Friday, 8 April 2016

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന്
മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ.


ജാറംകെട്ടി  നാലുമൂലക്കും  നേര്‍ച്ചപ്പെട്ടി  വെച്ച്  ജനങ്ങളെക്കൊണ്ട്  ഖബറാരാധന ചെയ്യിപ്പിച്ച്  പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍  വേണ്ടി കൊണ്ടുവരാറുള്ള  ഒരു വാറോലയാണിത്‌. 

ഉമര്‍ (റ)വിന്‍റെ കാലത്ത്  വരള്‍ച്ചയുണ്ടായപ്പോള്‍ ഒരു മനുഷ്യന്  നബിയുടെ ഖബറിങ്കല്‍ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാന്‍ വേണ്ടി തേടി.. സഹാബിയായ ബിലാല്‍ ബിന്‍ ഹാരിസയാണ്  തേടിയത് എന്ന്  സൈഫ് ബിനു ഉമര്‍ പറഞ്ഞിട്ടുണ്ട്.   ഫതഹുല്‍ ബാരിയില്‍ ഉണ്ട്... ഇബ്നു കസീറിന്‍റെ ബിദായയില്‍ ഉണ്ട് ..അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച  അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കന്‍ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ചില തട്ടിപ്പുകള്‍  ആണിതൊക്കെ...

ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും  സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ. 
അല്ലാഹു  സ്വീകരിക്കട്ടെ.... ആമീന്‍ 



ഫത് ഹുല്‍ ബാരിയില്‍ ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് എന്താണ്.?

وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّ - وَكَانَ خَازِنُ عُمَرَ - قَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَ " الْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ ،

ഇമാം ഇബ്നു അബീശൈബ അബീ സ്വാലിഹ് സമ്മാന്‍ വരെയുള്ള  സ്വഹീഹായ സനദ് സഹിതം ഉമര്‍ ന്‍റെ ഖജാന സൂക്ഷിപ്പുകാരനായിരുന്ന മാലിക് ദാര്‍  (റ )വില്‍ നിന്നു  നിവേദനം ചെയ്യുന്നു :  അദ്ദേഹം പറഞ്ഞു : ഉമര്‍(റ)ന്റ കാലത്ത് ശക്തമായ ജലക്ഷാമമുണ്ടായി. അപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ്വ) യുടെ ഖബറിങ്കലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം മഴയില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് മഴക്ക് വേണ്ടി താങ്കള്‍ പ്രാര്‍ഥിക്കുക , അങ്ങനെ  നബി(സ്വ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു. നീ  ഉമര്‍(റ)വിന്റെ അടുത്തുപോവണം.. ഹദീസ് "ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് "ഫുത്തൂഹ് "എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു” (ഫത്ഹുൽബാരി2:496)

ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഷയം ഇത് ശിർക്കും തൗഹീദും വേർതിരിക്കുന്ന സ്വർഗ്ഗവും നരകവും വേർതിരിക്കുന്ന കാര്യമാണെന്ന ഗൗരവം ഈ സ്വപ്നക്കഥ ഉദ്ധരിക്കുന്നവർ മനസ്സിലാക്കുന്നില്ല.
അവരോട് ചോദിക്കാനുള്ളത്..
ഇത്രയും ഗൗരവം ഉള്ള അഖീദയുടെ വിഷയത്തിൽ ഇത് ഒരു തെളിവാണോ..?
ഇത് ഇസ്ലാമിക പ്രമാണങ്ങളിൽ എന്താണ്..?
വിശുദ്ധ ഖുർആനിലെ ആയത്താണോ..? അല്ല
നബി (സ) പറഞ്ഞ തോ ചെയ്തതോ അനുമതി നൽകിയതോ കല്പിച്ചതോ ആയ ഹദീസാണോ..? അതും അല്ല..
ഏതോ ഒരു അഡ്രസ്സ് ഇല്ലാത്ത  ഒരാൾടെ പേരിൽ ഉണ്ടാക്കിയ സ്വപ്നക്കഥ.

