസ്താവിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഗൈബ് (അദൃശ്യകാര്യം) അറിയുമോ, ഇത് അദ്ദേഹത്തിന്റെ കറാമത്താണോ എന്നീ ചര്‍ച്ചകള്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും തകൃതിയായി നടന്നതിന് നമ്മള്‍ സാക്ഷികളാണ്.
ഈയൊരു സാഹചര്യത്തില്‍
അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ നിലപാടില്‍ എന്താണ് വിലായത്ത്, ആരാണ് വലിയ്യ്, എന്താണ് കറാമത്ത് എന്ന് മനസ്സിലാക്കല്‍ ഉചിതമായിരിക്കും. അവ വളരെ ചുരുക്കി വിവരിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. 
അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കല്‍പനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. അറബിക്കോളേജില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവനോ, പ്രത്യേക വേഷംധരിച്ച് സമൂഹത്തില്‍ നിന്ന് ഭിന്നമായി ജീവിക്കുന്നവനോ അല്ല വലിയ്യ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ഥ വലിയ്യ്.
അല്ലാഹു പറയുന്നു: ''ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (ക്വുര്‍ആന്‍ 10:62,63).
ഇതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ അടുക്കല്‍ വലിയ്യിനെ സംബന്ധിച്ചുള്ള നിലപാട്. എന്നാല്‍ സ്വൂഫിയാക്കള്‍ ചില നിശ്ചയിക്കപ്പെട്ട ആളുകളെയാണ് വലിയ്യായി കാണുന്നത്. ഇസ്‌ലാമില്‍ അങ്ങനെ നിശ്ചയിക്കപ്പെട്ട ആളുകള്‍ക്ക് വിലായത്ത് കൊടുക്കുന്ന സമ്പ്രദായം ഇല്ല. അത് പുത്തന്‍വാദികള്‍ ഉണ്ടാക്കിയതാണ്. ഈമാനും തക്വ്‌വയും ഉള്ളവനാണ് വലിയ്യ്. അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് ആരാണോ അവരാണ് വലിയ്യുകള്‍ എന്നര്‍ഥം.
സ്വൂഫിയാക്കള്‍ ചില മാനദണ്ഡങ്ങളുണ്ടാക്കുകയും അങ്ങനെയുള്ളവര്‍ക്ക് മാത്രമെ വിലായത്ത് ലഭിക്കൂ  എന്ന് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും യാതൊരു പിന്‍ബലവുമില്ലാത്ത വാദങ്ങള്‍ നടത്തുകയും ചെയ്തു. അവര്‍ക്കിടയില്‍ വലിയ്യിന് ചില തസ്തികകളുണ്ട്. അവര്‍ പറയുന്നത് ലോകത്ത് നാല് ഔതാദൂകളുണ്ട് എന്നാണ്. തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറുകളിലായി ലോകത്തെ കൈകാര്യം ചെയ്യുന്നവരാണ് അവര്‍. അതുപോലെ തന്നെ 7 അബ്ദാലുകളുണ്ട്. അവര്‍ 7 ആകാശങ്ങളിലായി നിലകൊള്ളുന്നു. അവര്‍ മുഖാന്തരമാണ് അല്ലാഹു ലോകത്തിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. അതുപോലെ 40 നുജബാക്കളുണ്ട്, അവര്‍ സൃഷ്ടികളുടെ പ്രയാസങ്ങളും ഭാരങ്ങളും ഏറ്റെടുക്കുന്നവരാണ്. പിന്നീട് 300 നുഖബാക്കള്‍, അവര്‍ മനുഷ്യരുടെ ആന്തരികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ ഒരു ക്വുത്വുബ് (അല്‍ ഗൗസുല്‍ അഅ്‌ളം). ഇങ്ങനെയാണ് അവര്‍ വലിയ്യുകളെ തരംതിരിച്ചിരിക്കുന്നത്.
