Saturday, 28 March 2015

അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും


അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും 

ഒരു സത്യവിശ്വാസി  അവന്‍റെ മനസ്സില്‍ അല്ലാഹുവിനെക്കുറിച്ച്  വെച്ചുപുലര്‍ത്തേണ്ട  ഭയം  ആരാധനയാണ് . خوف  - خشية   എന്നീ പദങ്ങളാണ്  വിശുദ്ധ ഖുര്‍ആന്‍ ഈ മാനസികാവസ്ഥക്ക്  പ്രയോഗിച്ചിട്ടുള്ളത്. ആദരവോടു കൂടിയുള്ള ഭയത്തിന്     خشية  എന്നും പൊതുവേ ഉണ്ടാകുന്ന ഭയത്തിന്  خوف    എന്നുമാണ്  പറയുക.  ഒരു വിശ്വാസിക്ക്    അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും എപ്പോഴും  ഉണ്ടായിരിക്കേണ്ടതാണ് .  അല്ലാഹുവിനെ തൃപ്തിപ്പെടുത്താന്‍ എനിക്ക് ആവുകയില്ലേ , അവന്‍റെ  ശിക്ഷ എന്നെ പിടികൂടുമോ , തന്‍റെ സല്‍ക്കര്‍മ്മങ്ങള്‍ അവന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തന്നെയാണോ  അതെല്ലാം പൂര്‍ണമായി പ്രതിഫലം ലഭിക്കപ്പെടുന്ന വിധത്തില്‍ തന്നെയാണോ  എന്നിങ്ങനെയുള്ള ചിന്തയും ഉല്‍ക്കണ് ഠയും സദാ ഒരു സത്യവിശ്വാസിക്ക് ഉണ്ടാവണം.    

 അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാരായ  അമ്പിയാക്കളുടെ സ്വഭാവത്തെക്കുറിച്ച്  അല്ലാഹു പറയുന്നു :


إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ﴿٩٠

..തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. (21 : 90)




ഭയമുണ്ടാവുമ്പോള്‍  മനസ്സിലുണ്ടാവുന്ന  വിനയത്തോടെ ഉള്ള അവസ്ഥയാണ്  خشوع  . ഭയം കൊണ്ടുണ്ടാകുന്ന കിടിലവും വിശ്വാസിയിലുണ്ടാവും . ഭയം കൂടുതല്‍ ഉണ്ടാകുമ്പോഴാണല്ലോ കിടിലം കൊള്ളുന്നത് . സല്‍ക്കര്‍മ്മം ചെയ്യുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം അല്ലാഹു സ്വീകരിക്കണമെന്ന  ആശയില്‍ നിന്നും അതില്‍  വീഴ്ച്ച വന്നു പോകുമോ  എന്ന ഉല്‍ക്കണ് ഠയില്‍ നിന്നും ഉളവാകുന്ന അവസ്ഥയെ കുറിച്ച്  അല്ലാഹു പറയുന്നത് കാണുക :




إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴿٥٧﴾ وَالَّذِينَ هُم بِآيَاتِ رَبِّهِمْ يُؤْمِنُونَ ﴿٥٨﴾ وَالَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ﴿٥٩﴾ وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ ﴿٦٠﴾ أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ ﴿٦١﴾

തീര്‍ച്ചയായും തങ്ങളുടെ  റബ്ബിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും ,(57) തങ്ങളുടെ റബ്ബിന്‍റെ  ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, (58) തങ്ങളുടെ റബ്ബിനോട് പങ്കുചേര്‍ക്കാത്തവരും, (59) റബ്ബിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ (60) അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരുമാകുന്നു . (61)
സൂറത്ത്  2 3 : 57 - 61
  
അല്ലാഹുവിന്‍റെ നാമം പറയപ്പെടുമ്പോള്‍ പോലും ഈ കിടിലം കൊള്ളലും ഞെട്ടലും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്കുണ്ടാവുന്നതാണ് .  



إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾



അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (2)   سورة الأنفال  സൂറത്ത്  അന്‍ഫാല്‍ 2 .

അല്ലാഹു അല്ലാത്തവരോട്  ഈ നിലക്കുള്ള ഭയം പ്രകടിപ്പിക്കരുത് . കാരണം അത് ശിര്‍ക്കാണ്‌ . അല്ലാഹു പറയുന്നു : 



 فَلَا تَخْشَوُا النَّاسَ وَاخْشَوْنِ

അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക.


സൂറത്ത്  മാഇദ : 44 



فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ 

അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക.  (സൂറത്ത്  മാഇദ : 3)


ഈ ലോകത്ത്  നമുക്ക്  പല സൃഷ്ട്ടികളെയും ഭയമുണ്ട്. അതെല്ലാം ഭൌതികമാണ്. പാമ്പ്‌ നമ്മെ കടിക്കും. കടിച്ചാല്‍ അപകടം ഉണ്ടാവും. ആ പേടി ഭൌതികമാണ്.     എന്നാല്‍  അല്ലാഹുവിനെ കുറിച്ചുള്ള  ഭയത്തിന്‍റെ പ്രത്യേകത  അവനെ നമ്മള്‍ ഭയപെടുന്നത് അഭൗതികമായ നിലക്കാണ്.   ഈ അവസ്ഥ മറ്റ്  സൃഷ്ട്ടികളോട്  ഉണ്ടാവാന്‍  പാടില്ല . ഉണ്ടായാല്‍ അത് ശിര്‍ക്കാണ്‌ . പാമ്പിനെ കുറിച്ച് അത് നമ്മെ കടിച്ചാല്‍ വിഷം തീണ്ടി മരിക്കും എന്ന  ഭൌതികമായ പേടി ശിര്‍ക്കല്ല . അത്തരം  പാമ്പിനെ കണ്ടാല്‍  നമ്മള്‍ തല്ലി കൊല്ലുന്നു . എന്നാല്‍ അമ്പലത്തിലെ പാമ്പാണ് . അതിനെ ഉപദ്രവിക്കണ്ട. സര്‍പ്പകോപം ഉണ്ടാവും .  സര്‍പ്പകോപം ഉണ്ടായാല്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും എന്ന പേടി ശിര്‍ക്കാണ്‌  