 ബിലാൽ ബിൻ ഹാരിസ് അൽ മുസ്‌നി ആണ് സ്വപ്നം കണ്ട വ്യക്തി എന്ന് പറഞ്ഞത് ആരാണ്.. ❓️സൈഫ് ബിൻ ഉമർ എന്ന ഒരു പെരും കള്ളൻ..
ഇബ്നു ഹജർ അൽ അസ്ഖലാനി തന്നെ അദ്ദേഹത്തിന്റെ തഹദീബ്ത്ത ഹ്ദീബ് എന്ന കിതാബിൽ ഈ സൈഫ് ബിൻ ഉമർ എന്ന നബിയുടെ പേരിൽ കള്ളഹദീസുകൾ കെട്ടിയുണ്ടാക്കിയ ഈ പെരും കള്ളനെ കുറിച്ച് 
അഹ്ലുസ്സുന്നത്ത്  വൽ ജമാഅത്തിന്റെ വിശ്വപ്രസിദ്ധരായ ഇമാമീങ്ങൾ പറഞ്ഞത് രേഖപ്പെത്തിയത് കാണുക :

سيف بن عمر التميمي البرجمي ويقال السعدي ويقال الضبعي ويقال الأسدي الكوفي صاحب كتاب الردة والفتوح روى عن عبد الله بن عمر العمري وأبي الزبير وابن جريح وإسماعيل بن أبي خالد وبكر بن وائل بن داود وداود بن أبي هند وهشام بن عروة وموسى بن عقبة ويحيى بن سعيد الأنصاري ومحمد بن إسحاق ومحمد بن السائب الكلبي وطلحة بن الأعلم وخلق وعنه النضر بن حماد العتكي ويعقوب بن إبراهيم بن سعد وعبد الرحمن بن محمد المحاربي ومحمد بن عيسى الطباع وجبارة بن المغلس وجماعة قال بن معين ضعيف الحديث وقال مرة فليس خير منه وقال أبو حاتم متروك الحديث يشبه حديثه حديث الواقدي وقال أبو داود ليس بشيء وقال النسائي والدارقطني ضعيف وقال بن عدي بعض أحاديثه مشهورة وعامتها منكرة لم يتابع عليها وقال بن حبان يروي الموضوعات عن الاثبات قال وقالوا أنه كان يضع الحديث قلت بقية كلام بن حبان اتهم بالزندقة وقال البرقاني عن الدارقطني متروك الحديث وقال الحاكم اتهم بالزندقة وهو في الرواية ساقط قرأت بخط الذهبي مات سيف زمن الرشيد
(تهذيب التهذيب للحافظ ابن حجر العسقلاني)
നബിയുടെ പേരിൽ കള്ള ഹദീസ് കെട്ടി ഉണ്ടാക്കുന്നവൻ സിന്ദ്ധീഖ്‌ ആണെന്ന് പറയപ്പെടുന്നവൻ വെറുക്കപ്പെട്ടവൻ എന്നിങ്ങനെ മൊത്തത്തിൽ പറഞ്ഞാൽ ഇവന്റെ സകല ഹദീസ് കളും തള്ളണം എന്നാണ് അഹ്‌ലുസുന്നയുടെ പണ്ഡിതൻ മാർ പറയുന്നത്  

മാത്രമല്ല സ്വപ്നം ഇസ്ലാമിൽ തെളിവല്ല. അപ്പോൾ പിന്നെ ഒന്നും നോക്കാതെ തന്നെ ഈ അഡ്രസ്സ് ഇല്ലാത്ത സ്വപ്നക്കഥ ചവറ്റു കൂനയിൽ എറിയണം 


സ്വപ്‌നങ്ങൾ ആർക്കും എന്തും കാണാം. അതിനൊന്നും ഒരതിരും ഇല്ലല്ലോ. നമ്മളൊക്കെ എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് കണ്ട് കൂട്ടുന്നത്..? പൈശാചിമായ പല സ്വപ്നങ്ങളും അതിൽ പെടും.  പിന്നെ നബിയെ സ്വപ്നം കാണുന്ന വിഷയത്തിൽ നബിയുടെ ഒറിജിനൽ രൂപത്തിൽ സ്വപ്നത്തിൽ ഇബ്‌ലീസ് ന് വരാൻ പറ്റില്ല എന്നത് സത്യമാണ്. സ്വഹീഹായ ഹദീസാണ്. അതേ സമയം അത് നബിയുടെ ഒറിജിനൽ രൂപമാണ് എന്ന് ആർക്കാണ് തിരിച്ചറിയാൻ സാധിക്കുക..? നമ്മളാരും നബിയുടെ ഒറിജിനൽ രൂപം കണ്ടിട്ടില്ല. അപ്പോൾ പിന്നെ ഇബ്‌ലീസ് ന് നബിയുടെ രൂപമാണെന്ന് തോന്നിപ്പിച്ച് വേറെ ആരുടെയെങ്കിലും കോലത്തിൽ സ്വപ്നം കണ്ടാൽ എങ്ങനെയാണ് വേർതിരിച്ചു മനസ്സിലാക്കാൻ പറ്റുക..?