സ്വൂഫികള്‍ വലിയ്യിന് നബിയെക്കാള്‍ സ്ഥാനം കല്‍പിക്കുന്നു. നുബുവ്വത്തിനെക്കാള്‍ ശ്രേഷ്ഠമായ പദവിയാണ് വിലായത്ത് എന്നവര്‍ വാദിക്കുന്നു. നബിﷺക്ക് നുബുവ്വത്തും വിലായത്തും ഉണ്ട്. നബിﷺയെ ശ്രേഷ്ഠനാക്കിയത് നുബുവ്വത്തല്ല, വിലായത്താണ് എന്നാണ് അവര്‍ വാദിക്കുന്നത്. അവരുടെ വാദപ്രകാരം അവരുടെ വലിയ്യിന് തെറ്റുപറ്റില്ല. ആയത് കൊണ്ട് വലിയ്യ് വല്ലതും പറഞ്ഞാല്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്. വലിയ്യുകള്‍ വീഴ്ചകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നവരാണ്. ഇെതാക്കെയാണ് വലിയ്യുകളെ സംബന്ധിച്ചുള്ള സ്വൂഫികളുടെ വിശ്വാസം.
ഇമാം ത്വഹാവിയ്യ(റഹി) പറയുന്നു: 'ഒരു വലിയ്യിനും നാം ഒരു നബിയെക്കാളും ശ്രേഷ്ഠത നല്‍കുകയില്ല. മറിച്ച് നാം പറയും: ഒരു നബി സകല വലിയ്യുകളെക്കാളും ശ്രേഷ്ഠനാണ്.'
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞത് 'സത്യവിശ്വാസികള്‍ എല്ലാവരും അല്ലാഹുവിന്റെ വലിയ്യുകളാണ്' എന്നാണ്.
വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണല്ലോ 'മുഅ്മിന്‍' അഥവാ 'സത്യവിശ്വാസി.'
ഒരാള്‍ വലിയ്യായിത്തീരുമ്പോള്‍ അല്ലാഹുവില്‍നിന്ന് അവന് ലഭിക്കുന്ന ബഹുമാനമാണ്/ആദരവാണ് കറാമത്ത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ച്  ജീവിക്കുന്ന നല്ല വ്യക്തികളിലൂടെ അല്ലാഹു നടപ്പാക്കുന്ന അസാധാരണ സംഭവമാണ് കറാമത്ത്. അപ്പോള്‍ കറാമത്തുണ്ടാകാനുള്ള യോഗ്യത വലിയ്യാവുക എന്നത് മാത്രമാണ്. വലിയ്യ് വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ കല്‍പനാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണ്.
അല്ലാഹു രണ്ട് രീതിയിലാണ് അവന്റെ അടിമകളില്‍ കറാമത്ത് നടപ്പാക്കുക:
1) അവന്റെ വിശ്വാസത്തിന് ബലം നല്‍കുവാന്‍.
2) അവനുള്‍ക്കൊണ്ടത്  സത്യമാണെന്ന് ബോധ്യപ്പെടുത്തുവാന്‍.
കറാമത്തിനെ കുറിച്ച് പഠിക്കുമ്പോള്‍ മൂന്ന് വിഭാഗക്കാരെ നമുക്ക് കാണാന്‍ കഴിയും:
1) മുഅ്തസിലുകള്‍: അവര്‍ കറാമത്തിനെ അംഗീകരിക്കുന്നില്ല. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത് ഉണ്ടാകുന്നു എന്നതല്ലാത്ത ഒന്നും അവര്‍ അംഗീകരിക്കില്ല. അവര്‍ പിഴച്ച കക്ഷികളാണ്.
2) സ്വൂഫികള്‍: കറാമത്തിനെ പരിധില്ലാത്ത വിധം അംഗീകരിക്കുന്നവരാണവര്‍. പ്രത്യേകം ചില ആളുകള്‍ക്ക് വിലായത്ത് നിശ്ചയിച്ച് അവര്‍ക്ക് ഇല്ലാത്ത സ്ഥാനമാനങ്ങള്‍ നല്‍കുന്നവരാണ് ഇവര്‍.
3) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ (സലഫികള്‍): കറാമത്തിനെ അംഗീകരിക്കുന്നവരാണ് സലഫികള്‍. ഇമാം ത്വഹാവിയ്യ (റഹി) പറഞ്ഞു: 'ശരിയായ റിപ്പോര്‍ട്ട് പ്രകാരം അവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട കറാമാത്തുകള്‍ നാം അംഗീകരിക്കുന്നു. അത് അന്ത്യനാള്‍ വരെ ഉണ്ടാകുകയും ചെയ്യും എന്ന് ശൈഖുല്‍  ഇസ് ലാം ഇബ്‌നുതൈമിയ്യ പറഞ്ഞിട്ടുണ്ട്.' ക്വുര്‍ആനില്‍ പ്രസ്താവിച്ച മറിയം ബീവിയുടെയും ഖിള്ര്‍(അ)യുടെയും സംഭവങ്ങള്‍ കറാമത്തിനുള്ള ഉദാഹരണങ്ങളാണ്.