ഇവിടെ  കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാന്‍ ആ സര്‍പ്പത്തിന്  കഴിയും എന്ന ഒരു വിശ്വാസം നമ്മെ പിടികൂടുന്നു . അത് ശിര്‍ക്കാണ്. 

മൊയ്തീന്‍ ശൈഖിന്‍റെ  പേരിലോ ഉള്ലാളം തങ്ങളുടെ പേരിലോ മറ്റോ  ശിര്‍ക്കന്മാര്‍ നേര്‍ച്ചയാക്കിയ  ആട്  നമ്മുടെ വീട്ടിലും  വളപ്പിലുമൊക്കെ വന്ന് ശല്യം ചെയ്യുമ്പോഴും വിളവ്‌ നശിപ്പിക്കുമ്പോഴും ചിലര്‍ ഒന്നും ചെയ്യാറില്ല . ഭവ്യതയോടെ  അതെല്ലാം  സഹിക്കും. ആ  നേര്‍ച്ച മൃഗത്തെ  ആട്ടിയോടിച്ചാല്‍  ആരുടെ പേരിലാണോ നേര്‍ച്ചയാക്കപ്പെട്ടത്  ആ  മഹാനവര്‍കളുടെ ശാപകോപങ്ങളുണ്ടാവുമെന്ന  ഭയമാണ്  അതിനുള്ള കാരണം.  ഇത് പച്ചയായ ശിര്‍ക്കാണ്‌ 

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാനും സഹായിക്കുവാനും കഴിവുള്ളവന്‍ അല്ലാഹു  മാത്രമാണ് .



إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾



[67:12]  തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാനും സഹായിക്കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്  എന്നതിനാല്‍  അത്തരത്തില്‍  ഉള്ള എല്ലാ ഭയവും അല്ലാഹുവിനോട് മാത്രമായിരിക്കണം. 
 ഈ ഭയം ഖബറുകളില്‍  എന്നോ മരണപ്പെട്ടുപോയവരോട് ഉണ്ടാവാന്‍ പാടില്ല . തങ്ങളോടും  ബീവിയോടും സിദ്ധനോടും ജിന്നിനോടും മലക്കിനോടും ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു സൃഷ്ടിയോടും പാടുള്ളതല്ല . അതെല്ലാം ശിര്‍ക്കാണ്‌   


ഗുഹയില്‍ അകപ്പെട്ട ആളുകള്‍  മുന്പ്  ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍  എടുത്തു പറഞ്ഞുകൊണ്ട് കൊണ്ട് അതിനെ  മുന്‍ നിര്‍ത്തി അല്ലാഹുവിനോട് നടത്തിയ തവസ്സുലായ പ്രാര്‍ഥനയെ കുറിച്ച്  വിശദീകരിക്കുന്ന  ദീര്‍ഘവും സുപ്രസിദ്ധവുമായ ഒരു ഹദീസില്‍ ..... വ്യഭിചരിക്കാന്‍ വേണ്ടി എല്ലാ സാഹചര്യങ്ങളും ഒത്ത് വന്നപ്പോള്‍  അതിന് വിധേയമാക്കാന്‍  നിര്‍ബന്ധിക്കപ്പെട്ട  സ്ത്രീ  "നീ അല്ലാഹുവിനെ ഭയപ്പെടുക" എന്ന് പറഞ്ഞപ്പോള്‍  ആ ഉദ്യമത്തില്‍ നിന്ന്  ആ വ്യക്തി പിന്മാറിയപ്പോള്‍ അതിനടിസ്ഥാനമായ  ആ ഭയം.

അതേ..  രഹസ്യമായും പരസ്യമായും ,  നാം കാണുന്നില്ലെങ്കിലും  നമ്മെ കാണുന്നവനായ,   നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനായ  റബ്ബിനെ ഭയപ്പെട്ടുകൊണ്ട്,   നരകശിക്ഷയെ ഭയപ്പെട്ടുകൊണ്ട് ,  അല്ലാഹുവിന്‍റെ  തൃപ്തി ലഭിച്ചു കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി പരിശ്രമിച്ചു കൊണ്ട്  ജീവിക്കുന്നവനാണ് യഥാര്‍ത്ഥ സത്യവിശ്വാസി .


إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴿٨﴾
  

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. (7) അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌. (8)

പരമകാരുണ്യവാനായ , കരുണാവാരിധിയായ  അല്ലാഹു  സുബ്ഹാനഹു വതആലാ  നമ്മളെയെല്ലാം  അത്തരത്തിലുള്ള യഥാര്‍ത്ഥ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ..  ആമീന്‍