സ്വപ്‌നങ്ങൾ  അടിസ്ഥാനമാക്കി ഇസ്ലാമിൽ ഒരു അമൽ ചെയ്യാൻ പറ്റില്ല എന്നാണ് 
ഇമാം നവവി ശറഹ് മുസ്ലിമിൽ പറഞ്ഞത്.

فان معنى الحديث أن رؤيته صحيحة وليست من أضغاث الأحلام وتلبيس الشيطان ولكن لا يجوز اثبات حكم شرعي به لأن حالة النوم ليست حالة ضبط وتحقيق لما يسمعه الرائي وقد اتفقوا على أن من شرط من تقبل روايته وشهادته أن يكون متيقظا لا مغفلا 





ഇനി പറയാനുള്ളത്  ഈ റിപ്പോര്‍ട്ട്  സ്വഹീഹല്ല  എന്നതാണ്.

അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  അതായത് മാലിഖ് ദാര്‍ വരെ  മുഴുവനായി  സ്വഹീഹായ  സനദ്  ഇതിനില്ല ..?

എന്താണ്  കാരണം..?


ഈ ഹദീസ് സ്വഹീഹല്ല എന്ന്  വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയില്‍  - ഏതോ ഒരാള്‍ വന്നു  നബി (സ)യുടെ  ഖബ്രിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാന്‍ നബി (സ)യോട് പറഞ്ഞു എന്നാണ്.   പിന്നീട്  സ്വപ്നം കാണുന്നു. അത്  മാലിക് ദാര്‍ നോട്  ആരാ പറഞ്ഞത് .?  ഇവിടെ  മാലിക് ദാര്‍ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാന്‍ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .

ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും  വേറൊരു  വ്യക്തി സ്വപ്നം കാണുമ്പോള്‍ മാലിക്ദാര്‍ എന്തായാലും കൂടെ  ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട്  പറഞ്ഞാലും  അത് ആരാണെന്ന്  ഇവിടെ വ്യക്തമല്ല. ആ റജൂല്‍ ഇവിടെ  അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ്  മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം  ഇവിടെ സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ  അബീസാലിഹ്  സമ്മാന്‍ വരെ ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞത്.  മാത്രമല്ല സൈഫ്ഇബ്നു ഉമർ പറഞ്ഞത് ഖബറിങ്കൽ പോയ വ്യക്തി എന്ന് പറയാതെ സ്വപ്നം കണ്ട വ്യക്തി എന്നാണ് പറഞ്ഞത്. അവിടെയും ഒരു അവ്യക്തത ഉണ്ട്.  കാരണം സൈഫ് ന്റെ പേരിൽ ഉള്ള റിപ്പോർട്ട് കളിൽ ബിലാൽ ബിൻ ഹാരിസ് അൽ മുസ്‌നി (റ)സ്വപ്നം കണ്ടു എന്നല്ലാതെ ഖബറിങ്കൽ പോയി തേടി എന്ന് കാണുന്നില്ല.
(ആ റിപ്പോർട്ട് താഴെ വിശദീകരിച്ചു പറയുന്നതാണ് )
ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞാൽ ഹദീസ്മാ സ്വഹീഹായിക്കൊള്ളണം എന്നില്ല എന്നാണ് ഇബ്നു ഹജ്ർ അൽ അസ്ഖലാനി തന്നെ പറഞ്ഞിട്ടുള്ളത്.

 ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച്  ABCD തിരിയാത്ത മുസ്ലിയാക്കന്മാര്‍ സ്വഹീഹായ ഹദീസില്‍ ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബ്കളും കുത്താറാതീബും കുടിയോത്തും  ഉറൂസും ശാദുലി റാത്തീബ് എന്ന തിരുവാതിരക്കളിയും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളുള്ള  മുസ്ലിയാക്കന്മാര്‍ക്ക്  ഈ ഉസൂല്‍ പഠിക്കാന്‍  നേരം കിട്ടിയിട്ടുണ്ടാവില്ല.