 എന്നാല്‍ കറാമത്ത് ചില നിബന്ധനകള്‍ക്ക്  വിധേയമാണ് എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സലഫികള്‍ പറയുന്നു:
1. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ ആജ്ഞാ നിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവന്‍ മാത്രമാണ് വലിയ്യാവുക.
2. വലിയ്യ് ഒരിക്കലും കറാമത്തിലൂടെ മുഅ്ജിസത്തിന്റെ പദവിയിലേക്ക് എത്തുകയില്ല.
3. കറാമത്ത് ഉണ്ടാവുക എന്നത് വിലായത്തിന്റെ നിബന്ധന(ശര്‍ത്വ്)യൊന്നുമല്ല. വലിയ്യായ എല്ലാവ്യക്തികള്‍ക്കും കറാമത്ത് ഉണ്ടാകണമെന്നുമില്ല.
4. പണ്ഡിതന്മാരെക്കാള്‍ ഉപരിയായി ചിലപ്പോള്‍ സാധാരണക്കാരിലാവും കറാമത്ത് വെളിവാവുക. അത് കൊണ്ട് കറാമത്ത് ലഭിച്ച വ്യക്തി പണ്ഡിതനെക്കാള്‍ വലിയ സ്ഥാനം കരസ്ഥമാക്കിയവനാവുകയില്ല. സാധാരണക്കാരനെക്കാള്‍ അല്ലാഹു പണ്ഡിതന്മാര്‍ക്ക് പദവി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ തെറ്റുധാരണകളാണുള്ളത്.
ചില പണ്ഡിതന്മാര്‍ അസാധാരണ സംഭവങ്ങളെ ഏഴായി തിരിച്ചിട്ടുണ്ട്.
1) അല്‍ ഇര്‍ഹാസാത്ത്: നബിമാരെ ലോകത്തിലേക്ക് നിയോഗിക്കുന്നതിനുമുമ്പ് അല്ലാഹു ലോകത്ത് നടപ്പാക്കിയ ചില അത്ഭുത പ്രതിഭാസങ്ങള്‍.
2) മുഅ്ജിസത്ത്: നബിമാര്‍ക്ക് മാത്രം ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.
3) കറാമത്ത്: അല്ലാഹുവിന്റെ വലിയ്യുകളില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.
4) അല്‍ഔന്‍: അല്ലാഹുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായം, അത് മുസ്‌ലിമായ ആരിലും ഉണ്ടാകാം.
ഇവ നാലും നന്മയാണ്.
5) സിഹ്‌റ്.
6) തന്‍ജീം: നക്ഷത്ര മണ്ഡലവും അതിന്റെ സഞ്ചാര പഥ വ്യവസ്ഥകളും മറ്റും പഠിച്ച് പ്രവചിക്കുന്ന ഒരു ശാസ്ത്രം. അതിലൂടെ മനുഷ്യരില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുമെന്നാണ് അവരുടെ വിശ്വാസം.
7) ജ്യോതിഷം.
ഇവ മൂന്നും ശര്‍റാണ്  അഥവാ തിന്മയാണ്. നിഷിദ്ധവും പിശാചിന്റെ ഭാഗത്തുനിന്നുള്ളതുമാണ്.
അഹ്‌ലുസ്സുന്നയില്‍ നിന്നും വ്യതിചലിച്ച് ചില പിഴച്ചവാദങ്ങളാല്‍ പിഴച്ചുപോയ ഒരു വിഭാഗമാണ് അശ്അരികള്‍. അവര്‍ കറാമത്തിനെയും മുഅ്ജിസത്തിനെയും വേര്‍തിരിക്കുന്നില്ല. അവര്‍ പറയുന്നത് അസാധാരണസംഭവങ്ങളെല്ലാം ഒന്നാണ് എന്നാണ്. ആ വാദം ശരിയല്ല. ചില കാരണങ്ങളാല്‍ അവ വേര്‍തിരിക്കല്‍ അനിവാര്യമാണ.്
1. നുബുവ്വത്ത് വാദം സത്യമാണെന്നറിയിക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുക. എന്നാല്‍ ഔലിയാക്കളില്‍ നിന്നും വെളിവാകുന്നതാണ് കറാമത്ത്.
2. മുഅജിസത്ത് വെളിവാക്കാനുള്ളതാണ്. എന്നാല്‍ കറാമത്ത് മറച്ചുവെക്കാനുള്ളതാണ്. വെളിവാക്കിയാല്‍ ചിലപ്പോള്‍ ലോകമാന്യം സംഭവിച്ചേക്കാം.
3. നബിമാര്‍ കുഫ്‌റില്‍ (അവിശ്വാസം) നിന്നും നിഫാക്വില്‍ (കാപട്യം) നിന്നും പാപകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതരാണ്. എന്നാല്‍ വലിയ്യ് ഇവ മൂന്നില്‍നിന്നും നിര്‍ഭയനല്ല. വലിയ്യിന് തെറ്റുപറ്റാം. അവനില്‍ നിന്നും ഹറാമുകള്‍ ഉണ്ടായേക്കാം.
4. കറാമത്ത് വെളിവായി എന്നത് കൊണ്ട് ഒരു വ്യക്തി സമൂഹത്തിന്റെ നബിയോ ഖലീഫയോ അെല്ലങ്കില്‍ അനുസരിക്കപ്പെടേണ്ടവനോ പിന്‍പറ്റപ്പെടേണ്ടവനോ ആകുന്നില്ല. ബിദ്ഇകളായ സ്വൂഫികളാണ് ആ നിലപാട് തുടങ്ങിയത്.
എന്നാല്‍ മുഅ്ജിസത്ത് ലഭിക്കുക നബിമാര്‍ക്കാണ്. അവരെ അനുസരിക്കലും പിന്‍പറ്റലും സ്‌നേഹിക്കലും ധിക്കരിക്കാതിരിക്കലും അവരുടെ സമൂഹത്തിന് നിര്‍ബന്ധമാണ്.
5). നുബുവ്വത്തും രിസാലത്തും ഒരാളില്‍ ഉണ്ടായാല്‍ പിന്നീട് അത് അവനില്‍ നിന്നും നീങ്ങിപ്പോവുകയില്ല. എന്നാല്‍ വിലായത്ത് അങ്ങനെയല്ല; അത് അവനില്‍ നിന്നും ഇല്ലാതാകാം.
കറാമത്തിന്റെ പേരു പറഞ്ഞ് ഗൈബ് വാദിക്കുന്നവരായി സ്വൂഫികളില്‍ ഒരുപാട് പേരുണ്ട്. ഗൈബ് അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അല്ലാത്ത ഒരു വ്യക്തിയും അല്ലാഹു അറിയിച്ചുകൊടുക്കാതെ ഗൈബ് അറിയുകയില്ല.
എന്നാല്‍ ഔലിയാക്കള്‍ക്ക് ഗൈബ് അറിയാന്‍ സാധിക്കുമെന്ന് വാദിക്കുന്നവരാണ് സ്വൂഫികള്‍.  പ്രവാചകന്മാര്‍ക്ക് മാത്രമെ അല്ലാഹു ഗൈബിയ്യായ കാര്യങ്ങള്‍ അറിയിച്ച് കൊടുക്കൂ.  അല്ലാഹു പറയുന്നു: ''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 72: 26,27).
ഔലിയാക്കള്‍ക്ക് ലഭിക്കുന്നത് ഇല്‍ഹാമാണ്. അെല്ലങ്കില്‍ മുകാശഫാത്തിലൂടെയോ തഹ്ദീസാത്തിലൂടെയോ ആണ്. അദൃശ്യമായ ചില കാര്യങ്ങള്‍ ചിലപ്പോള്‍ അല്ലാഹു അവന്റെ അടിമകളില്‍ ചിലര്‍ക്ക് അറിയിച്ചു കൊടുക്കും. അത് രണ്ട് രീതിയിലാണ്:
1) അല്ലാഹുവിന്റെ നബിമാര്‍ക്ക്: അവര്‍ക്ക് വഹ്‌യ് മുഖേനെ അല്ലാഹു ഗൈബ് അറിയിച്ചുകൊടുക്കും.