എന്തായാലും ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞാല്‍ അതെന്താണെന്ന്  ഇമാം  ഇബ്നു  ഹജര്‍ അല്‍ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ  കിതാബായ  അന്നുഖത്ത് ല്‍ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും  ഒന്ന് പഠിക്കുക :  അദ്ദേഹം പറയുന്നു :

قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.
ഒരാള്‍ സ്വഹീഹുല്‍ ഇസ്നാദ് എന്ന് പറയുകയും അവിടെ ശാദ് ആണെന്നോ ന്യൂനത ഉണ്ടെന്നോ പറഞ്ഞിട്ടില്ലെങ്കില്‍ അത് സ്വഹീഹാണ് എന്ന് ( ഇബ്നു സ്വലാഹ് )പറഞ്ഞത് നാം അംഗീകരിക്കുന്നില്ല . ഇല്ലത്ത് (ന്യുനത)  അവിടെ പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക എന്നതാണ് അതിന്റെ  അടിസ്ഥാനമായിരുന്നുവെങ്കില്‍ സ്വഹീഹിന്റെ ശര്‍തില്‍ (ഇല്ലത്ത് പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക) എന്നത് ശര്‍തായി പറയുമായിരുന്നു. അപ്പോള്‍ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുല്‍ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാല്‍ ന്യൂനത അവിടെ ഉണ്ടാവാം എന്നതാണ്  അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും  ഇല്ലത്ത് (ന്യൂനത)അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല .അപ്പോള്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.?


 فكيف يحكم له بالصحة

അപ്പോള്‍ ഇസ്നാദിന്‍ സ്വഹീഹിന്‍  എന്ന് പറഞ്ഞാല്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? എന്നാണ്  ഇബ്നു ഹജര്‍  അല്‍ അസ്ഖലാനി പോലും പറയുന്നത് . 



ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?

അതും കൂടി പഠിക്കുക :


ഇനി എന്താണ്  അങ്ങിനെ പറയാനുള്ള കാരണം ..? അതും കൂടി പഠിക്കുക . 

ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന   5 നിബന്ധനകള്‍  ഒത്തുവരേണ്ടതുണ്ട് .



1. (اتصال السند  )  ഇത്തിസ്വാലു സനദ്.നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയില്‍ ഒരാള്‍  പോലും വിട്ടുപോകാന്‍ പാടില്ല.



2. (  عدالة الراوي  )  അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.



3. تمام الضبط    തമാമുളളബ്ത്.



റാവികള്‍ അബദ്ധം സംഭാവിക്കാത്തവിധത്തില്‍ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക .

4. (شاذശാദ്   .ആവാതിരിക്കല്‍: റാവികളില്‍ അദ്ദേഹത്തെക്കാള്‍ പ്രാമാണികനും പരിഗണനീയനുമായ  ആളുകളോട്  എതിരാവുന്ന അവസ്ഥ  ഇല്ലാതിരിക്കുക.


5 .   (علة)ഇല്ലത്ത്  ഇല്ലാതിരിക്കുക : ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകള്‍  തീരെ ഇല്ലാതിരിക്കുക. 


ഇവിടെ മുകളില്‍ പറഞ്ഞ  റിപ്പോര്‍ട്ട്  പല കാരണങ്ങളാലും  ന്യൂനതകള്‍  ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകള്‍  ഒത്തുവരാത്തതാണ്.

സനദ് മുറിഞ്ഞുപോയതാണ്.  സനദ്  മുറിഞ്ഞുപോയ  ഒരു സ്വപ്നക്കഥ മാത്രമാണ്.

ഏതോ ഒരാള്‍ വന്നുകൊണ്ട്  നബി (സ) യുടെ ഖബറിങ്കല്‍ വന്നുകൊണ്ട്  എന്തൊക്കെയോ വിളിച്ച് പറഞ്ഞത്  ഇസ്ലാമില്‍  തെളിവാകുമോ..?  ഇല്ലേയില്ല. അതായത് ഇത് ഇസ്ലാമിലെ  അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല. വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല .
നബി (സ)യുടെ  വാക്കോ പ്രവര്‍ത്തിയോ  മൌനാനുവാദമോ അല്ല .
മാത്രമല്ല,  ഈ  വാറോല നാടകത്തില്‍ ഒരു  സ്വപ്നത്തിന്റെ  സീനുംകൂടി ഉണ്ട് . അമ്പിയാക്കളുടെ സ്വപ്നമല്ലാതെ  വേറെ ആരുടെ സ്വപ്നവും  ഇസ്ലാമില്‍ തെളിവല്ല. 

മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്ന  ഈ സ്വപ്നക്കഥ ഇസ്ലാമുമായി  എത്രത്തോളം യോജിക്കുമെന്ന് പരിശോധിക്കുമ്പോള്‍ പരിശുദ്ധ ഖുർആനിനും  നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്. ''സൂറത്ത്  നൂഹിൽ'' അല്ലാഹു പറയുന്നു 


فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.



يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا

അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.


وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا

സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (Nooh -10,11,12)


*
ക്ഷാമത്തിൽ നിന്നും നിവാരണം ലഭിക്കാനും മഴ വർഷിച്ചു കിട്ടാനും അല്ലാഹുവോടു പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് നൂഹ് നബി(അ)ന്റെ ഈ പ്രസ്താവനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.

മഴ ലഭിക്കുന്നതിന് അല്ലാഹുവിനോട്  പ്രാർത്ഥന നടത്തുക എന്നത് തന്നെയാണ് മുഹമ്മദ് നബി(സ)  തന്റെ അനുയായികൾക്ക് നിർദേശിച്ചത്.   അതിനുവേണ്ടി  സ്വലാത്തുല്‍ الاستسقاء ഇസ്തിസ്ഖാഎന്ന ഒരു  പ്രത്യേക നമസ്കാരം തന്നെ നബി(സ) സുന്നത്താക്കി കൽപിച്ചു.  കൂടാതെ മഴക്ക് വേണ്ടി ദുആ ചെയ്യാനും നബി (സ) പഠിപ്പിച്ചു.  

നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നുകൊണ്ട് വരള്‍ച്ച കാരണത്താലുള്ള പ്രയാസങ്ങള്‍ വിവരിക്കുകയും  മഴ കിട്ടാന്‍ വേണ്ടി അല്ലാഹുവിനോട്  ദുആ ചെയ്യാന്‍ വേണ്ടി പറയുകയും അപ്പോള്‍ നബി(സ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയും ഉടനെ മഴ കിട്ടുകയും ചെയ്ത സംഭവം സുപ്രസിദ്ധമാണ്


അബ്ദുല്ലാഹുബ്നു സൈദ്(റ)നിവേദനം:
നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ല:യുടെ നേരെ നബി(സ) തിരിയുകയും തന്റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി)

ഇങ്ങനെ മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം വിവരിക്കുന്ന  ഒട്ടേറെ ഹദീസുകള്‍ കാണാം :

നബി (സ) വഫാത്തായ ശേഷം ഉമര്‍ (റ)വിന്റെ കാലത്തും  മുആവിയ (റ) വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍  ഒരൊറ്റ സഹാബിയും  നബി (സ)യുടെ  ഖബറിങ്കല്‍  പോയി  മഴക്ക് വേണ്ടി തേടിയ ഒരൊറ്റ  സ്വഹീഹായ ഹദീസ്  പോലുമില്ല.  നബി (സ)യുടെ ഖബര്‍ തൊട്ടടുത്ത്  ആയിശാ ഉമ്മയുടെ  വീട്ടിനുള്ളില്‍ ഉണ്ടായിട്ടും അവര്‍  അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ  സഹാബികളെക്കൊണ്ട്   അല്ലാഹുവിനോട്  ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.

നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത്  മനസ്സിലാക്കിയ  ഇസ്ലാം ദീന്‍ അതാണ്‌ .

حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
)صحيح البخاري - كتاب الاستسقاء (
   

അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി)

 മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍  യസീദ് ബിന്‍  അസ് വദ്  (റ)വിനെ ക്കൊണ്ട് മഴക്ക്  വേണ്ടി അല്ലാഹുവിനോട്  ദു ആ  ചെയ്ത സംഭവം  ചരിത്രത്തില്‍ രേഖപ്പെടുത്തിയത്  കാണാം  

رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم

നബി(സ)യുടേയും നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ  സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും  ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള  മാതൃകയാണ് മുകളില്‍ നാം കണ്ടത്. നബി(സ)ക്ക് വഫാതിന്  ശേഷം വരള്‍ച്ച ഉണ്ടായപ്പോള്‍  നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു. ഉമർ(റ)വിന്‍റെ  ഭരണകാലത്ത് വരള്‍ച്ച ഉണ്ടായപ്പോള്‍   ജീവിച്ചിരിക്കുന്ന അബ്ബാസുബ്നു അബ്ദിൽ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിപ്പിച്ചു. മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ ജീവിച്ചിരിക്കുന്ന യസീദ്ബിന്‍  അസ് വദ് (റ)വിനെക്കൊണ്ട് മഴക്ക്  വേണ്ടി അല്ലാഹുവിനോട്   പ്രാർത്ഥിപ്പിച്ചു ആകെയാൽ പ്രവാചകൻമാരോ, അവരെ മാതൃകയാക്കി ജീവിച്ച അനുയായികളോ ആരും തന്നെ മഴക്ക് ക്ഷാമം നേരിട്ടപ്പോള്‍ അത്  പരിഹരിക്കാൻ ആരുടെയെങ്കിലും ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെടുകയുണ്ടായില്ല.  മദീനത്തെ പള്ളിയുടെ തൊട്ടടുത്ത്  തന്നെയുള്ള  ആയിശാ ഉമ്മയുടെ വീട്ടിനുള്ളില്‍ നബി (സ)യുടെ ഖബര്‍ ഉണ്ടായിട്ടും ഒരൊറ്റ സഹാബിയും  നബി(സ)യുടെ ഖബറിങ്കല്‍  പോയി  മഴക്ക് വേണ്ടി തേടിയില്ല . ഒരാവശ്യത്തിനും അവര്‍ വഫാത്തായ നബി(സ)യോട് സഹായം തേടിയിട്ടില്ല. അതുകൊണ്ടുതന്നെ, ഈ  സ്വപ്ന നാടകക്കഥ ഖുർആനിന്നും നബി(സ)യുടെ സുന്നത്തിനും  നബി(സ)യില്‍നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തിന്റെ മാതൃകക്കും എതിരാണെന്ന് വരുന്നു.  ഒരു മുസ്ലിമിനെ  സംബന്ധിച്ചിടത്തോളം ഈ സ്വപ്നനാടകക്കഥ  തള്ളപ്പെടാന്‍ ഈ ഒരൊറ്റ കാരണം തന്നെ മതിയായതാണ് .

ഹിജ്‌റ 367 ൽ ജനിച്ച് ഹിജ്‌റ 446 മരണപ്പെട്ട ഇമാം ഖലീലി (റഹി) ഈ ഹദീസിനെ കുറിച്ച് പറയുന്നത് . അതായത് സനദിൽ പോരായ്മകൾ ഉണ്ടെന്നാണ് 
:" يُقال إن أبا صالح سمع مالك الدار هذا الحديث , والباقون أرسلوه "

മാലിക് ദാറിൽ നിന്നും അബൂസാലിഹ് കേട്ടുവെന്ന്  പറയപ്പെടുന്നു. യൂഖാലു എന്ന മജ്ഹൂലായ പ്രയോഗമാണ് ഇവിടെ ഇമാം ഖലീലി രേഖപ്പെടുത്തിയത്.





മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട  മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്. 

قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه

ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ  റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ല. ഉമറിന്റെ ഖജാന സൂക്ഷിപ്പുകാരന്‍ എങ്ങനെ മജ്ഹൂല്‍ ആവും എന്നൊക്കെ  ഉസൂല്‍  തിരിയാത്ത ചില മുസ്ലിയാക്കന്മാര്‍ ചോദിക്കാറുണ്ട്.  കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാര്‍ ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങള്‍  ഒരു ഹദീസ് സ്വീകാര്യമാവാന്‍ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില  നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കില്‍  അവരുടെ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല . ഇമാം മുന്‍ദിരി(റഹി)യും ഇമാം ഹൈസമി(റഹി)യും കേരളത്തിലെ  മുജാഹിദ് നേതാക്കളല്ലല്ലോ. 


വരള്‍ച്ച ഉണ്ടായപ്പോള്‍ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട്  ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ "ഒരാൾ" ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല  എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീന്‍ . എല്ലാ അർത്ഥത്തിലും 'കേവലം അജ്ഞാതൻ مجهول  ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമില്‍ തെളിവാകുമോ ..? ഇല്ല .  എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതൻമാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദ് മായി  വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള  ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്.  
പേർഷ്യ,റോം മുതലായ മഹാരാഷ്ട്രങ്ങൾ ഇസ്ലാമിന്നു അധീനമായപ്പോൾ,  അതിൽ അരിശംപൂണ്ട ധാരാളം വ്യക്തികളും,സംഘങ്ങളും മുസ്ലിംകളുടെ വേശമണിഞ്ഞു ഇസ്ലാമിന്റെ നാശത്തിന്നും മുസ്ലിംകളുെ തൗഹീദ്(ഏകദൈവ വിശ്വാസം)ബലഹീനമാക്കിത്തീർക്കുന്നതിനും പദ്ധതിയിട്ടു പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും നീതിമാനായ ഉമർ(റ)ന്റെ വധം തുടങ്ങിയ പലതും ഈ വിഭാഗത്തിന്റെ ചെയ്തികളായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തില്‍ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമര്‍ (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളില്‍ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ  ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. 
ഇനി  ഈ സ്വപ്നക്കഥയില്‍  വല്ല  സത്യവും ഉണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട   അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെ ക്കുറിച്ച് നബി(സ)ഉണർത്തിയത് വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം  ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ധേശമെങ്കിൽതന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ .   ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും  അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ  മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്.  ഉമര്‍ (റ)വിനേയും  അബൂബക്കര്‍ (റ)വിനേയും ആയിഷാബീവി (റ)യേയും  മറ്റ്  സഹാബാക്കളേയുമൊക്കെ  തെറി പറയുന്നതും കള്ളക്കഥകള്‍  പാടി നടക്കുന്നതും  വിലപിക്കുന്നതും പുണ്യകിട്ടുന്ന  സര്‍ക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം  കഥകള്‍ ഉണ്ടാവുന്നത്  സ്വാഭാവികമാണ്.  ഉമര്‍ (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന  പേര്‍ഷ്യക്കാരനായ  മജൂസി ശിയാക്കള്‍ക്കിടയില്‍ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി  അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി  മനസ്സിലാക്കുവാന്‍ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി "ഫിറോസാന്‍" എന്നും "ശുജായിദീന്‍"  എന്നുമൊക്കെ വാഴ്ത്തി  ഇറാനിലെ കാഷാനില്‍ വലിയ ജാറം കെട്ടി സര്‍ക്കാര്‍ ചെലവില്‍ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.  

വിക്കിപീഡിയ ലിങ്ക് താഴെ 

https://en.wikipedia.org/wiki/Piruz_Nahavandi

ഉമര്‍ (റ)വിനേയും  അബൂബക്കര്‍ (റ)വിനേയും  തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി വെച്ച്  ശിയാക്കള്‍ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്‍റെ വീഡിയോ കാണാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False

https://www.youtube.com/watch?v=a5qOiHlAbqw


ഇനി ഉമര്‍ (റ)വിന്റെ കാലത്ത് "സഹാബിയായ ബിലാല് ബിനു ഹാരിസ(റ)യാണ് നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടിയത്" എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു ഉമര്‍ അല്‍ദബ്ബി  ആരാണ് എന്നത് പരിശോധിക്കുമ്പോള്‍ ഈ കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :

ആരാണ്  ഈ സൈഫ് ..? 
ജാറം കെട്ടിപ്പൊക്കി  നാലുമൂലക്കും  നേര്‍ച്ചപ്പെട്ടി  വെച്ച്  ജനങ്ങളെക്കൊണ്ട്  ഖബറാരാധന ചെയ്യിപ്പിച്ച്  പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍വേണ്ടി " മഹാനായ ഇമാം സൈഫ് ഇബ്നുഉമര്‍ റളിയല്ലാഹുഅന്ഹു" എന്നൊക്കെ നീട്ടി വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള  ഈ വാറോലയുണ്ടാക്കിയ  പെരുംകള്ളനെ കുറിച്ച്  ലോകപ്രസിദ്ധ മുഹദ്ദിസ്കളായ   അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍  എന്തൊക്കെയാണ്  അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്...? നമുക്ക്  പരിശോധിക്കാം.  



ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :

قال الحافظ الذهبي، في ميزان الاعتدال /3ـ /353/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം ഇബ്നുല്ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث، وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി  സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ  ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ്  മുകളില്‍ കണ്ടത്

ضعيف الحديث، فِلسٌ خير منه

ഹിജ്റ{158 -  233}കളില്‍ ജീവിച്ച ഇമാം യഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു:  സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.


و قال أبو داود : ليس بشىء
ഹിജ്റ(202-275 هـ) 
കളില്‍ ജീവിച്ച ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ് 


و قال أبو حاتم : متروك الحديث

  ഹിജ്റ {195 - 277} കളില്‍ജീവിച്ച  ഇമാം അബു ഹാത്തിം: സൈഫ് ബിന്‍ ഉമര്‍ തള്ളപ്പെടേണ്ട ആളാണ് 

قال ابن حبان: اتهم بالزندقة

ഹിജ്റ {270 - 354}കളില്‍ ജീവിച്ച ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.


قال ابن عدي: عامة حديثه منكر
ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു:  സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്.

وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന്   സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ് 

ഇങ്ങനെയെല്ലാമാണ് "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ  മഹാന്മാരായ  ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ   റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?