2) ഔലിയാക്കള്‍ക്ക് അല്ലാഹു ഇല്‍ഹാമുകളിലൂടെയോ തഹ്ദീസാത്തിലൂടെയോ മുകാശഫാത്തിലൂടെയോ അറിയിച്ചു കൊടുക്കും. അത് ഔലിയാക്കള്‍ക്കുള്ള കറാമത്തിന്റെ ഭാഗമായാണ്. അല്ലാതെ ഗൈബറിയലല്ല.
അല്ലാഹു ഗൈബിയ്യായ കാര്യം മുഅ്ജിസത്തിലൂടെ നബിമാര്‍ക്ക് അറിയിച്ചു കൊടുക്കുമ്പോള്‍ അവര്‍ ഒരിക്കലും സ്വന്തമായി ഗൈബ് അറിയുന്നവരാകുന്നില്ല. അപ്രകാരം കറാമത്തിന്റെ ഭാഗമായി മൂകാശഫാതിലൂടെയോ ഇല്‍ഹാമാതിലൂടെയോ അല്ലാഹു എന്തെങ്കിലും അദൃശ്യമായ കാര്യം വിശ്വാസികള്‍ക്ക് അറിയിച്ചു കൊടുത്താലും അവര്‍ ഗൈബ് അറിയുന്നവരാകുന്നില്ല. മറിച്ച് അവര്‍ക്കെല്ലാം അല്ലാഹു അറിയിച്ചു കൊടുക്കുകയാണ്. അവരാരും ഗൈബ് അറിയുന്നില്ല. അറിയിച്ച് കൊടുക്കാതെ അറിയുമ്പോഴാണ് 'ഗൈബറിയുന്നവര്‍' എന്ന് പറയുക.
യഥാര്‍ഥ ഗൈബും ആപേക്ഷിക ഗൈബുമുണ്ട്. തൊട്ടടുത്ത മുറിയില്‍ എന്ത് നടക്കുന്നു എന്ന് ചുമരിന്റെ തടസ്സം കാരണം ഒരാള്‍ക്ക് സാധാരണനിലയില്‍ അറിയാന്‍ സാധിക്കില്ല. അത് ആപേക്ഷികമായ ഗൈബാണ്. ആ റൂമില്‍ ഒരു നിരീക്ഷണ ക്യാമറയുണ്ടെങ്കില്‍ അവിടെ നടക്കുന്നത് സ്‌ക്രീനിലൂടെ കാണുവാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്യും. ഒരാള്‍ അറിയാത്തത് മറ്റൊരാള്‍ അറിയുന്നു എന്ന കേവലാര്‍ഥത്തില്‍ ഗൈബറിയുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വൂഫികള്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ അര്‍ഥത്തിലല്ല. അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അത് ബോധ്യമാകുന്നതാണ്. അത് കൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയം ജനങ്ങളെ പഠിപ്പിക്കേണ്ടി വന്നത്.
ഇതൊന്നും അറിയാതെയാണ് ചിലര്‍ കറാമത്തിന്റെ മറവില്‍ ഏത് അദൃശ്യകാര്യവും എപ്പോഴുമറിയാം എന്ന് വാദിക്കുന്നത്. ആരെങ്കിലും തനിക്ക് ഗൈബിയ്യായ കാര്യങ്ങള്‍ അറിയുമെന്ന് വാദിച്ചാല്‍ അവന്‍ കാഫിറാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു അബ്ദുല്‍ വഹാബ്(റഹി) എണ്ണിപ്പറഞ്ഞ കുഫ്‌റിന്റെ അഹ്‌ലുകാരായ അഞ്ച് കൂട്ടരില്‍ പെട്ട ഒരു കൂട്ടര്‍ ഗൈബിയ്യായ അറിവുണ്ടെന്ന് വാദിക്കുന്നവരാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.




എന്താണ് കറാമത്ത് ?

  https://www.youtube.com/watch?v=epvKhzhqw-0

 ഫൈസൽ മുസ്ലിയാർ


No comments:

Post a Comment