അലി(റ)ആകാശത്തിൽ ജീവിച്ചിരിക്കുകയാണെന്നും,ഒരിക്കൽ അദ്ധേഹം ജീവനോടുകൂടി ദുനിയാവിലേക്ക് തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന "റാഫിളീ" കക്ഷിയിൽപെട്ട ജാബിറുൽ ജൂഅഫീ യിൽ നിന്നു പോലും ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയെന്ന നിലക്ക് 'സൈഫു 'നിവേദനം ചെയ്യുന്ന ഹദീസുകൾ മുഴുവൻ ഹദീസു പണ്ഡിതൻമാരും അവഗണിച്ചു കളയുന്നു.ഇങ്ങനെയുള്ള സൈഫിന്റെ റിപ്പോർട്ട് അവലംഭമാക്കി ഒരു മതവിധി തീരുമാനിക്കുക എന്നതു എത്ര ബാലിശമാണ്.

ഇമാം ദഹബി (റ), ഇബ്നുല്‍ ജൌസി(റ) ,  ഇബ്നു ഹാതിം(റ) യഹ് യ ഇബ്നു മഈന്‍(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാന്‍(റ), ദാറഖുത്നി(റ).  ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ പറയുന്നു: ഉമര്‍ (റ)വിന്റെ കാലത്ത് സഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന്‍ ഉമര്‍ എന്നവന്റെ ഹദീസുകള്‍ ഒരിക്കലും തെളിവിന്‌ സ്വീകരിക്കാന്‍ പറ്റാത്തതാണ്. അവന്റെ മുഴുവന്‍ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവന്‍ ദീനില്‍ നിന്നും മുര്തദ്ധായവനാണ് എന്ന് പറയപ്പെട്ട ആളാണ്‌. ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തില്‍ ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക്‌ തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക്  മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാര്‍ കൂട്ട് പിടിച്ചിരിക്കുന്നത്.   

കൂട്ടത്തില്‍ പറയട്ടെ ...
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ ചരിത്രത്തില്‍ വിശ്വസ്തന്‍ ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അന്ഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാന്‍ മുസ്ലിയാക്കന്മാര്‍ പരിശ്രമിക്കാറുണ്ട്.

ചരിത്രത്തില്‍ പലരും പലതും പറയാറുണ്ട്‌.
അതെല്ലാം സത്യമായതാണോ ..?  അല്ല.
History  = his story ആണ്. പരശുരാമന്‍ മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാന്‍ പറ്റുമോ ..?  കുരങ്ങന്‍ മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മള്‍ വിശ്വസിക്കുമോ ..?  ഇല്ല ...നമ്മുടെ   നാട്ടില്‍ മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളില്‍ ചരിത്ര സെമിനാറുകള്‍ ഉല്ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മള്‍ കൊണ്ട് വരാറുണ്ട്.  അവര്‍ പല ചരിത്രങ്ങളും പറയാറുണ്ട്‌. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച് ചില ഹൈന്ദവ സഹോദരര്‍ പറയുന്ന ചരിത്രം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. ചേരമാന്‍ പെരുമാള്‍ ഹിന്ദുമതത്തില്‍ നിന്നും ഭ്രഷ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ ....   അപ്പോള്‍ പിന്നെ അവര്‍ പറയുന്നതൊക്കെ ഇസ്ലാമില്‍ നമ്മള്‍ പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ ആ ജാതി ഒരു ചരിത്രകാരന്‍ എന്ന് കരുതിയാല്‍ മതി......... 

അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ന്‍റെ കള്ളക്കഥകള്‍  മുസ്ലിംകളായ  നമ്മള്‍ക്ക്  ഒരിക്കലും  പ്രമാണമല്ല . 

ഇനി മറ്റൊരു വിഷയം ഇബ്നു തൈയ്മിയ ഇഖത്തിലാഉ സിറാത്വൽ മുസ്തകീം എന്ന കിതാബിൽ പോലും ഇത് ഉദ്ധരിച്ചിട്ടുണ്ട് എന്നാണ്. കിതാബ് ൽ ഉദ്ധരിക്കുക എന്നത് അത് സത്യമാണ് എന്നതിനുള്ള രേഖയോ തെളിവോ അല്ല. അത് സ്വഹീഹായ സനദ് സഹിതം പറഞ്ഞിട്ടുണ്ടോ... ഇല്ല. റുവിയ എന്നാണ് തുടക്കം തന്നെ. കാണുക.